നറുക്കെടുപ്പ് കൃത്രിമം: വിദേശികള്‍ അടക്കം 58 പേര്‍ നിരീക്ഷണത്തില്‍; കഴിഞ്ഞ പത്ത് വര്‍ഷത്തെ നറുക്കെടുപ്പുകള്‍ പരിശോധിക്കും

Mail This Article
കുവൈത്ത് സിറ്റി ∙ യാ ഹാല റാഫിള്‍ ഡ്രോയുമായി ബന്ധപ്പെട്ട് കൃത്രിമം സംബന്ധിച്ച് ശക്തമായ അന്വേഷണത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ആഭ്യന്തരം-വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ടാസ്‌ക് ഫേഴ്‌സ്. ഇതിനോടകം, പ്രധാന പ്രതികളായ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഈജിപ്ഷ്യന്‍ ദമ്പതികള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കൂടാതെ 58 പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലുണ്ടെന്ന് സുരക്ഷ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട്. ഇതില്‍ 25 പേര്‍ വിദേശികളാണ്. ഇവര്‍ക്ക് എതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015-മുതലുള്ള എല്ലാ നറുക്കെടുപ്പുകളെ കുറിച്ച് പരിശോധിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഒന്നിലധികം തവണ നറുക്കെടുപ്പ് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളവരെയും ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയപട്ടികയിലുള്ള മൂന്ന് വിദേശികള്‍ രാജ്യം വിടാന്‍ ശ്രമിച്ചു. തുടർന്ന് ഇവരെ അധികൃതർ പിടിക്കൂടി.
സംശയിക്കപ്പെടുന്ന വിശേികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളം, റോഡ്-കടല്‍ മാര്‍ഗമുള്ള എല്ലാ ചെക്ക്‌പോസ്റ്റുകളിലും ലുക്ക്ഔട്ട് നോട്ടിസ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തും പ്രതികള്‍ ഉള്ളതായി അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ഇവരെ നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ യാ ഹാല നറുക്കെടുപ്പില്‍ വാണിജ്യ-മന്ത്രാലയം ഉദ്യോഗസ്ഥന്റെ നേത്യത്വത്തില്‍ നടത്തിയ തട്ടിപ്പാണ് രാജ്യത്തിന് കളങ്കമുണ്ടാക്കിയത്. നറുക്കെടുപ്പ്, ലൈവായി വിഡിയോയില്‍ ചിത്രീകരിച്ച ഒരു സുരക്ഷ സേനയിലെ ജീവനക്കാരനാണ് കൃത്രിമം കണ്ടെത്തിയത്. വിഡിയോയില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നറുക്കെടുത്ത കൂപ്പണ്‍ മാറ്റുന്നത് പതിഞ്ഞു. ഇത് മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണമാണ് വലിയ ശൃഖംല പൊളിച്ചടുക്കാനായത്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ നറുക്കെടുപ്പുകളിലും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യം നിര്‍ബന്ധമാണ്. പ്രതിയായ ഉദ്യോഗസ്ഥന്‍ റാഫിള്‍ ഡ്രോ വിഭാഗത്തിന്റെ മേധാവിയായിരുന്നു. ഇദ്ദേഹത്തിന്റെ നേത്യത്വത്തിലാണ് തട്ടിപ്പ് എന്നത് വളരെ ഗൗരവത്തോടെ അധികൃതര്‍ കാണുന്നത്. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്ത് പ്രതികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒൻപതാമത് യാ ഹാല നറുക്കെടുപ്പ് ഏപ്രില്‍ 5 ന്
നറുക്കെടുപ്പിലെ ക്യത്രിമത്തെ തുടര്‍ന്ന് മാറ്റിവച്ച ഒൻപതാമത് യാ ഹാല റാഫിള്‍ ഡ്രോ അടുത്തമാസം 5 ന് നടക്കുമെന്ന് റാഫിള്‍ ആന്‍ഡ് പ്രമോഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. നാസര്‍ അല്‍ മരാഗി അറിയിച്ചു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 24-നാണ് വാണിജ്യമന്ത്രാലയം സൂപ്പര്‍വൈസര്‍ കമ്മിറ്റി രൂപീകരിച്ചത്. സുതാര്യമായ നടപടികളിലൂടെ പൊതുജന വിശ്വാസം വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം എന്ന് ഡോ. നാസര്‍ വ്യക്തമാക്കി. ഏപ്രില്‍ 5-നാണ് പത്താമത്തെ നറുക്കെടുപ്പും നടക്കുന്നത്.