ടാക്സി വിളിക്കുമ്പോൾ മീറ്റർ 'ഓൺ' അല്ലെങ്കിൽ യാത്ര സൗജന്യം; ഡ്രൈവർമാർക്ക് സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ 'പണി'

Mail This Article
റിയാദ് ∙ യാത്രയ്ക്കായി ടാക്സിയിൽ കയറുമ്പോൾ ഡ്രൈവർ ഫെയർ മീറ്റർ ഇട്ടിട്ടുണ്ടോയെന്ന് ശ്രദ്ധിക്കാൻ മറക്കേണ്ട. മീറ്റർ ഇടാതെയാണ് വാഹനം ഓടിച്ചതെങ്കിൽ യാത്ര സൗജന്യമെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ).
അധികൃതരുടെ പുതിയ തീരുമാനം നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്ന ടാക്സി ഡ്രൈവർമാർക്ക് തിരിച്ചടിയാകും. രാജ്യത്തെ എല്ലാ ടാക്സി ഡ്രൈവർമാരും യാത്ര തുടങ്ങുമ്പോൾ തന്നെ നിർബന്ധമായും മീറ്റർ ഓൺ ആക്കിയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. അല്ലാത്തപക്ഷം ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ സൗജന്യ യാത്ര നടത്താനുള്ള അവകാശം യാത്രക്കാരനുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ടാക്സി സർവീസുകളുടെ നിലവാരം ഉയർത്താനും യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നത് പ്രതിരോധിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി. രാജ്യത്തെ താമസക്കാർ, സന്ദർശകർ, തീർഥാടകർ തുടങ്ങി എല്ലാ യാത്രക്കാർക്കുമുള്ള സേവനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അധികൃതരെ അറിയിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. സൗദിയിലെ വിശുദ്ധ നഗരങ്ങളിലേക്ക് ടാക്സി വിളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യാത്രക്കാരന്റെ അവകാശങ്ങളെക്കുറിച്ചുമെല്ലാം തീർഥാടകർക്കുള്ള ബോധവൽക്കരണ സെന്ററിൽ നിന്നും ലഭ്യമാണ്.