വലിയ സ്വപ്നങ്ങളുമായി ബിവൈഡി തായ്‌ലൻഡിൽ
Mail This Article
ബാങ്കോക്ക് ∙ ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി തായ്‌ലൻഡിൽ ഇലക്ട്രിക് കാർ (ഇവി) നിർമാണ പ്ലാന്റ് തുറന്നു. വെറും 16 മാസം കൊണ്ടാണ് ബാങ്കോക്കിനു സമീപം റയോങ്ങിൽ പ്ലാന്റ് സ്ഥാപിച്ചത്. പ്രതിവർഷം ഒന്നരലക്ഷം കാറുകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്.
തെക്കു കിഴക്കൻ ഏഷ്യയ്ക്കു പുറമേ സമ്പന്ന വിപണികളായ യൂറോപ്പിലേക്കും യുഎസിലേക്കും കൂടുതൽ വിൽപന ലക്ഷ്യമിട്ടാണ് തായ്‌ലൻഡിൽ പ്ലാന്റ് തുറന്നത്. ചൈനയിൽ നിർമിക്കുന്ന ഇലക്ട്രിക് കാറുകൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം യൂറോപ്യൻ യൂണിയൻ (ഇയു) നടപ്പാക്കാനിരിക്കെയാണ് ചൈനയ്ക്കു പുറത്ത് വൻ പ്ലാന്റ് വരുന്നത്. വിലക്കുറവുള്ള ഇറക്കുമതി ഉൽപന്നങ്ങൾ അമിതമായി വിറ്റഴിക്കുന്നതിനെ ചെറുക്കുന്നതിനാണ് ഇയു തീരുവ കൂട്ടുന്നത്.
ചൈനീസ് ഇലക്ട്രിക് കാറുകൾക്കുള്ള ഇറക്കുമതി തീരുവ നിലവിലുള്ള 25 ശതമാനത്തിൽ നിന്ന് 100% ആക്കാനുള്ള നടപടികളിലാണ് യുഎസിൽ ബൈഡൻ ഭരണകൂടം. നിലവിൽ വളരെക്കുറച്ച് ചൈനീസ് കാറുകളേ യുഎസ് ഇറക്കുമതി ചെയ്യുന്നുള്ളൂ. എങ്കിലും ആഭ്യന്തര കമ്പനികളുടെ ഉൽപാദനത്തെയും രാജ്യത്തെ തൊഴിൽ ലഭ്യതയെയും ബാധിക്കാതിരിക്കാനാണ് യുഎസ് തീരുവ കൂട്ടുന്നത്.