ഡാർവിന്‍ സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു
Mail This Article
ഡാർവിൻ∙ ഡാർവിന്‍ സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ ആചരിച്ചു. ഡാർവിനിലെ വിശ്വാസികൾ ഒന്നടങ്കം ആഘോഷമാക്കിയ വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന തിരുനാളിന് തുടക്കം കുറിച്ച് ഫാ. ഡെന്നി നെടുംപതാലിലാണ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചത്. തിരുനാളിന്‍റെ പ്രധാന ദിവസങ്ങളിൽ സൺഡേ സ്കൂൾ വാർഷികവും കലാ പരിപാടികളും സമ്മാനദാനവും നടന്നു.
മെൽബൺ രൂപതയിലെ ഫാ. ജോയ്‌സ് കോലംകുഴിയിലിന്‍റെ കാർമികത്വത്തിൽ നടന്ന തിരുനാൾ കുർബാനയിലും തുടർന്നുള്ള പ്രദക്ഷിണത്തിലും കൊടിയിറക്കിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഡാർവിനിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ചടങ്ങുകളിൽ സംബന്ധിച്ചു.
വിശ്വാസികൾ നേർച്ചയായി എത്തിച്ച ആദ്യഫല വസ്തുക്കളുടെ ലേലവും തുടർന്ന് സ്നേഹവിരുന്നും തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. പള്ളി കൈക്കാരന്മാരായ ഡിനു പോൾ, സജി മാത്യു, ഷീന സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച വിവിധ കമ്മിറ്റി അംഗങ്ങൾ ചടങ്ങുകൾക്ക് ഏകോപനം നൽകി.
കുര്യൻ കൈനകരി സംവിധാനം ചെയ്ത ക്രിസ്തീയ നാടകം ആസ്വാദകരിൽ ആവേശം പടർത്തി. കുട്ടികളുടെ സ്റ്റാളുകളും, ചെണ്ടമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും തടിക്കുരിശിന്‍റെയും മുത്തുക്കുടകളുടെയും പൊൻവെള്ളി കുരിശുകളുടെയും പരിശുദ്ധ മാതാവിന്‍റെയും വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും രൂപങ്ങൾ വഹിച്ചു കൊണ്ടുള്ള രൂപക്കൂട്ടിയുടെയും അകമ്പടിയോടെ നടന്ന പ്രദിക്ഷിണം തിരുനാളിന് മാറ്റ് കൂട്ടി.
(വാർത്ത: ഷില്‍വിന്‍ കോട്ടയ്ക്കകത്ത്)