ന്യൂസീലൻഡിൽ ഇംഗ്ലിഷുകാരെ ഇംഗ്ലിഷ് പഠിപ്പിക്കാൻ ഒരു മലയാളി; ഈ ടിപ്സ് അറിഞ്ഞാൽ ആരും ചോദിക്കും 'ഇത്ര സിംപിളായിരുന്നോ?'

Mail This Article
ഓക്ലൻഡ് ∙ ഇംഗ്ലിഷ് ഭാഷയെ പാഷൻ ആയി കാണുന്ന ന്യൂസീലൻഡ് ഓക്ലൻഡിലെ സെക്കൻഡറി സ്കൂൾ അധ്യാപകനായ റോജി വർഗീസ് ഇംഗ്ലിഷ് ഭാഷയുടെ പ്രാധാന്യവും എങ്ങനെയാണ് നല്ല ഇംഗ്ലിഷ് സംസാരിക്കേണ്ടതെന്നും വിശദമാക്കുന്നു.
∙ഇംഗ്ലിഷിനോട് എന്തുകൊണ്ടാണ് ഇത്രയേറെ സ്നേഹം തോന്നിയത്. ചെറുപ്പം മുതൽക്കേയുള്ള താൽപര്യമാണോ അതോ പിന്നീട് തോന്നിയതാണോ?
ചെറുപ്പത്തിൽ ഇംഗ്ലിഷിനോട് പാഷൻ ഉണ്ടായിരുന്നോ എന്നറിയില്ല. ആ കാലത്ത് നമ്മുടെ ഏറ്റവും അടുത്ത ചുറ്റുപാടിൽ സാധ്യമായത് കോൺട്രിബ്യൂട്ട് ചെയ്യുക എന്നതാണ്. എനിക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റുന്നത് ഭാഷ എന്നതായിരുന്നു. അത് സ്റ്റേജിലായാലും ബുക്ക് വായിക്കുമ്പോഴാണെങ്കിലും. സംസാരത്തിൽ വ്യക്തതയാണ് ആളുകൾക്ക് വേണ്ടത്. ശരിയായ വാക്ക് എന്നു പറയുന്നത് നല്ലൊരു പാട്ടു പോലെയാണ്. ഒരേ വിഷയമാണെങ്കിൽ പോലും ആളുകൾ വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് കേൾക്കുന്നത്. അത് നിങ്ങളുടെ വികാരങ്ങളെ ഒരുമിച്ച് കൊണ്ടുവരും. ശരിയായ വാക്ക് ശരിയായ സമയത്ത് പറയാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്.
∙ചെറുപ്പത്തിൽ അധ്യാപകരും രക്ഷിതാക്കളുമെല്ലാം പറയാറുണ്ട് നല്ല ഇംഗ്ലിഷ് സംസാരിക്കുന്നു എന്നെല്ലാം. ഈ 'നല്ല ഇംഗ്ലിഷ്' എന്ന വാക്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
രണ്ട് വശമുണ്ട് അതിന്. ഇന്ത്യയിൽ പ്രസ്റ്റീജ് ആക്സന്റ് അല്ലെങ്കിൽ മൾട്ടി സിലബിക് വാക്കുകളുടെ ഉപയോഗം എപ്പോഴും കൂടുതലാണ്. ബുദ്ധിമുട്ടേറിയ വാക്കുകളാണ് നാട്ടിൽ ഉപയോഗിക്കുന്നത്. പക്ഷേ ഇവിടെ അതുപയോഗിക്കാറില്ല. ലോ ഫ്രീക്വൻസി വാക്കുകൾ എന്നാണ് അതിനെ പറയുന്നത്. ഇത് ഉപയോഗിക്കാൻ ആളുകൾക്ക് വലിയ താൽപര്യമാണ്.
ശശി തരൂരിന്റെ പ്രസംഗം നോക്കിയാൽ ഇന്ത്യയിൽ അദ്ദേഹം നൽകുന്ന അഭിമുഖങ്ങളിൽ ഡെലിബറേറ്റ് ആയി ചില വാക്കുകൾ ഉപയോഗിക്കും. പക്ഷേ ബിബിസിക്ക് നൽകുമ്പോൾ അതുപയോഗിക്കില്ല. ആളുകളെ ഇംപ്രസ് ചെയ്യിക്കാൻ ഇത്തരം വാക്കുകൾ ഉപയോഗിക്കും. നാട്ടിൽ ആളുകൾ എന്താണോ ഇഷ്ടപ്പെടുന്നത് അതനുസരിച്ചായിരിക്കും വാക്കുകളുടെ പ്രയോഗം.
നല്ല ഇംഗ്ലിഷ് എന്നു പറയുന്നത് എന്റെ അഭിപ്രായത്തിൽ എന്താണോ ഉദ്ദേശിക്കുന്നത് അതിന് ഉചിതമായിരിക്കണം എന്നാണ്. 3 ലക്ഷ്യത്തിനാണ് ഭാഷ ഉപയോഗിക്കുന്നത്- To discuss, To debate, To disseminate. ഇൻഫർമേഷൻ നൽകുക, ചർച്ച ചെയ്യുക, വാദിക്കുക എന്നിങ്ങനെ അടിസ്ഥാനപരമായി 3 ഫീച്ചറുകളാണ് ഇംഗ്ലിഷ് സംസാരിക്കാൻ വേണ്ടത്. എക്സീപിരിയൻസ് ആണ് പ്രധാനം- ശരിയായ വാക്ക് ശരിയായ സമയത്ത് ഉപയോഗിക്കാനുള്ള അനുഭവ പരിചയം. ഉചിതമായ ആയ വാക്ക് ആ സാഹചര്യത്തിൽ ഉപയോഗിക്കണമെങ്കിൽ അതിനൊരു ഫീലും വ്യക്തതയും എപ്പോഴും വേണം. എക്സ്പ്രസ് ചെയ്യുന്നതിൽ വ്യക്തത എന്നു പറയുന്നത് പ്രധാനമാണ്. കഠിനാധ്വാനത്തിലൂടെ നേടുന്നതാണിത്. ഒരു വിഷയത്തിൽ സംസാരിക്കാൻ ആ വ്യക്തിക്ക് വലിയ അനുഭവ പരിചയമുണ്ടെന്നതാണ് അത് വ്യക്തമാക്കുന്നത്.
∙എങ്ങനെയാണ് ന്യൂസീലൻഡിലേക്ക് അധ്യാപക ജോലിയിലേക്ക് എത്തിയത്?
നാട്ടിലേക്ക് തിരിച്ചു പോകാനായി വന്നതാണ്. ചേട്ടൻ ഹാമിൽട്ടണിലുണ്ട്. 2005 ലാണ് ഇവിടെ എത്തുന്നത്. ഓപ്പൺ സർവകലാശാലയിൽ പിഎച്ച്ഡി എടുക്കാൻ വന്നതാണ്. നാട്ടിൽ മാസ്റ്റേഴ്സ് ചെയ്ത കൊണ്ട് ഇവിടെ പിഎച്ച്ഡി എടുക്കാൻ പറഞ്ഞു. ലിംഗ്വിസ്റ്റിക് ഫീൽഡിലായിരുന്നു ആദ്യം. ഓക്ലൻഡ് യൂണിവേഴ്സിറ്റിയിൽ ലിംഗ്വിസ്റ്റിക് കോഴ്സിൽ ചേർന്നു. അവിടെ നിന്നാണ് ഓരോന്നായി ഭാഷ എങ്ങനെ പഠിക്കണം, ഭാഷയെ എങ്ങനെ സമീപിക്കണം എന്നെല്ലാം പഠിച്ചത്.
നാട്ടിൽ മിക്ക സ്കൂളിലും അന്ന് തെറ്റിദ്ധാരണയുണ്ടായിരുന്നു.ലിറ്ററേച്ചർ പഠിച്ചാൽ ഭാഷ പഠിപ്പിക്കാൻ പറ്റുമെന്ന്. അതിന്റെ വ്യത്യാസം പഠപ്പിക്കുന്നതിലാണ് പ്രകടമാകുന്നത്. ഷേക്സ്പിയർ വായിച്ചാലുടൻ ഇംഗ്ലിഷ് ഇംപ്രൂവ് ചെയ്യാൻ കഴിയില്ല. വായന ആസ്വദിക്കാമെന്ന് മാത്രം. ലിംഗ്വിസ്റ്റിക് കോഴ്സും ലിറ്ററേച്ചറും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അങ്ങനെ പഠിപ്പിച്ച് പഠിപ്പിച്ചാണ് അനുഭവ പരിചയമുണ്ടാകുന്നത്. അങ്ങനെ വേണം ഭാഷ മെച്ചപ്പെടുത്താൻ.
∙ലിംഗ്വിസ്റ്റിക് കോഴ്സും ലിറ്ററേച്ചറും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആ ഒരു വ്യത്യസ്തമായ സമീപനവുമായി റോജി എങ്ങനെയാണ് മുന്നോട്ട് പോയത്.?.
ലിംഗ്വിസ്റ്റിക് ഭാഷാ ഉപയോഗം പരീക്ഷിക്കാനുള്ള ഏക മാർഗം അധ്യാപനം മാത്രമാണ്. ലിംഗ്വിസ്റ്റികിന് മറ്റൊരു ഉപയോഗം എന്നത് ഉദാഹരണത്തിന് ജിപിഎസ് ഇടുമ്പോൾ കുറേ വാക്കുകൾ അവർ ഉപയോഗിക്കാറില്ലേ ചെയ്യും. സ്റ്റേജിൽ നാടകം കളിക്കുമ്പോഴും അങ്ങനെയാണ്. ചില വാക്കുകൾ ഒരുമിച്ചാണ് നാം ഉപയോഗിക്കുന്നത്. ഐസലേറ്റഡ് ആയി ഒരു വാക്ക് ഒരിക്കലും പഠിക്കരുത്. അങ്ങനെ ഉപയോഗിച്ചാൽ ഒരു വാക്കിനെ മറ്റൊരു വാക്കിന് പകരമായി ഉപയോഗിക്കാൻ കഴിയില്ല.
അധ്യാപനം ആണ് ലിംഗ്വിസ്റ്റിക് ഉപയോഗിക്കുന്നതിന് ഏറ്റവും നല്ല മാർഗം. ഡെലിബറേറ്റ് ആയി ഇംഗ്ലിഷ് വാക്കുകൾ ഉപയോഗിക്കണം. ഇത് എല്ലാവർക്കും കിട്ടണമെന്നില്ല. മാതൃഭാഷയിൽ പോലും അങ്ങനെ ഡെലിബറേറ്റ് ആകുന്നില്ല. ഈ ഒരു മെന്റാലിറ്റി ഉണ്ടെങ്കിൽ ഇംഗ്ലിഷിൽ ഫ്ളുവന്റ് ആകാം.
∙ ഇംഗ്ലിഷ് സെക്കൻഡ് ലാംഗ്വേജ് ആയിട്ടുള്ളവർ ചിന്തിക്കുന്നത് മാതൃഭാഷയിലായിരിക്കും. മനസിലിട്ട് അത് വിവർത്തനം ചെയ്ത് ഇംഗ്ലിഷ് ആയിട്ടാണ് സംസാരിക്കുന്നത്. ഇത്തരം പ്രൊസസ് കൊണ്ടുള്ള ലിമിറ്റേഷൻസ് ഉണ്ടോ അത്തരം സാഹചര്യങ്ങളുമായി ഇടപെടിട്ടുണ്ടോ?
അങ്ങനെ ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ അത് വേഗത്തിൽ ചെയ്യണമെന്നാണ് ഞാൻ പറയുന്നത്. ചെയ്യുന്നത് തെറ്റല്ല. അത് പ്രാക്ടീസ് ചെയ്യണം. എന്നേയുള്ളു. പ്രാക്ടീസ് ആയി കഴിഞ്ഞാൽ ട്രാൻസ്ലേഷൻ മറന്ന് ഓട്ടമാറ്റിക്കായി സംസാര രീതിയിലും ചിന്തയിലുമെല്ലാം ആ വാക്കുകൾ താനേയെത്തും.
∙ഇംഗ്ലിഷ് സംസാരിക്കുന്നവർ അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ പഠിച്ച മലയാളികൾ ന്യൂസീലൻഡിൽ വരുന്നു. എത്ര ഫ്ളുവന്റ് ആണെങ്കിലും ഇവിടുത്തെ ആക്സന്റുമായി പരിചയമാകാൻ കുറച്ച് സമയമെടുക്കും. ഇതിനെന്തെങ്കിലും ടിപ് ഉണ്ടോ?
ആളുകൾ ആക്സന്റ് ഇമിറ്റേറ്റ് ചെയ്യാറുണ്ട്. ചിലപ്പോ അത് ചിലർക്ക് ദൈവം നൽകുന്ന അനുഗ്രഹമാണ്. അത്തരം സാഹചര്യത്തിൽ ജീവിക്കുമ്പോൾ അത് സാധിക്കും. പക്ഷേ ഞാൻ അതിനെതിരാണ്. ക്ലാരിറ്റിയിലാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്. വാക്കുകൾ സംസാരിക്കുമ്പോൾ അതിന്റെ അർഥം മനസിലാക്കണം. സംസാരിക്കുന്ന രീതിയേക്കാൾ അതിന്റെ അർഥം മനസിലാക്കണം. ആക്സന്റ് കൃത്യമാണെങ്കിലും വാക്കുകളുടെ അർഥം മനസിലാക്കി വേണം സംസാരിക്കാൻ. ഇവിടുത്തെ ആക്സന്റിൽ സംസാരിക്കുമ്പോൾ ഈ രാജ്യത്താണ് ജീവിച്ചതും വളർന്നതും എന്നു തോന്നും. അപ്പോ സ്വദേശികൾക്ക് കൂടുതൽ പരിചയം തോന്നും.
എന്നാൽ ഓഫിസ് സാഹചര്യമെങ്കിൽ ക്ലാരിറ്റിയിൽ ഫോക്കസ് ചെയ്യണം. അതിനായി മലയാളം സംസാരിക്കുന്നതു പോലെ ക്യത്യതയും ഫ്ളുവൻസിയും വേണം. പ്രാക്ടീസിലൂടെ വേണം ഫ്ളുവന്റ് ആകാൻ. പക്ഷേ കൃത്യത എന്നത് ബുദ്ധിമുട്ടാണ്. ഗ്രാമർ കാര്യത്തിൽ മാത്രമല്ല വാക്കുകളുടെ തിരഞ്ഞെടുപ്പിലും കൃത്യത വേണം.
കൂട്ടായ്മയിൽ ചെല്ലുമ്പോൾ ആളുകൾ മുഴുവൻ വാചകവും പറയില്ല. ഗ്രാമർ ഇല്ലെങ്കിലും വാക്കുകളിൽ കൃത്യതയുണ്ടായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. ആക്സന്റിനേക്കാൾ ക്ലാരിറ്റിയോടു കൂടി നല്ല വാക്കുകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
∙ വൊക്കാബലറി ഇംപ്രൂവ് ചെയ്യുന്നതെങ്ങനെയാണ്?
സ്വന്തം സാഹചര്യങ്ങൾ മനസിലാക്കണം. ഉദാഹരണത്തിന് ബിപുലസ് എന്ന വാക്ക്– മദ്യം കഴിക്കാൻ താൽപര്യമുള്ള വ്യക്തി എന്നാണ് അർഥം. ഈ ആറ്റിറ്റ്യൂഡ് പ്രകടിപ്പിക്കാൻ ഇതുപയോഗിക്കാം. ലാക്കോ ഡെയ്സിക്കോ എന്നൊരു വാക്കുണ്ട്. അലസമായ സമീപനം എന്നാണ് അർഥം. ഇത്തരത്തിൽ നമ്മുടെ സാഹചര്യങ്ങളെ എക്സ്പ്രസ് ചെയ്യാൻ നമ്മൾ തന്നെ വാക്കുകൾ കണ്ടെത്തണം. വൊക്കാബലറി തനിയെ മെച്ചപ്പെടും. ഐസലേറ്റഡ് ആയി വാക്കുകൾ പഠിച്ചാൽ അവ മറന്നു പോകും. ചുറ്റുമുള്ളവയെ പ്രകടമാക്കാൻ വാക്കുകൾ സാഹചര്യമനുസരിച്ച് വാക്കുകൾ പഠിക്കണം.
∙നമ്മെ പോലുള്ള കുടിയേറ്റക്കാർ ഓഫിസുകളിൽ ഒരു പരിധി വരെ വലിയ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലിഷ് പറയും. എന്നാൽ പലപ്പോഴും ഭാഷയുടെ കാര്യത്തിൽ പിറകോട്ട് പോകുന്നുണ്ട് ചെറിയ ചിറ്റ് ചാറ്റുകൾ, കാഷ്വൽ ടോക്കുകൾ എന്നിവയിൽ ഈസിയായി സംസാരിക്കാനുള്ള ടിപ് എന്താണ്.?
ഓഫിസ് സാഹചര്യങ്ങളിൽ ഒരേ വിഷയം പല തവണ സംസാരിക്കും. ഈ ആവർത്തനം വലിയ ഗുണം ചെയ്യും. പരിചിതമാകാൻ അതേ വാക്ക് മറ്റൊരാളുടെ അടുത്ത് വീണ്ടും ഉപയോഗിക്കാം. വീട്ടിൽ നന്നായി പ്രാക്ടീസ് ചെയ്യണം. ചെറു വർത്തമാനങ്ങളിൽ ചെറിയ വാചകങ്ങൾ വേണം അതിൽ ഗ്രാമറിനെക്കുറിച്ച് അധികം ചിന്ത വേണ്ട.
∙ കൂട്ടായ്മകളിൽ പോകുമ്പോൾ കുറച്ചുകൂടി ഇടപഴകാൻ എങ്ങനെ വാക്കുകൾ ഉപയോഗിക്കണം.?
ചെറിയ സംസാരങ്ങൾ വളരെ ഈസിയാണ്. രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ ചിലപ്പോൾ കഴിക്കുന്ന ഭക്ഷണം അല്ലെങ്കിൽ വീട്ടുവിശേഷങ്ങളാകും അതേസമയം മീറ്റിങ്ങുകളിൽ സംസാരിക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. സംസാരിക്കേണ്ട ഉള്ളടക്കത്തിൽ അഗ്രഗണ്യനായിരിക്കും. പക്ഷേ അത് വിശദമാക്കുന്നതിലാണ് കഴിവ്. എല്ലാവരുടെയും ശ്രദ്ധ നേടണം. സീരിയസ് വിഷയമെടുത്ത് വിശദമാക്കണം. അതിന് പ്രാക്ടീസ് വേണം. വാക്കുകളുടെ തിരഞ്ഞെടുപ്പ് നല്ലതായിരിക്കണം. ചാറ്റ് ജിപി, എഐ എല്ലാം ചില രീതിയിൽ ഇവിടെ ഉപയോഗിക്കാം. വലിയ കട്ടിയുള്ള വിഷയം വളരെ നന്നായി അവതരിപ്പിക്കാൻ ഇതെല്ലാം സഹായിക്കും. ശൈലിയും പ്രയോഗങ്ങളും ഉപയോഗിക്കണം. ശരാശരി നേറ്റീവ് സ്പീക്കർമാരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം.
∙മീറ്റിങ്ങുകളിൽ ആശയങ്ങളുണ്ടാകും, പക്ഷേ ഒരു ഗ്രൂപ്പിനൊപ്പം ഇരിക്കുമ്പോൾ എപ്പോഴാണ് സംസാരിക്കേണ്ടത് അല്ലെങ്കിൽ സംസാരിച്ചാൽ ശരിയാകുമോ എന്നൊക്കെയുള്ള പേടിയുണ്ടാകും. അതെങ്ങനെയാണ് പരിഹരിക്കേണ്ടത്?.
പ്രാക്ടീസിലൂടെ വേണം നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന വ്യക്തിയായി മാറാൻ. ഒരുആശയം കിട്ടിയാൽ അത് വേഗം എഴുതിയിടണം. മറന്നു പോകാതിരിക്കാൻ അത് സഹായിക്കും ആശയം വ്യക്തതയോടെ പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് ഇടയ്ക്ക് ഓർമിക്കുമ്പോൾ തന്നെ എഴുതി വെയ്ക്കുക. ഒരു നല്ല കമന്റ് പറഞ്ഞിട്ടാണ് നമ്മൾ നമ്മുടെ ഐഡിയ പറയേണ്ടത്. അങ്ങനെയും കാര്യങ്ങൾ അവതരിപ്പിക്കാം. നല്ല തയാറെടുപ്പ് ആവശ്യമാണ് നല്ല ഇംഗ്ലിഷ് സംസാരിക്കാൻ. ഇംഗ്ലിഷ് വെറുമൊരു ഭാഷ എന്നു കാണാതെ ഇംഗ്ലിഷിൽ നന്നായി സംസാരിക്കണമെങ്കിൽ നല്ല കഠിനാധ്വാനം വേണം.