ഉത്തരക്കടലാസ് വിറ്റുപോയത് ആറരലക്ഷം രൂപയ്ക്ക്; പ്രണയസമ്മാനങ്ങൾ ഒന്നരക്കോടി രൂപയ്ക്ക് ലേലം ചെയ്ത് ആദ്യ കാമുകി

Mail This Article
രാവണപ്രഭുവിൽ മംഗലശേരി നീലകണ്ഠൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഇത് അയാളുടെ കാലമല്ലേ.... കാർത്തികേയൻ മുതലാളിയുടെ കാലം. ഏതാണ്ട് അതേ ഡയലോഗാണ് അങ്ങ് യുഎസിൽ. ഇപ്പോൾ അയാളുടെ കാലമാണ്. ഇലോൺ മസ്കിന്റെ. പണ്ടുകാലത്ത് വ്യവസായ രംഗത്തും സമൂഹമാധ്യമങ്ങളിലും തിളങ്ങിനിന്ന മസ്ക് ഇന്ന് യുഎസ് ഭരണചക്രത്തിലും അതുവഴി ലോകരാഷ്ട്രീയത്തിലും ശ്രദ്ധേയ സ്ഥാനം നേടിയിട്ടുണ്ട്.
മസ്കിന്റെ പ്രണയചരിത്രവും വളരെ ബൃഹത്താണ്. പല വനിതകളിലായി 14 മക്കൾ. മസ്കിന്റെ ജീവിതത്തിൽ അനേകം കാമുകിമാർ ഉണ്ടായിട്ടുണ്ട്. ഹോളിവുഡ് നടി ആംബർ ഹേർഡ് ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽപെടും. മസ്ക് യുഎസിലെത്തിയശേഷം അദ്ദേഹത്തിന്റെ ആദ്യ കാമുകി ജെന്നിഫർ ഗ്വൈൻ എന്ന വ്യക്തിയായിരുന്നു. ഇന്ന് മക്കേഴ്സൻ എന്ന ആരോഗ്യരംഗത്തെ സ്ഥാപനത്തിൽ സീനിയർ ഇൻവെന്ററി അനലിസ്റ്റ് എന്ന തസ്തികയിൽ ജോലി ചെയ്യുകയാണു ജെന്നിഫർ.
തൊണ്ണൂറുകളിൽ പെൻസിൽവേനിയ സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെയാണു മസ്ക് ജെന്നിഫറിനെ പരിചയപ്പെടുന്നത്. ഒരു വർഷത്തോളം ഈ പ്രണയം നീണ്ടുനിന്നു. അതിനുശേഷം ജെന്നിഫറിന് തന്റെ പഠനത്തിന്റെ ഭാഗമായി വിദേശത്തു പോകേണ്ടി വന്നു. ഇതോടെ ഈ ബന്ധം ഉലഞ്ഞു തുടങ്ങി. മസ്കിന് ഫോണിലൂടെ ബന്ധം തുടരുന്നതിൽ താൽപര്യം ഇല്ലായിരുന്നു. ഫോണിൽ സംസാരിക്കുന്നത് സമയം നഷ്ടപ്പെടുത്തലാണെന്നായിരുന്നു മസ്കിന്റെ വാദം. അങ്ങനെ ഇരുവരും വേർപിരിഞ്ഞു.
ഹ്രസ്വകാലത്തെ പ്രണയമേ ഉണ്ടായിരുന്നുള്ളുവെങ്കിലും തങ്ങൾ വളരെ അടുപ്പം പുലർത്തിയിരുന്നെന്ന് ജെന്നിഫർ പറയുന്നു. ഇലോൺ മസ്കിന്റെ അമ്മ മയേ, സഹോദരങ്ങളായ കിംബാൽ, ടോസ്ക തുടങ്ങിയവരുമായും ജെന്നിഫർ പരിചിതയായിരുന്നു.
പ്രണയകാലത്ത് ഇലോൺ മസ്ക് വിലപിടിപ്പുള്ള ചില സമ്മാനങ്ങൾ ജെന്നിഫറിനു നൽകിയിരുന്നു. 14 കാരറ്റ് ഗോൾഡ് നെക്ലേസ്, മസ്കിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള ഖനിയിൽ നിന്നു ലഭിച്ച മരതക ലോക്കറ്റ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും.
ഇലോൺ മസ്ക് ഉന്നതബിരുദ വിദ്യാർഥിയായിരിക്കേ സർവകലാശാലയിൽ അധ്യാപന ജോലികളിൽ പങ്കെടുത്തിരുന്നു. അക്കാലത്തൊരിക്കൽ മസ്ക് തിരുത്തി നൽകിയ ഒരു ഉത്തരക്കടലാസ് പിൽക്കാലത്ത് ആറരലക്ഷം രൂപയിലധികം തുകയ്ക്ക് വിറ്റുപോയിരുന്നു. ഈ വാർത്ത കണ്ട് ജെന്നിഫർ, മസ്ക് പണ്ടു തനിക്കു നൽകിയ പ്രണയ ഉപഹാരങ്ങളും പിറന്നാൾ ആശംസ കാർഡുകളും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളുമെല്ലാം ലേലം ചെയ്തു. ഒന്നരക്കോടിയോളം രൂപയാണ് ഇതുവഴി ജെന്നിഫർ സമാഹരിച്ചത്. ഈ തുകയിൽ ഒരു ഭാഗം ചാരിറ്റി പ്രവർത്തനത്തിനും അവർ ഉപയോഗിച്ചു.