ADVERTISEMENT

‘ഡോക്ടർ, എനിക്ക് കീമോതെറാപ്പി എടുക്കുന്നതിന് പേടിയില്ല. ഞാൻ ഛർദ്ദിച്ചാലും സാരമില്ല, പക്ഷേ എന്റെ മുടി പോകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല’.   

‘ഡോക്ടർ, എനിക്ക് മുടി പോകാത്ത തരം കീമോ തന്നു കൂടെ. എന്റെ ആന്റി പറഞ്ഞല്ലോ,  ആന്റിക്ക് കീമോ എടുത്തപ്പോൾ മുടി പോയില്ല എന്ന്.’ 

എത്രയോ വട്ടം ഇതെല്ലാം കേട്ടിരിക്കുന്നു...

ഒരു പക്ഷേ കീമോതെറാപ്പി എന്നുകേൾക്കുമ്പോൾ ആളുകൾ ഏറ്റവും ഭയക്കുന്നത് മുടികൊഴിച്ചിലിനെ ആണ്. എന്നാൽ ഓർക്കുക, കീമോതെറാപ്പിയുടെ അനേകം പാർശ്വഫലങ്ങളിൽ ഒന്ന് മാത്രമാണ് മുടി കൊഴിച്ചിൽ.

എന്തുകൊണ്ട് കീമോ എടുക്കുമ്പോൾ ചിലർക്ക് മുടി കൊഴിയുന്നില്ല?

ഓരോ തരം കാൻസറിനും ഓരോ തരം കീമോ ആണ് നൽകുക. ചില കീമോ മരുന്നുകൾക്ക് മുടി കൊഴിച്ചിൽ ഉണ്ടാക്കാനുള്ള സാധ്യത കുറവാണ്. ഉദാ: വൻകുടൽ കാൻസർ ചികിത്സയിൽ നൽകുന്ന ചില മരുന്നുകൾ, ശ്വാസകോശ കാൻസർ രോഗികൾക്ക് നൽകുന്ന ചില കീമോ മരുന്നുകൾ, പുതിയ ചികിത്സാ രീതിയിൽ പെടുന്ന ഇമ്മ്യൂണോ തെറാപ്പി, മിക്ക ടാർജറ്റ്ഡ് ചികിത്സാ മരുന്നുകൾ തുടങ്ങിയവ

ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട് ... മുടി കൊഴിച്ചിൽ ഏറ്റവും അധികമായി മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സ്ത്രീകൾക്കാണ്. സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ബ്രസ്റ്റ് കാൻസർ ആണ് എന്നറിയാമല്ലോ. ഈ രോഗികളിൽ പ്രത്യേകിച്ച് ഓപ്പറേഷനു ശേഷം കൊടുക്കുന്ന മരുന്നുകൾ എല്ലാം തന്നെ മുടി കൊഴിച്ചിൽ ഉണ്ടാക്കുന്നവയാണ്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്.

"ഡോക്ടർ, എന്റെ മുടി പോയില്ലല്ലോ, മരുന്ന് ഫലിക്കുന്നില്ലേ ?"  

അല്ലെങ്കിൽ 

“ഡോക്ടർ മുടി ഒക്കെ പോയി കേട്ടോ,  മരുന്ന് ഫലിക്കുന്നുണ്ടാവും അല്ലേ? 

ഇതാണ് മറ്റൊരു സ്ഥിരം സംശയം. 

ശ്രദ്ധിച്ചു കൊള്ളൂ, മുടികൊഴിച്ചിലും മരുന്നിന്റെ ഫലപ്രാപ്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഏത് മരുന്നാണ് നൽകുന്നത് എന്നത് അനുസരിച്ചാണ് മുടി പോകുന്നത്

കീമോതെറാപ്പി തുടങ്ങി ഉടനെ തന്നെ മുടി പോകുമോ? 

സാധാരണ രീതിയിൽ കീമോതെറാപ്പി ആരംഭിച്ച് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആണ് സാധാരണയായി മുടി കൊഴിയുക. പോകുമ്പോൾ, ഒറ്റയടിക്ക് മുടി പൊഴിഞ്ഞു പോയേക്കാം. മുടി കൊഴിയുന്നതിന്റെ ഭാഗമായി തലയിൽ സൂചി കുത്തുന്ന പോലെത്തെ അനുഭവം ഉണ്ടായേക്കാം. മുടിയോടൊപ്പം കൺപീലികളും പുരികങ്ങളും നഷ്ടപ്പെട്ടേക്കാം.

വിഗ് വയ്ക്കണോ? വയ്ക്കണം എന്നുണ്ടോ? 

മുടി കൊഴിഞ്ഞതിനു ശേഷം വിഗ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. അത് രോഗിയുടെ താത്പര്യം അനുസരിച്ച്  തീരുമാനിക്കേണ്ട ഒന്നാണ്. വിഗ് ഉപയോഗിക്കുന്നില്ല എങ്കിൽ ഒരു സ്കാർഫ് വച്ചിട്ടാണെങ്കിലും തല മൂടാവുന്നതാണ് . 

“ഡോക്ടർ, എന്നോട് മുടി പോകില്ല എന്നല്ലേ പറഞ്ഞിരുന്നത്.എന്നിട്ട് നോക്കൂ എന്റെ മുടിയെല്ലാം പോകുന്നു.”

ഇത് ഒരു സ്ഥിരം പരാതി ആണ്. മുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പൊതുവെ മുടിയുടെ ആരോഗ്യം കുറവാണെങ്കിൽ ചിലപ്പോൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ മുടി കൊഴിച്ചിൽ ഉണ്ടായേക്കാം.

ചികിത്സയ്ക്ക് ശേഷം എന്നാണ് മുടി തിരികെ വളരുന്നത്? 

കീമോ തെറാപ്പി തീർന്നതിനു ശേഷം ആറ്  മുതൽ പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ മുടി തിരികെ വളരാൻ തുടങ്ങും. 

ഓർക്കുക, മുടി തിരിച്ചുവളരാത്ത ചരിത്രമില്ല.

എല്ലാവരിലും പഴയപടി മുടി വരണമെന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. തിരികെ വളരുന്ന മുടി, പ്രത്യേകിച്ച് ആദ്യകാലങ്ങളിൽ, ചുരുണ്ടതോ നരച്ചതോ ആകാം. അതിൽ അസ്വാഭാവികത ഒന്നുമില്ല. മുടിയുടെ സംരക്ഷണത്തിന് പ്രത്യേക കരുതൽ  കൊടുക്കുക. മുടിപൂർണമായി വളർന്ന ശേഷം മാത്രം ഡൈ ഉപയോഗിക്കുക.

തലയിൽ റേഡിയേഷൻ ചികിത്സ നടത്തിയവരിൽ മുടി തിരികെ വളരാൻ ബുദ്ധിമുട്ട് ആണെന്ന് അറിയുക.

മുടി തിരികെ പെട്ടെന്ന് വളരുന്നതിന് എന്തെങ്കിലും വഴിയുണ്ടോ? 

അങ്ങനെ സൂത്ര പണികൾ ഒന്നുമില്ല. മുടിയുടെ ആരോഗ്യത്തിന് പൊതുവെ ചെയ്യുന്നതെല്ലാം ചെയ്യാവുന്നതാണ്. ഉദാ വെളിച്ചെണ്ണ തേക്കുന്നത്. തൃപ്തി ആവുന്നില്ല എങ്കിൽ ഒരു സ്കിൻ സ്പെഷലിസ്റ്റിനെ കാണിക്കാവുന്നതാണ്.

മുടി കൊഴിച്ചിൽ ഉണ്ടാവാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? 

കീമോതെറാപ്പി  മരുന്നുകൾ എടുക്കുന്ന സമയത്ത്  തല തണുപ്പിക്കുന്ന രീതി  ചിലയിടങ്ങളിൽ ലഭ്യമാണ്. 40-50 ശതമാനം പേരിൽ മുടി കൊഴിച്ചിൽ ഭാഗികമായി തടയാൻ ഇതുകൊണ്ട് സാധിക്കും. സ്തനാർബുദ രോഗികളിൽ ആണ്  ഇത്  കൂടുതലായി ഉപയോഗിക്കുന്നത്. ചില പാർശ്വഫലങ്ങൾ  മൂലം പൊതുവെ  ഈ ചികിത്സയ്ക്ക് സ്വീകാര്യത കുറവാണ്.

English Summary : Do all chemotherapy treatments cause hair loss?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com