ADVERTISEMENT

വെള്ളപ്പാണ്ട് ഒരു രോഗമെന്നതിനെക്കാളുപരി, സൗന്ദര്യപ്രശ്നമായി കാണുന്നവരാണ് പലരും. ചർമത്തിലെ കോശങ്ങളുടെ നിറത്തിലുണ്ടാകുന്ന ന്യൂനതയാണ് ഈ രോഗത്തിനു കാരണം. വെള്ളപ്പാണ്ട് രോഗിയുടെ മെലാനോസൈറ്റ് കോശങ്ങൾ അവരുടെതന്നെ പ്രതിരോധ വ്യവസ്ഥയാൽ നശിപ്പിക്കപ്പെടുന്നു. അങ്ങനെ മെലാനോസൈറ്റ് കോശങ്ങൾ ഇല്ലാത്ത ഭാഗങ്ങളിൽ മെലാനിൻ ഉൽപ്പാദിപ്പിക്കാനാകാതെ ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടമായി വെളുത്ത നിറം രൂപപ്പെടുന്നു.

ഈ രോഗം പകരുന്നതാണെന്നും ചികിത്സിച്ച് മാറ്റാൻ സാധിക്കില്ലെന്നുമൊക്കെയുള്ള ധാരണയായിരുന്നു മുൻപ് ഉണ്ടായിരുന്നത്. അതുപോലെതന്നെ ലിംഗത്തിലും ചുണ്ടിലും തുടങ്ങിയ ശരീരത്തിലുണ്ടാകുന്ന പാണ്ടുകൾ ലൈംഗികബന്ധത്തിലൂടെ പകരുമെന്ന തെറ്റിധാരണയുമുണ്ടായിരുന്നു. എന്നാൽ ഈ രോഗം നിരുപദ്രവകരവും ചർമത്തിലെ നിറത്തിലുണ്ടാകുന്ന പോരായ്മ മാത്രമാണെന്നതുമാണ് യാഥാർഥ്യം.

മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടും വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാം. വിരലുകൾ, ചുണ്ട്, കണ്ണിനു ചുറ്റുമുള്ള ഭാഗം, സ്തനങ്ങൾ, ലിംഗഭാഗങ്ങൾ, കൈകാലുകൾ എന്നിവിടങ്ങളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. ഒരിടത്തു തുടങ്ങി മറ്റിടത്തേക്കു വ്യാപിക്കുകയോ ഒറ്റപ്പെട്ടു വെളുത്ത നിറമായി നിൽക്കുകയോ ചെയ്യാം. 

വെള്ളപ്പാണ്ടു രോഗം അനായാസമായി ചികിത്സിക്കാവുന്ന ഒന്നല്ല. പക്ഷേ കാലം മാറിയതോടെ കൃത്യമായ ചികിത്സാരീതികളും ഉണ്ടായി. മരുന്നുകൾ കൊണ്ട് മാറ്റാൻ സാധിക്കാത്തവർക്കായി സ്കിൻ ഗ്രാഫ്റ്റിങ്, മെലാനോസൈറ്റ് സെൽ ട്രാൻസ്പ്ലാന്റിങ് തുടങ്ങിയ ചികിത്സാ രീതികളുമുണ്ട്.  

ചർമകോശങ്ങൾക്കു നിറം പകർന്നു നൽകുന്ന മെലാനോസൈറ്റ് കോശങ്ങളെ പ്രത്യേക രീതിയിൽ വേർതിരിച്ച് പാണ്ടുള്ള സ്ഥലത്ത് വച്ചുപിടിപ്പിച്ചതിനുശേഷം ഫോട്ടോ കെമിക്കൽ ചികിത്സകൊണ്ട് ഉദ്ദീപിപ്പിച്ചു ത്വക്കിന്റെ സ്വാഭാവികനിറം കൈവരിക്കുന്ന ചികിത്സാരീതിയാണു മെലാനോസൈറ്റ് സെൽ ട്രാൻസ്പ്ലാന്റ്. നിറവ്യത്യാസം ഏറെ അനുഭവപ്പെടുന്ന ചുണ്ടിലും കൺപോളകളിലും വിരൽത്തുമ്പിലും മൈക്രോ സ്കിൻ ഗ്രാഫ്റ്റിങ് ചെയ്യാവുന്നതാണ്. രോഗബാധിതന്റെ ചർമത്തിൽ രൂപപ്പെടുത്തുന്ന ചെറുകുഴികളിലേക്ക് സമാന ആകൃതിയിലുള്ള ചർമകലകളുടെ ഭാഗങ്ങൾ ഗ്രാഫ്റ്റ് ചെയ്യുകയാണ് ഈ ചികിത്സയിൽ. എന്നാൽ അസുഖം ശക്തികുറഞ്ഞ് അത് ഭാവിയിൽ വ്യാപിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഈ ചികിത്സ തിരഞ്ഞെടുക്കാവൂ. കൃത്യമായി പാലിച്ചില്ലെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത ഭാഗം തിരിച്ചു വെളുത്തു പോകാനും സാധ്യതയുണ്ട്.

English Summary : Leucoderma: Causes and treatment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com