കീറ്റോ ഡയറ്റ് കീമോ തെറാപ്പി സൗഹൃദം; പാന്‍ക്രിയാറ്റിക് അര്‍ബുദ ചികിത്സയുടെ ഭാഗമാക്കാമെന്ന് പഠനം
Mail This Article
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഡയറ്റാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണത്തില്‍ നിന്ന് കുറച്ച് ഊര്‍ജ്ജത്തിനായി പ്രോട്ടീനെയും കൊഴുപ്പിനെയും ആശ്രയിക്കുന്ന ഈ ഡയറ്റിന് ഇന്ന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ സ്ലിമ്മാകാനും ഫിറ്റാകാനും മാത്രമല്ല പാന്‍ക്രിയാറ്റിക് അര്‍ബുദ കോശങ്ങളെ നശിപ്പിക്കാനും കീറ്റോ ഡയറ്റ് പ്രയോജനപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
പാന്‍ക്രിയാസിലെ മുഴകളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് വഴി സാധിക്കുമെന്നും ഇത് അര്‍ബുദ കോശങ്ങളുടെ നാശത്തിന് വഴി വയ്ക്കുമെന്നും മെഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കരള്‍ ഉത്പാദിപ്പിക്കുന്ന കീറ്റോണ്‍ ബോഡീസിന്റെ തോതും കീറ്റോ ഡയറ്റ് ഉയര്‍ത്തുമെന്നും ഇത് അര്‍ബുദ കോശങ്ങള്‍ക്ക് മേല്‍ അധിക സമ്മര്‍ദം ചെലുത്തുമെന്നും പഠനം നടത്തിയ അമേരിക്കയിലെ ട്രാന്‍സ്‌ലേഷണല്‍ ജീനോമിക്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അര്‍ബുദ കോശങ്ങള്‍ക്ക് പെരുകാന്‍ ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസ് വിതരണം നിലയ്ക്കുന്നത് വഴി കീമോതെറാപ്പിക്ക് അനുയോജ്യമായ സാഹചര്യം കീറ്റോ ഡയറ്റ് ഒരുക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. അമേരിക്കയിലെ അഞ്ച് കേന്ദ്രങ്ങളിലുള്ള 40 അര്‍ബുദ രോഗികളിലാണ് ഗവേഷണം നടത്തിയത്. ഇതില്‍ പകുതി പേര്‍ക്ക് കീമോതെറാപ്പിയുടെ ഒപ്പം കീറ്റോ ഡയറ്റും ബാക്കി പകുതി പേര്‍ക്ക് സാധാരണ ആഹാരവും നല്‍കി. കീറ്റോ ഡയറ്റ് പിന്തുടര്‍ന്ന രോഗികളുടെ കീമോതെറാപ്പിയോടുള്ള പ്രതികരണം മെച്ചപ്പെട്ടതാണെന്ന് പരീക്ഷണം വെളിപ്പെടുത്തി.
ബ്രഡ്, പഞ്ചസാര, സോഡ തുടങ്ങി പെട്ടെന്ന് ദഹിക്കുന്ന സിംപിള്‍ കാര്‍ബുകള്‍ കീറ്റോ ഡയറ്റില്‍ നിന്നും ഒഴിവാക്കും. പാന്‍ക്രിയാസിസ് അര്‍ബുദം മാത്രമല്ല ചുഴലി, ഹൃദ്രോഗം, മുഖക്കുരു പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും കീറ്റോ ഡയറ്റ് ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
Content Summary : Keto diet is chemotherapy friendly, can be part of treatment for pancreatic cancer