ADVERTISEMENT

ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തിനെതിരെ പൊരുതാന്‍ പ്രാപ്‌തമാക്കുന്ന നൂതന അര്‍ബുദ പരിചരണ രീതിയാണ്‌ കാര്‍-ടി സെല്‍ തെറാപ്പി. കിമറിക്‌ ആന്റിജന്‍ റിസപ്‌റ്റര്‍ ടി-സെല്‍ എന്ന കാര്‍-ടി തെറാപ്പിയില്‍ ടി കോശങ്ങൾക്കു ലാബില്‍ ജനിതക മാറ്റം വരുത്തിയ ശേഷം അവ തിരികെ രോഗിയുടെ ശരീരത്തിൽ കടത്തും. മറ്റു ചികിത്സാ മാര്‍ഗങ്ങളൊന്നും ഫലിക്കാതെ വരുമ്പോഴാണ്‌ പൊതുവേ കാര്‍-ടി തെറാപ്പി പരീക്ഷിക്കുന്നത്‌. മൂര്‍ച്ഛിച്ച ഘട്ടങ്ങളിലുള്ള അര്‍ബുദത്തിന് ഇത്‌ കാര്യക്ഷമമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. നിലവില്‍ വിദേശത്തു നിന്നാണ് ഇതിനു വേണ്ട മരുന്നും മറ്റും എത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മൂന്നു മുതൽ നാലു വരെ കോടി രൂപയാകും ഇപ്പോഴത്തെ ചെലവ്. എന്നാല്‍ 30 – 40 ലക്ഷം രൂപയ്‌ക്ക്‌ ഈ തെറാപ്പി നടത്താന്‍ കഴിയുന്ന മരുന്നു നിർമിച്ചിരിക്കുകയാണ് ഐഐടി മുംബൈയിലെ സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയായ ഇമ്മ്യൂണോഎസിടി. 

നെക്‌സ്‌ കാര്‍ 19 എന്ന ഈ മരുന്നിന്‌ സെന്‍ട്രല്‍ ഡ്രഗ്‌സ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അനുമതി ലഭിച്ചു. ലിംഫോമ, ലുക്കീമിയ എന്നീ രക്താര്‍ബുദങ്ങളുടെ ചികിത്സയ്‌ക്കാണ്‌ നെക്‌സ്‌ കാര്‍ 19 ഉപയോഗിക്കാന്‍ കഴിയുക. നിലവിലെ ചികിത്സകളെ അപേക്ഷിച്ച്‌ 90 ശതമാനം ചെലവ്ു കുറഞ്ഞതാണ്‌ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ മരുന്ന്‌. ടാറ്റ മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്ന്‌ 60 രോഗികളില്‍ ഇമ്മ്യൂണോഎസിടി ക്ലിനിക്കല്‍ പരീക്ഷണം നടത്തി. 70 ശതമാനം പ്രതികരണ നിരക്ക്‌ കണ്ടെത്തി. ഒരു വര്‍ഷം 500 മുതല്‍ 750 വരെ രോഗികള്‍ക്ക്‌ ഈ തെറാപ്പി നടത്താനുള്ള ശേഷി നിലവില്‍ കമ്പനിക്കുണ്ടെന്നും ഈ തോത്‌ 3000 മുതല്‍ 5000 വരെ ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്നും കമ്പനി സിഇഒ രാഹുല്‍ പുര്‍വാര്‍ സിഎന്‍ബിസി ടിവി18ന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 30 ലക്ഷത്തില്‍നിന്ന്‌ 20 ലക്ഷമായി ചികിത്സച്ചെലവ്‌ കുറയ്‌ക്കാൻ ശ്രമിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

English Summary:

IIT-Bombay incubated startup had developed a CAR-T Cell Therapy drug named NexCAR 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com