അമിതമായ ചൂട് അപകടം; ഗർഭം അലസാനും ചാപിള്ള ഉണ്ടാകാനും സാധ്യത, ഗർഭിണികൾക്ക് ശ്രദ്ധ വേണം
Mail This Article
ഇന്ത്യ ഉള്‍പ്പെടെയുള്ള ഉഷ്‌ണമേഖലാ രാജ്യങ്ങളിലെ ചുട്ടുപൊളളുന്ന കാലാവസ്ഥ ഗര്‍ഭിണികളുടെ ആരോഗ്യത്തില്‍ പ്രതികൂലമായ സ്വാധീനം ചെലുത്താമെന്ന് പഠനം. അമിതമായ ചൂടത്ത് ജോലി ചെയ്യാനിടയാക്കുന്ന സാഹചര്യം ഗര്‍ഭം അലസാനും ചാപിള്ളയുണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുന്നതായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് തമിഴ്‌നാട്ടില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കൃഷിയിടങ്ങള്‍, ഇഷ്ടിക ചൂളകള്‍, ഉപ്പ് കുറുക്കുന്ന പാടങ്ങള്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിങ്ങനെ അനൗദ്യോഗിക മേഖലയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലെ ഗര്‍ഭിണികളിലാണ് പഠനം നടത്തിയത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം അഞ്ച് വരെ കത്തുന്ന വെയിലില്‍ ശുചിമുറിയോ തണലോ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജോലി ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ജോലിസ്ഥലത്ത് ശുദ്ധമായ കുടിവെള്ള ലഭ്യതയില്ലാത്തതിനാല്‍ കുപ്പികളില്‍ വെള്ളം കൊണ്ടു പോകുന്നവരാണ് നല്ലൊരു പങ്കും. ഇവരുടെ ഗര്‍ഭ സംബന്ധമായ വിവരങ്ങള്‍ ഇടയ്‌ക്കിടെ ഇടവേളയും വിശ്രമവും തണലും വെള്ളവും കിട്ടുന്ന ഔദ്യോഗിക മേഖലയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളുടെ വിവരങ്ങളുമായി ഗവേഷകര്‍ താരതമ്യം ചെയ്‌തു. എട്ട് മുതല്‍ 14 ആഴ്‌ച വരെ ഗര്‍ഭിണികളായ 800 പേര്‍ പഠനത്തില്‍ പങ്കെടുത്തു.
ഇതില്‍ ചൂടത്ത് ജോലി ചെയ്യുന്ന അനൗദ്യോഗിക മേഖലയിലെ ഗര്‍ഭിണികളില്‍ അഞ്ച് ശതമാനത്തിന്റെ ഗര്‍ഭം അലസുകയും 6.1 ശതമാനം പേര്‍ക്ക് പ്രസവത്തില്‍ ചാപിള്ളകളുണ്ടാകുകയും ചെയ്‌തു. 8.4 ശതമാനം പേരുടെ കുഞ്ഞുങ്ങള്‍ക്ക് പ്രസവ സമയത്ത് ഭാരവും കുറവായിരുന്നു. നേരെ മറിച്ച് അധികം ചൂട് കൊള്ളാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളില്‍ രണ്ട് ശതമാനത്തിന് മാത്രമാണ് ഗര്‍ഭം അലസിയത്. ഇവരില്‍ ചാപിള്ളയുണ്ടായത് 2.6 ശതമാനത്തിനും കുറഞ്ഞ ഭാരമുള്ള കുട്ടികളുണ്ടായത് 4.5 ശതമാനത്തിനും മാത്രമാണ്.
ഗര്‍ഭത്തിന്റെ രണ്ടും മൂന്നും ത്രൈമാസങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച പരിമിതപ്പെടുത്തുന്നതില്‍ ഗര്‍ഭിണികള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ചൂട് മുഖ്യ കാരണമായതായി ഗവേഷകര്‍ പറയുന്നു. അമിതമായ ചൂട് കുഞ്ഞുങ്ങളുടെ അവയവങ്ങളുടെ വളര്‍ച്ചയെയും പരിമിതപ്പെടുത്തുന്നതിനാല്‍ ജന്മനാലുള്ള തകരാറുകള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാനും സാധ്യത അധികമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഹോർമോൺ മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: വിഡിയോ