ADVERTISEMENT

കോവിഡ്‌ പോലെ എടുത്ത്‌ പറയത്തക്ക വ്യാപക നാശം വിതച്ച മഹാമാരികളൊന്നും ഉണ്ടായില്ല. പക്ഷേ, ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം 2024ലും വെല്ലുവിളികള്‍ക്ക്‌ കുറവുണ്ടായിരുന്നില്ല. മൃഗങ്ങളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ പടരുന്ന ജന്തുജന്യരോഗങ്ങളാണ്‌ പ്രധാനമായും ആരോഗ്യരംഗത്ത്‌ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്‌.

എംപോക്‌സ്‌ ഭീഷണി 
ഇന്ത്യയിലടക്കം റിപ്പോര്‍ട്ട്‌ ചെയ്‌ത എംപോക്‌സ്‌ വൈറസ്‌ അടക്കമുള്ള വൈറസ്‌ രോഗപടര്‍ച്ചകള്‍  2024ല്‍ ഭീതിപരത്തി. ഡെമൊക്രാറ്റിക്‌ റിപബ്ലിക്‌ ഓഫ്‌ കോംഗോ പോലെ നിരവധി രാജ്യങ്ങളില്‍ നൂറുകണക്കിന്‌ മരണങ്ങള്‍ക്ക്‌ കാരണമായ എംപോക്‌സിനെ ലോകാരോഗ്യ സംഘടന 2024ല്‍ രണ്ടാം തവണയും പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. റുവാണ്ട, ബുറുണ്ടി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്‌, കെനിയ, യുഗാണ്ട തുടങ്ങിയ പല രാജ്യങ്ങളിലും എംപോക്‌സ്‌ വെല്ലുവിളിയായി.
എംപോക്‌സിന്‌ പുറമേ മാര്‍ബര്‍ഗ്‌ വൈറസ്‌, വെസ്‌റ്റ്‌ നൈല്‍ വൈറസ്‌, മിഡില്‍ ഈസ്‌റ്റ്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം, പക്ഷിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്‌ ഇ, നിപ്പ വൈറസ്‌ തുടങ്ങിയവും 2024ല്‍ ലോകത്തിന്റെ പലയിടങ്ങളിലായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. കേരളത്തില്‍ നിപ്പ വൈറസ്‌ ബാധിച്ച്‌ വീണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ നാം ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ടു.

രജതരേഖ
ഇതിനിടയിലും ചില രോഗങ്ങളെ തുടച്ച്‌ നീക്കുന്നതില്‍ ലോക രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി ആശ്വാസത്തിനിട നല്‍കി. ബ്രസീല്‍, തിമോര്‍ രാജ്യങ്ങളില്‍ നിന്ന്‌ ലിംഫാറ്റിക്‌ ഫിലാരിസിസും ചാഡില്‍ നിന്ന്‌ ഹ്യൂമന്‍ ആഫ്രിക്കന്‍ ട്രിപനോസോമിയാസിസും ഇന്ത്യ, പാകിസ്‌താന്‍, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളില്‍ നിന്ന്‌ ട്രക്കോമയും 2024ല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചു. ഒരു നൂറ്റാണ്ടിന്റെ പ്രയത്‌നത്തിന്‌ ശേഷം ഈജിപ്‌ത്‌ മലേറിയ മുക്തമായി. അമേരിക്കന്‍ രാജ്യങ്ങള്‍ വീണ്ടും മീസല്‍സ്‌ മുക്തമായി രേഖപ്പെടുത്തപ്പെട്ടു. ഗിനിയയില്‍ നിന്ന്‌ മറ്റേണല്‍, നിയോനേറ്റല്‍ ടെറ്റനസിനെ തുടച്ച്‌ നീക്കുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. അമ്മയില്‍ നിന്നും കുഞ്ഞിലേക്കുള്ള എച്ച്‌ഐവി വൈറസിന്റെയും സിഫിലിസിന്റെയും വ്യാപനം ഇല്ലായ്‌മ ചെയ്യാന്‍ ബെലീസ്‌, ജമൈക്ക, സെയിന്റ്‌ വിന്‍സെന്റ്‌ ആന്‍ഡ്‌ ദ ഗ്രെനാഡൈന്‍സ്‌ ദ്വീപുകള്‍, നമീബിയ പോലുള്ള രാജ്യങ്ങള്‍ക്ക്‌ സാധിച്ചു.

ജീവിതശൈലി രോഗങ്ങള്‍ വെല്ലുവിളി
എന്നാല്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന്‌ ഇടയാക്കുന്നത്‌ മേല്‍പറഞ്ഞ വൈറസുകളല്ല മറിച്ച്‌  ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ പോലുള്ള പകര്‍ച്ചവ്യാധി ഇതര രോഗങ്ങളാണെന്ന്‌ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. ഇത്തരം രോഗങ്ങളെ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഐക്യരാഷ്ട സഭ മുന്നോട്ട്‌ വച്ച സുസ്ഥിര വികസ ലക്ഷ്യങ്ങള്‍ പലതും കൈവരിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യവും മുന്നിലുണ്ട്‌. മദ്യവും മയക്ക്‌ മരുന്നും വെല്ലുവിളിയായി പോയ വര്‍ഷവും തുടരുന്ന സ്ഥിതിയില്‍ അവയുടെ ഉപയോഗം കുറയ്‌ക്കാനുളള നടപടികളും ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്ന്‌ ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിക്കുന്നു.

നാഡീവ്യൂഹ രോഗങ്ങളും വര്‍ദ്ധിക്കുന്നു
ലോകത്തെ വര്‍ദ്ധിച്ചു വരുന്ന രോഗങ്ങള്‍ക്കും വൈകല്യത്തിനും പിന്നില്‍ നാഡീവ്യൂഹപരമായ സാഹചര്യങ്ങളുടെ പങ്ക്‌ വര്‍ദ്ധിക്കുന്നതും ആശങ്കയുളവാക്കുന്നുണ്ട്‌. മൈഗ്രേയ്‌ന്‍, പക്ഷാഘാതം, സ്‌മൃതിനാശം പോലുള്ളവ മൂന്നില്‍ ഒരാള്‍ക്ക്‌ എന്ന തോതില്‍  വരുന്നതായാണ്‌ കണക്ക്‌. ഇത്‌ മൂലമുള്ള മരണങ്ങളിലും ആരോഗ്യനഷ്ടത്തിലും 80 ശതമാനവും സംഭവിക്കുന്നത്‌ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണെന്നത്‌ ചികിത്സ കാര്യങ്ങളിലെ അസമത്വത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു.

വിശപ്പ്‌ പ്രശ്‌നം തന്നെ
2024ല്‍ 18.2 ദശലക്ഷം കുഞ്ഞുങ്ങള്‍ പട്ടിണിയിലേക്ക്‌ പിറന്ന്‌ വീഴുന്നതായി സേവ്‌ ദ ചില്‍ഡ്രന്‍ പുറത്ത്‌ വിട്ട കണക്കുകള്‍ പറയുന്നു. ഒരു മിനിട്ടില്‍ 35 കുട്ടികള്‍ വിശന്നിരിക്കേണ്ട സാഹചര്യങ്ങളിലേക്ക്‌ പിറന്ന്‌ വീഴുന്നു. യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങളും കാലാവസ്ഥ പ്രതിസന്ധികളും എട്ട്‌ ലക്ഷത്തോളം കുട്ടികളെ പട്ടണിയിലേക്ക്‌ തള്ളി വിടുന്നതായും റിപ്പോര്‍ട്ടുകള്‍  പറയുന്നു. ഭക്ഷ്യ സുരക്ഷിതത്വമില്ലായ്‌മ കുട്ടികളുടെ പോഷണമില്ലായ്‌മ പോലുള്ള രോഗസാഹചര്യങ്ങള്‍ക്കും കാരണമാകുന്നു.

പ്രതിരോധകുത്തിവയ്‌പ്പുകളുടെ പ്രാധാന്യം
അകാലമരണങ്ങള്‍, രോഗങ്ങള്‍ എന്നിവയില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ പേരെ രക്ഷിക്കാനുള്ള പ്രതിരോധ കുത്തിവയ്‌പ്പുകളുടെ ശേഷി പോയ വര്‍ഷം കൂടുതല്‍ ബോധ്യപ്പെട്ടു. 17 രാജ്യങ്ങള്‍ പുതുതായി മലേരിയ പ്രതിരോധകുത്തിവയ്‌പ്പ്‌ അവതരിപ്പിച്ചു. എച്ച്‌പിവി വാക്‌സീന്‍ കൂടുതല്‍ പെണ്‍കുട്ടികളെ ഗര്‍ഭാശയമുഖ അര്‍ബുദത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി. പുതിയ മെനിഞ്ചൈറ്റിസ്‌ കുത്തിവയ്‌പ്പ്‌ അഞ്ച്‌ വകഭേദങ്ങളുള്ള മെനിഞ്ചോകോക്കല്‍ ബാക്ടീരിയക്കെതിരെ ഒറ്റ ഷോട്ടില്‍ സംരക്ഷണമേകി. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള എച്ച്‌പിവി വാക്‌സീന്‍ പ്രഖ്യാപനം ബജറ്റില്‍ ഇടം പിടിച്ചു.

തെറ്റായ വിവരങ്ങള്‍ക്ക്‌ വേണം ചെക്ക്‌
വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളുമൊക്കെ കോവിഡ്‌ കാലത്തിലെന്ന പോലെ പോയ വര്‍ഷവും ആരോഗ്യപരിചരണ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു. ഇതിനെതിരെ കരുതിയിരിക്കണമെന്ന ആഹ്വാനവുമായാണ്‌ ലോകാരോഗ്യ സംഘടന ഈ വര്‍ഷവും അവസാനിപ്പിക്കുന്നത്‌. ഇത്‌ ആഗോള ആരോഗ്യത്തിന്‌ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും രോഗങ്ങളെയും ചികിത്സ വിധികളെയും വാക്‌സീനുകളെയും പറ്റിയുള്ള അസത്യപ്രചാരണങ്ങള്‍ ശാസ്‌ത്രത്തിലും പൊതുജനാരോഗ്യ സംവിധാനങ്ങളിലുമുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

2024 Health Crisis: From Monkeypox to Marburg – A Shocking Global Review.Viral Outbreaks, Lifestyle Diseases, & the Fight Against Misinformation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com