ദിവസവും പാൽ കുടിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? ഗുണദോഷങ്ങൾ അറിയാം
Mail This Article
ആരോഗ്യത്തിന് ഏറെ നല്ലതാണ് പാൽ എന്ന് നമുക്കറിയാം. വൈറ്റമിനുകളും കാത്സ്യവും ധാരാളമായി അടങ്ങിയ പാലിന് ഏറെ ഗുണങ്ങളുമുണ്ട്. എന്നാൽ മുഖക്കുരു മുതൽ ഉദരപ്രശ്നങ്ങൾ വരെ പാൽ കുടിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളായും പറയപ്പെടുന്നു. വെണ്ണ, പാൽക്കട്ടി, പായസം, മിൽക്ക് ഷേക്ക്, തൈര്, ഐസ്ക്രീം തുടങ്ങി വിവിധരൂപങ്ങളിൽ പാൽ ഉപയോഗിക്കാം. ഇവയെല്ലാം ശരീരവളർച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ദിവസവും പാൽ കുടിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും എന്നറിയണ്ടേ?
∙എല്ലുകളുടെ ആരോഗ്യം
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാൽ. എല്ലുകൾക്ക് ആരോഗ്യം നൽകുന്ന കാത്സ്യവും വൈറ്റമിൻ ഡി യും പാലിൽ ധാരാളം ഉണ്ട്. ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതുമായിത്തീരും.
∙ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ പാൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പാലിൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പാൽ കുടിച്ചാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. പാലിലടങ്ങിയ അന്നജം ഊർജമേകുകയും പ്രോട്ടീന്‍ വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും. ബ്രാഞ്ച്ഡ് ചെയ്ൻ അമിനോ ആസിഡ് (BCAA) അടങ്ങിയതിനാൽ മസിൽ മാസ് ഉണ്ടാകാനും നിലനിർത്താനും പാൽ സഹായിക്കും. പാലിലെ കേസിൻ, വേയ് പ്രോട്ടീനുകളും പേശികളുടെ നിർമാണത്തിനു സഹായിക്കും.
∙പ്രമേഹസാധ്യത കുറയ്ക്കുന്നു
പതിവായി പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മധുരപാനീയങ്ങൾക്കു പകരം പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.
∙ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
പാലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഈ കാരണത്താൽ പാലും പാലുൽപന്നങ്ങളും പതിവായി ഉപയോഗിക്കുന്നത് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്താതിമർദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
കാത്സ്യത്തിന് കീമോ പ്രൊട്ടക്ടീവ് ഗുണങ്ങൾ ഉള്ളതിനാൽ പാൽ കുടിക്കുന്നത് മലാശയ അർബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ മറ്റൊരു പഠനം പറയുന്നത് കൂടിയ അളവിൽ പാൽ പതിവായി ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂട്ടും എന്നാണ്. കാത്സ്യം കൂടുതൽ അടങ്ങിയതിനാലാണിത്.
എന്നുകരുതി ദിവസവും പാൽ കുടിക്കുന്നതു കൊണ്ട് കാൻസർ വരും എന്ന് ഇതിനർഥമില്ല. പാലും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതായുണ്ട്.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ