ഭക്ഷണത്തിൽ ചിയ സീഡ് ഉൾപ്പെടുത്താറുണ്ടോ? അറിയാം ആരോഗ്യഗുണങ്ങൾ
Mail This Article
വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണം ആരോഗ്യവും സൗഖ്യവും ഏകും. ചിയ സീഡ്സ് അവയിൽ ഒന്നാണ്. ചിയ സീഡ്സ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫൈബർ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ മറ്റ് നിരവധി വൈറ്റമിനുകളും ധാതുക്കളും ചിയ സീഡ്സിൽ ധാരാളം ഉണ്ട്. യോഗർട്ടിലോ സ്മൂത്തികളിലോ ഒക്കെ ചിയ സീഡ്സ് ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
ചിയ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും എന്നു നോക്കാം.
∙ഹൃദയാരോഗ്യം
ചിയ സീഡ്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഒമേഗ ഫാറ്റി ആസിഡ്, ഫൈബർ, ആന്റി ഓക്സിഡന്റുകൾ ഇവയാൽ സമ്പന്നമായ ചിയ സീഡ് ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തിയും ലിപ്പിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തിയും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചിയ സീഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുന്നു. രക്തത്തിൽ നിന്ന് കൊളസ്ട്രോളിനെ നീക്കാൻ സോല്യുബിൾ ഫൈബർ സഹായിക്കുന്നു. ഒമേഗ 3 ആകട്ടെ ഹൃദയമിടിപ്പിന്റെ നിരക്ക് ക്രമപ്പെടുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
∙നാരുകൾ ധാരാളം
ചിയ സീഡിൽ ഫൈബർ ധാരാളം ഉണ്ട്. സോല്യുബിൾ ഫൈബറും ഇൻസോല്യുബിൾ ഫൈബറും അടങ്ങിയതിനാൽ ദഹനത്തിനു സഹായിക്കുന്നു. ബവൽ മൂവ്മെന്റ് സുഗമമാക്കുന്നു. വെള്ളം വലിച്ചെടുക്കുമ്പോൾ ചിയ സീഡ് ജെൽ പോലുള്ള ഒരു വസ്തു ആയി മാറുന്നു. ഇത് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയർ നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുന്നു.
∙രക്തത്തിലെ പഞ്ചസാര
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചിയ സീഡ് സഹായിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സാവധാനത്തിലാകുകയും രക്തത്തിലേക്ക് ഗ്ലൂക്കോസിനെ സാവധാനം പുറന്തള്ളുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. പ്രമേഹരോഗികൾക്ക് ഇത് ഗുണകരമാണ്. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലതാണ്.
∙ഊർജനില
ഊർജനില മെച്ചപ്പെടുത്താൻ ചിയ സീഡ്സ് സഹായിക്കുന്നു. ഇവയിൽ ഒമേഗ ഫാറ്റി ആസിഡ് ധാരാളമുണ്ട്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയും ഉണ്ട്. ചിയ സീഡ്സ് ഊർജം വളരെ സാവധാനത്തിലേ പുറന്തള്ളൂ.
∙എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ചിയ സീഡ്സ് സഹായിക്കുന്നു. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ ഇവ ധാരാളം അടങ്ങിയ ഈ ചെറുവിത്തുകൾ എല്ലുകളുടെ ശക്തിയും സാന്ദ്രതയും വർധിപ്പിക്കുന്നു. കാത്സ്യം എല്ലുകളുടെ ഘടന മെച്ചപ്പെടുത്തുമ്പോൾ, ഫോസ്ഫറസ് എല്ലുകളുടെ ധാതുത്വം മെച്ചപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണത്തിന് മഗ്നീഷ്യം സഹായിക്കുന്നു. എല്ലുകളുടെ കല (tissue) കളെ നിർമിക്കാൻ പ്രോട്ടീന്‍ സഹായിക്കുന്നു. പതിവായി ചിയ സീഡ്സ് കഴിച്ചാൽ ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലിന് ക്ഷതം സംഭവിക്കുന്നത് കുറയ്ക്കാനും കഴിയും.
∙ശരീരഭാരം നിയന്ത്രിക്കാൻ
ശരീരഭാരം നിയന്ത്രിക്കാൻ ചിയ സീഡ്സ് സഹായിക്കും. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ അടങ്ങിയ ചിയ സീഡ്സ് വിശപ്പ് അകറ്റാനും സഹായിക്കും. വെള്ളത്തിൽ ഇട്ട് കുതിർക്കുമ്പോൾ ജെൽ പോലുള്ള വസ്തുവായി മാറുന്ന ചിയ സീഡ് ദഹനം സാവധനത്തിലാക്കും. വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും.
സ്ത്രീകൾ ചെയ്യേണ്ട വ്യായാമങ്ങൾ: വിഡിയോ