വലിച്ചുവാരി കഴിക്കല്ലേ; ആരോഗ്യപരമായി ബുഫേ കഴിക്കേണ്ടത് ഇങ്ങനെ, ഒപ്പം മുൻമന്ത്രിയുടെ ടിപ്സും!
Mail This Article
ഭക്ഷണം കഴിക്കാൻ എല്ലാവർക്കും താൽപര്യമാണ്. പല തരത്തിലുള്ള വിഭവങ്ങൾ ഇഷ്ടാനുസരണം കഴിക്കാൻ കഴിയുന്ന ബുഫേയും ജനപ്രീതിയാർജിച്ചതാണ്. കിട്ടുന്നതെന്തും വാരിവലിച്ചു കഴിക്കാവുന്ന അവസരമായി ബുഫേ സംസ്കാരത്തെ കണ്ടാൽ ആരോഗ്യം നശിക്കുമെന്നതിൽ സംശയം വേണ്ട.
പൊതുവേ രണ്ട് തരത്തിലാണ് നമുക്കിടയിൽ ബുഫേ പ്രചാരത്തിലുള്ളത്. ഏതെങ്കിലും കല്യാണം, നിശ്ചയം പോലുള്ള അവസരങ്ങളിൽ ബുഫേ വിളമ്പുന്നവർക്കും കഴിക്കുന്നവർക്കും സൗകര്യമായിരിക്കും. ആവശ്യമുള്ളവര്‍ വേണ്ടതെടുത്തു കഴിച്ചോളും എന്ന ലോജിക് ആണ് അവിടെയുള്ളത്. രണ്ടാമത്തേത് ആഘോഷങ്ങൾക്കു വേണ്ടി ബുഫേയുള്ള മുന്തിയ ഹോട്ടലുകളിൽ പോയി കഴിക്കുന്നത്. ഈ രണ്ടു അവസരങ്ങളിലും തെറ്റു പറയാൻ ഇല്ലെങ്കിലും നമ്മൾ അതിനെ എങ്ങനെ സമീപിക്കണം എന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആദ്യം അവിടെ എന്തൊക്കെ ഭക്ഷണങ്ങളാണുള്ളതെന്ന് മനസ്സിലാക്കിയ ശേഷം, ബാലൻസ്ഡ് ഡയറ്റ് പിന്തുടരാൻ ശ്രമിക്കണം. പ്ലേറ്റിന്റെ മൂന്നിൽ ഒന്ന് അന്നജവും മൂന്നിൽ ഒന്ന് പ്രോട്ടീനും പ്ലേറ്റിന്റെ പകുതിയോളം പച്ചക്കറികളും ആണ് നമ്മൾ എടുക്കേണ്ടത്.

പ്ലേറ്റിൽ കൂന കൂട്ടി ഭക്ഷണം നിറയ്ക്കുന്ന രീതി മാറ്റി വച്ചതിനുശേഷം ആവശ്യമുള്ള അന്നജം മാത്രം എടുക്കണം. ശേഷം പ്രോട്ടീൻ അടങ്ങിയ മീൻകറി, മുട്ടക്കറി, ചന്ന മസാല ഇവയിലേതെങ്കിലും ഒന്ന് എടുക്കാം. പ്രധാനപ്പെട്ട സാലഡോ പച്ചക്കറിയോ നിര്‍ബന്ധമായും എടുത്തിരിക്കണം. കഴിക്കാൻ പറ്റുന്നതൊക്കെ കഴിക്കണം എന്നാണ് ബുഫേ കണ്ടു കഴിയുമ്പോൾ തോന്നുക. അത് സ്വാഭാവികമാണ്. പക്ഷേ അത് ആരോഗ്യകരമല്ല എന്നുള്ളതും ഓർത്തിരിക്കണം.
ഞാൻ അറിയുന്ന പ്രശസ്തനായിട്ടുള്ള ഒരു മുൻ മന്ത്രിയുണ്ട്. ആരോഗ്യം വളരെ നല്ല രീതിയിൽ നോക്കുന്ന ഒരു വ്യക്തിയാണ്. അദ്ദേഹം എനിക്കൊരു ടിപ് പറഞ്ഞു തന്നിട്ടുണ്ട്. സമൂഹത്തിലെ ഒരുപാട് പരിപാടികൾക്ക് പോകേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഒരു ഇവന്റിൽ നിന്നും ഭക്ഷണം കഴിക്കില്ല. ഓരോ തവണയും പുറത്തു നിന്നുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകും എന്ന് അറിയാവുന്നതുകൊണ്ട് തന്നെ അദ്ദേഹം ഒരിടത്തു നിന്നും ഭക്ഷണം കഴിക്കില്ല. വീട്ടിൽ ചെന്നേ ഭക്ഷണം കഴിക്കൂ. അദ്ദേഹത്തിന് അമിതമവണ്ണവും ഇല്ല. മറ്റു ആരോഗ്യപ്രശ്നങ്ങളും ഇല്ല. എന്നും പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നവർ അല്ലെങ്കിൽ അങ്ങനെയുള്ള സോഷ്യൽ ലൈഫ് നയിക്കുന്നവർ സൂക്ഷിക്കുക നമ്മളെപ്പോഴും പുറത്തു നിന്നു ഭക്ഷണം കഴിക്കാൻ നിർബന്ധിതരാവുകയാണെങ്കിൽ ഇങ്ങനെയുള്ള ചില ചിട്ടകൾ നമ്മൾ പിന്തുടരുന്നത് നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.