ADVERTISEMENT

വാഹനാപകടങ്ങളിലൂടെയും എയ്ഡ്സിലൂടെയും മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ അധികമാണ് ഡീപ് വെയിന്‍ ത്രോംബോസിസ് (DVT) അഥവാ അശുദ്ധ രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥ. കൂടുതലും കാലുകളിലാണ് ഇത് കാണപ്പെടുന്നത്. ശ്വാസകോശത്തിലേക്കുള്ള ധമനികളില്‍ തടസ്സമുണ്ടായി പൊടുന്നനെയുള്ള മരണം സംഭവിക്കുന്ന പള്‍മണറി എംബോളിസവും ഡിവിറ്റി കൊണ്ടുണ്ടാകുന്നതാണ്. ഈ രോഗത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതും ഇന്‍റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന അപൂര്‍ണവിവരങ്ങളും രോഗികളെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

 

ലക്ഷണങ്ങള്‍

കാലുകളിലുണ്ടാകുന്ന വേദനയോ നീരോ ആണ് ഡീപ് വെയിന്‍ ത്രോംബോസിസിന്റെ ആദ്യ ലക്ഷണം. തിരക്കേറിയ ഒരു ദിനത്തിന്‍റെ അവസാനമുണ്ടാകുന്ന സ്വാഭാവിക വേദനയാണെന്നു കരുതി ബഹുഭൂരിഭാഗം പേരും ഇതിനെ കാര്യമായി എടുക്കാറില്ല. പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടകരമായ അവസ്ഥയിലേക്ക് ഇതെത്തും.

 

മിഥ്യാധാരണ മാറ്റാം

എല്ലാ കാലുവേദനയും ഡീപ് വെയിന്‍ ത്രോംബോസിസാണോ എന്ന ചോദ്യത്തിന് നിസ്സംശയം അല്ലെന്നു തന്നെയാണുത്തരം. പക്ഷേ അതൊരു സൂചനയാകാം. അത്തരം വേദനകള്‍ മാറാതെ തുടരുകയാണെങ്കില്‍ ജാഗ്രത വേണമെന്നും നിശ്ചയിക്കാം. ഇതിന് ആദ്യം വേണ്ടത് രോഗത്തെക്കുറിച്ച് ഗൂഗിള്‍ തിരയല്‍ നടത്താതിരിക്കുക എന്നതാണ്. കേവലം മൂന്ന് മാസത്തെ ചികിത്സകൊണ്ട് മാറ്റിയെടുക്കാവുന്ന ഈ രോഗത്തെ അനാവശ്യമായി സമയം കളഞ്ഞ് വലിയ ഗുരുതരാവസ്ഥയിലേക്ക് കൊണ്ടു പോകാന്‍ മാത്രമേ ഇതു കൊണ്ട് സാധിക്കുകയുള്ളൂ.

 

ആര്‍ക്കൊക്കെ രോഗം വരാം?

സാധാരണയായി കിടപ്പു രോഗികള്‍, മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍, അര്‍ബുദബാധിതര്‍, രക്തം കട്ടപിടിക്കുന്ന ത്രോംബോഫീലിയ രോഗം,  ദീര്‍ഘദൂര യാത്ര എന്നിവയാണ് രോഗകാരണങ്ങള്‍. ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ഹോര്‍മോണ്‍ മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകളിലും ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും രോഗികളുടെ എണ്ണത്തില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ തന്നെയാണ് കൂടുതല്‍. നിത്യവും വ്യായാമം ചെയ്ത് ആരോഗ്യവാനായി ഇരിക്കുന്ന വ്യക്തിക്ക് ഡീപ് വെയിന്‍ ത്രോംബോസിസ് വരുമോയെന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. അത്‌ലറ്റുകള്‍ക്കാണ് ഈ രോഗസാധ്യത താരതമ്യേന കൂടുതലെന്നത് ഏവരെയും അത്ഭുതപ്പെടുത്തും. കടുത്ത ശാരീരിക സമ്മര്‍ദ്ദവും നിര്‍ജ്ജലീകരണവുമാണ് അത്‌ലറ്റുകളെ ഈ രോഗസാധ്യതയിലേക്കെത്തിക്കുന്നത്.

 

എന്താണ് ഈ രോഗത്തിനുള്ള ചികിത്സ?

പലരുടെയും ധാരണ ഹൃദ്രോഗവും പ്രമേഹവും പോലെ ആജീവനാന്തം മരുന്ന് കഴിക്കേണ്ട ഒരസുഖമാണിതെന്നതാണ്. എന്നാല്‍ പൊതുവെ മൂന്നു മാസത്തെ ചികിത്സ കൊണ്ട് മാറാവുന്ന അസുഖമാണിത്. വായിലൂടെ കഴിക്കാവുന്ന മരുന്നുകള്‍ തന്നെയാണ് ചികിത്സയില്‍ പ്രധാനം. എന്നാല്‍ ചില കേസുകളിലെങ്കിലും വാസ്കുലര്‍ സര്‍ജന്മാര്‍ ചെറിയ സൂചി (കതീറ്റര്‍) ധമനികളിലേക്ക് കയറ്റി തടസ്സങ്ങള്‍ നീക്കുന്ന ചികിത്സാരീതിയും അവലംബിക്കാറുണ്ട്.

 

എങ്ങനെ തടയാം?

അധിക സമയം ഒരേ രീതീയില്‍ ഇരിക്കേണ്ട അവസ്ഥയില്‍ കൃത്യമായ ഇടവേളകളില്‍ ചെറുവ്യായാമങ്ങള്‍ ശീലിക്കാം. വിശിഷ്യാ ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കാണ് ഈ ഭീഷണി കാര്യമായുള്ളത്. ധാരാളം വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്. സംശയമുണ്ടെങ്കില്‍ സാധാരണ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെ രോഗനിര്‍ണയം നടത്താവുന്നതേയുള്ളൂ.

 

എന്ത് ചെയ്യരുത്?

കാലുവേദന വന്നാല്‍ കുഴമ്പോ എണ്ണയോ പുരട്ടി തിരുമ്മുകയെന്നത് നമ്മുടെ നാട്ടിലെ സാധാരണ രീതിയാണ്. എന്നാല്‍ ഓര്‍ക്കുക, കാലില്‍ അമര്‍ത്തിയുള്ള ഇത്തരം തിരുമ്മല്‍ പള്‍മണറി എംബോളിസം എന്ന മരണകാരണമായേക്കാവുന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും. എണ്ണയോ കുഴമ്പോ പുരട്ടി തിരുമ്മുമ്പോള്‍ ധമനികളിലെ ചെറിയ തടസ്സമുണ്ടാക്കുന്ന രക്തക്കട്ട അവിടെ നിന്നും അടര്‍ന്ന് രക്തത്തിലൂടെ ഒഴുകി നടക്കും. ശ്വാസകോശത്തിലേക്ക് പോകുന്ന ധമനികളില്‍ ഇവ പോയി ഓക്സിജന്‍ എത്തിക്കുന്ന ധമനികളില്‍ തറഞ്ഞിരിക്കും. ഇതോടെ പൊടുന്നനെയുള്ള മരണം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ തിരുമ്മുന്നതിനു മുമ്പ് കൃത്യമായ രോഗനിര്‍ണയം അത്യാവശ്യമാണ്. ഒരിക്കല്‍ ഡിവിറ്റി (DVT) വന്ന വ്യക്തി ശിഷ്ടകാലം മുഴുവന്‍ രോഗത്തെപ്പറ്റി ജാഗ്രത പുലര്‍ത്തേണ്ടതാണ്. മറ്റ് അസുഖങ്ങള്‍ക്കായി ഡോക്ടറെ കാണുമ്പോള്‍ ഡിവിറ്റിയുടെ കാര്യം മറക്കാതെ അറിയിക്കണം.

 

ഈ രോഗാവസ്ഥയെ ചികിത്സിക്കുന്നതിനായി വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരള എല്ലാവിധ സഹായങ്ങളും നല്‍കി വരുന്നു. നേരിട്ട് ഒപിയിലൂടെ ഡോക്ടറെ കണ്ടും ആശുപത്രിവാസത്തിലൂടെയും ഇതിന് ചികിത്സ നടത്താവുന്നതാണ്. രക്തം നേര്‍പ്പിക്കുന്നതിനുള്ള മരുന്നുകള്‍, കാലിലെ മര്‍ദ്ദം സന്തുലിതമാക്കാനുള്ള സോക്സുകള്‍, എന്നിവ രോഗാവസ്ഥയെ അടിസ്ഥാനമാക്കി നല്‍കുന്ന ചികിത്സാരീതികളാണ്.ഗുരുതരമായ രോഗമാണെങ്കിലും സമയത്തുള്ള രോഗനിര്‍ണയവും കൃത്യമായ ചികിത്സയും കൊണ്ട് അപകടരഹിതമായി തരണം ചെയ്യാവുന്ന രോഗാവസ്ഥ കൂടിയാണിത്. മിഥ്യാധാരണകള്‍ നീക്കി അലംഭാവം കാണിക്കാതെ യാഥാര്‍ഥ്യബോധത്തോടു കൂടി മുന്നോട്ടു നീങ്ങിയാല്‍ ഹ്രസ്വകാല ചികിത്സ കൊണ്ടു തന്നെ സുഖപൂര്‍ണമായ ജീവിതം ആസ്വദിക്കാന്‍ കഴിയുമെന്നും ഓര്‍ക്കാം.

 

(വാസ്കുലര്‍ സര്‍ജറി വിദഗ്ധനായ ലേഖകന്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസറാണ്)

 

Content Summary : Deep Vein Thrombosis Myths vs Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com