കണ്ണിനു ഭംഗി കൂട്ടാൻ ലെൻസോ? എന്നാൽ ഇതുകൂടി വായിച്ചിട്ട് ലെൻസ് വച്ചോ
Mail This Article
കാഴ്ചശക്തി കൂട്ടാനായി മാത്രം കോൺടാക്ട് ലെൻസ് ഉപയോഗിച്ചിരുന്ന കാലമൊക്കെ പോയെന്റെ കണ്ണേ.. കണ്ണുകൾ കാണാൻ ഭംഗിയുണ്ടാകാനും കൂടിയാണു ലെൻസ് വയ്ക്കുന്നത്. വിവാഹ മേക്കപ്പിന് ഒപ്പവും ഫോട്ടോഷൂട്ടുകളിലും ‘കളേഡ് കോൺടാക്ട് ലെൻസു’കൾ ഇടം പിടിച്ചിട്ട് കാലമേറെയായി. കണ്ണിനു മിഴിവേകാനും വലുപ്പം തോന്നാനും കളർ ലെൻസുകൾ സഹായിക്കും. സീ ബ്ലൂ, മെറൂൺ, ഗ്രീൻ, വൈലറ്റ്, പർപ്പിൾ, ഗ്രേ തുടങ്ങിയ നിറങ്ങളിലെല്ലാം ലെൻസ് ലഭ്യമാണ്. ധരിക്കുന്ന വസ്ത്രത്തിനോ ശരീരത്തിന്റെ നിറത്തിനോ അനുസരിച്ചു തിരഞ്ഞെടുക്കാം. സാധാരണ കോൺടാക്ട് ലെൻസുകൾ പോലെ തന്നെ കളേഡ് ലെൻസുകളും 8 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം. കാഴ്ചശക്തിക്കു കുഴപ്പമില്ലാത്തവർക്കായുള്ള ലെൻസുകളും ലഭ്യമാണ്.
ഇതുകൂടി വായിച്ചിട്ട് ലെൻസ് വച്ചോ
∙ കൈ വൃത്തിയായി കഴുകിത്തുടച്ച ശേഷമേ ലെൻസ് തൊടാവൂ. എരിവുള്ള ഭക്ഷണം, പൊടിപടലങ്ങൾ തുടങ്ങിയവ തൊട്ട ശേഷം ലെൻസ് ഉപയോഗിക്കരുത്.
∙ ലെൻസ് കെയ്സ് എപ്പോഴും അടച്ചു വയ്ക്കണം. ലെൻസ് ലോഷൻ ഉപയോഗിച്ചു കെയ്സ് വൃത്തിയാക്കണം.
∙ മേക്കപ്പിനു മുൻപ് ലെൻസ് വയ്ക്കുന്നതാണു നല്ലത്. ഒരുങ്ങിക്കഴിഞ്ഞു വച്ചാൽ കണ്ണു നിറഞ്ഞൊഴുകി മേക്കപ് പരന്നു പോകാൻ സാധ്യതയുണ്ട്.
∙ ചെറിയ മയക്കത്തിൽ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.
∙ ലെൻസ് വച്ച് തീയുടെ ഭാഗത്തു പോകരുത്. ഭക്ഷണം പാചകം ചെയ്യുന്നതും ഒഴിവാക്കാം.
Content Summary: How to apply conatct lenses