ADVERTISEMENT

ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് രക്തത്തിലൂടെ ഓക്സിജന്‍ എത്തിക്കുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്‍റെ നിര്‍മാണം അടക്കം പലവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പോഷണമാണ് അയണ്‍ അഥവാ ഇരുമ്പ്. പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ധാരണാശേഷി മെച്ചപ്പെടുത്താനും കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും ക്ഷീണമകറ്റാനുമെല്ലാം ശരീരത്തിന് അയണ്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയില്‍ 1.62 ബില്യണ്‍ പേര്‍ക്കും(24.8 ശതമാനം) ശരീരത്തില്‍ ഇരുമ്പിന്‍റെ അഭാവമുണ്ട്. 

 

ഇരുമ്പിന്‍റെ അഭാവം വിളര്‍ച്ചയ്ക്ക് മാത്രമല്ല കാരണമാകുക. കോശങ്ങള്‍ക്കും പേശികള്‍ക്കും ആവശ്യത്തിന് ഊര്‍ജം ലഭിക്കാത്ത സാഹചര്യവും ഇതുണ്ടാക്കും. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ കലര്‍ന്ന രക്തം എത്തിക്കാന്‍ ഹൃദയത്തിനും കൂടുതല്‍ പണിയെടുക്കേണ്ടി വരും. ഇത് പെട്ടെന്ന് ക്ഷീണമുണ്ടാകാന്‍ കാരണമാകും. ഇനി പറയുന്നവയാണ് ശരീരത്തിന് ആവശ്യത്തിന് ഇരുമ്പ്  ലഭിക്കുന്നില്ലെന്നതിന്‍റെ മുന്നറിയിപ്പ് സൂചനകളെന്ന് ന്യൂട്രീഷണല്‍ സൈക്യാട്രിസ്റ്റായ ഡോ. ഉമ നായ്ഡൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. 

 

1. തലകറക്കം

2. ശ്വാസംമുട്ടല്‍

3. ക്ഷീണം

4. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വയ്യാത്ത അവസ്ഥ

5. തലവേദന

6. കൈകാലുകള്‍ക്ക് തണുപ്പ്

7. മോശം പ്രതിരോധ ശേഷി

 

ആര്‍ത്തവത്തിന്‍റെ സമയത്തൊക്കെ ശരീരത്തില്‍ നിന്ന് രക്തം നഷ്ടമാകുമെന്നതിനാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അയണ്‍ അഭാവം വരാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭകാലവും പ്രസവവുമെല്ലാം അയണ്‍ അഭാവം ഉണ്ടാക്കാം. ആവശ്യത്തിന് അയണ്‍ അടങ്ങിയ ഭക്ഷണം കഴിക്കാത്തതും കഴിച്ച ഭക്ഷണത്തില്‍ നിന്ന് ശരിയായി അയണ്‍ ആഗീരണം ചെയ്യാനാവാതെ വരുന്നതും അഭാവത്തിന്  കാരണമാകാം. 

 

ബ്രോക്കളി, കാബേജ്, കോളിഫ്ളവര്‍ പോലുള്ള ക്രൂസിഫെറസ് പച്ചക്കറികളും ഡാര്‍ക്ക് ചോക്ലേറ്റും  റെഡ് മീറ്റും സമ്പുഷ്ടീകരിച്ച ധാന്യങ്ങളും, ചീരയും പയര്‍ വര്‍ഗങ്ങളുമെല്ലാം അയണ്‍ 

ധാരാളം അടങ്ങിയ  ഭക്ഷണങ്ങളാണ്. അതേ സമയം അയണ്‍ തോത് അധികമാകുന്നതും പ്രശ്നമാണെന്നതിനാല്‍ സപ്ലിമെന്‍റുകള്‍ കഴിക്കും മുന്‍പ് ഡോക്ടറുടെയോ ന്യൂട്രീഷനിസ്റ്റിന്‍റെയോ നിര്‍ദ്ദേശം തേടേണ്ടതാണ്.  

Content Summary: Iron Deficiency symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com