അന്നനാളിയിലെ അര്‍ബുദം: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Mail This Article
കണ്ഠനാളം മുതല്‍ വയര്‍ വരെ നീളുന്ന കുഴല്‍ രൂപത്തിലുള്ള അന്നനാളിയെ ബാധിക്കുന്ന അര്‍ബുദമാണ് ഈസോഫാഗല്‍ കാന്‍സര്‍. കേസുകളുടെ കാര്യത്തില്‍ ലോകത്തിലെ അര്‍ബുദങ്ങളില്‍ എട്ടാം സ്ഥാനത്തും അര്‍ബുദ മരണങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്തുമാണ് ഈസോഫാഗല്‍ അര്‍ബുദം. വായ മുതല്‍ വയര്‍ വരെ അന്നനാളിയുടെ ഏത് ഭാഗത്തും ഈസോഫാഗല്‍ കാന്‍സര്‍ ആരംഭിക്കാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അര്‍ബുദം കൂടുതലായി കാണപ്പെടുന്നത്.
പുകവലി, പുകയില ഉപയോഗം, മദ്യപാനം, അമിതവണ്ണം, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗം, സൂക്ഷ്മ പോഷണങ്ങളുടെ അഭാവം എന്നിവയെല്ലാം ഈസോഫാഗല്‍ അര്‍ബുദത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇനി പറയുന്നവയാണ് ഈ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍
1. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
ആദ്യമൊക്കെ ഖരരൂപത്തിലുള്ള ഭക്ഷണം ഇറക്കാനാകും ബുദ്ധിമുട്ട്. രോഗം പുരോഗമിക്കുന്നതോടെ പാനീയങ്ങളും ഇറക്കാനാകാതെ വരും.
2. അന്നനാളിയില്‍ മുഴകള്‍
അര്‍ബുദത്തെ തുടര്‍ന്ന് അന്നനാളിയില്‍ ചെറിയ കുരുക്കളും മുഴകളുമൊക്കെ ഉണ്ടാകുന്നത് ഭക്ഷണം വിഴുങ്ങുന്നത് വേദനജനകമായ അനുഭവമാക്കും. ഒഡിയനോഫാഗിയ എന്നാണ് ഇതിന് പേര്.
3.നെഞ്ചുവേദന
നെഞ്ചിലോ പുറത്തോ തോന്നുന്ന വേദനയും ഈസോഫാഗല്‍ അര്‍ബുദത്തിന്‍റെ ലക്ഷണമാണ്. അര്‍ബുദം അന്നനാളിയുടെ സമീപപ്രദേശങ്ങള്‍ക്ക് കൂടി സമ്മര്‍ദമുണ്ടാക്കുന്നതാണ് വേദനയ്ക്ക് കാരണം.
4. ശബ്ദത്തിലെ വ്യത്യാസം
ശബ്ദത്തിന് പെട്ടെന്നുണ്ടാകുന്ന വ്യത്യാസവും തൊണ്ടയെപ്പോഴും അടഞ്ഞിരിക്കുന്നത് പോലുള്ള തോന്നലും ഈസോഫാഗല്‍ അര്‍ബുദ ലക്ഷണമാണ്. ഇതിനാല്‍ ശബ്ദത്തിന് വരുന്ന നേരിയ വ്യതിയാനം പോലും അവഗണിക്കരുത്.
5. ചുമയും ഇടയ്ക്കിടെയുള്ള ന്യുമോണിയയും
അര്‍ബുദകോശങ്ങള്‍ വളര്‍ന്ന് പൊട്ടിയൊലിക്കുന്നത് ശ്വാസകോശ നാളിയില്‍ അസ്വസ്ഥതയുണ്ടാക്കും. ഇതിന്‍റെ ഭാഗമായി നിരന്തരം ചുമ, ഇടയ്ക്കിടെയുള്ള ന്യുമോണിയ പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ചികിത്സ തേടാന്‍ വൈകരുതെന്നും ഡോ. മോണിക കൂട്ടിച്ചേര്‍ത്തു. ശാരീരിക പരിശോധന, ഇമേജിങ് പരിശോധനകള്‍, അപ്പര്‍ ജിഐ എന്‍ഡോസ്കോപ്പി, ബയോപ്സി എന്നിവ രോഗനിര്‍ണയത്തിന് സഹായകമാണ്. ശാസ്ത്ര, സാങ്കേതിക വിദ്യയുടെ പുരോഗതി മൂലം കൂടുതല്‍ ഫലപ്രദമായ ചികിത്സ മാര്‍ഗങ്ങള്‍ ഈസോഫാഗല്‍ അര്‍ബുദത്തിന് ഇന്ന് ലഭ്യമാണ്.
Content Summary: Esophageal cancer symptoms in throat