പുരുഷൻമാരിൽ വന്ധ്യത കൂടുന്നു, വേണം ശരിയായ ചികിത്സ
Mail This Article
‘എന്താ വിശേഷമൊന്നുമായില്ലേ...’ വിവാഹം കഴിഞ്ഞ് ഏറെ വൈകാതെതന്നെ ദമ്പതികൾ പതിവായി ഈ ചോദ്യം കേൾക്കാറുണ്ട്. പല കാരണങ്ങളാൽ വന്ധ്യത ഇപ്പോൾ കൂടി വരുന്നു; സ്ത്രീകളെക്കാൾ പുരുഷൻമാരിലെ പ്രശ്നങ്ങളാണ് ഇപ്പോൾ വന്ധ്യതയിലേക്കു നയിക്കുന്നതും. ദമ്പതികൾ ഒരു വർഷത്തോളം ഒരുമിച്ചു താമസിച്ച്, ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടും ഗർഭം ധരിക്കാത്ത സാഹചര്യമാണു വന്ധ്യത. ഒരു വർഷം ബന്ധപ്പെട്ടിട്ടും ഫലം കാണുന്നില്ലെങ്കിൽ വന്ധ്യതാ ചികിത്സ തേടണം. മാറി വരുന്ന കാലാവസ്ഥ, ചൂട്, പരിസ്ഥിതി മലിനീകരണം, സമ്മർദം, അമിത ലഹരി, പുകവലി, മദ്യപാനം, അമിതമായ റേഡിയേഷൻ തുടങ്ങിയവയെല്ലാം പുരുഷ വന്ധ്യതയുടെ കാരണങ്ങളാണ്.
ബീജ പരിശോധനയിലൂടെയാണു പുരുഷ വന്ധ്യത കണ്ടെത്തുന്നത്. ബീജത്തിന്റെ എണ്ണം, ചലന ശേഷി, നിലവാരം, ശുക്ലത്തിന്റെ ദ്രവീകരണ സമയം എന്നിവയാണു പ്രധാനമായും വിലയിരുത്തുന്നത്. വൃഷണത്തിലെ രക്തക്കുഴലുകൾക്കുള്ള വീക്കം (വെരിക്കോസീൽ) പുരുഷ വന്ധ്യതയുടെ പ്രധാനപ്പെട്ട കാരണമാണ്. ബീജത്തിന്റെ എണ്ണവും ചലനശേഷിയും കുറയാനുള്ള പ്രധാനകാരണം വെരീക്കോസീലാണ്. വൃഷണ സഞ്ചിയുടെ സ്കാനിങ്ങിലൂടെ ഇതു കണ്ടെത്താം. എസ്എച്ച്എച്ച്, എൽഎച്ച് ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ കുറവാണു മറ്റൊരു കാരണം. രക്ത പരിശോധനയിലൂടെ ഇതു കണ്ടെത്തി ഹോർമോൺ ചികിത്സയിലൂടെ പരിഹരിക്കാം. ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടാനായി ഹോർമോൺ ബൂസ്റ്റപ് ഗുളികകളും ഇപ്പോൾ ലഭ്യമാണ്. ജന്മനായുള്ള കാരണങ്ങളാൽ വൃഷണത്തിലെ ബീജോൽപാദന കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളും പ്രശ്നമാണ്. വൃഷണത്തിൽ ബയോപ്സി നടത്തി ഇതു കണ്ടെത്താം. വൃഷണത്തിൽ നിന്നു ലിംഗം വരെ ബീജം സഞ്ചരിക്കുന്ന കുഴലിലെ (വാസ് ഡിഫറൻസ്) തടസ്സങ്ങളും വന്ധ്യതയ്ക്കു കാരണമാകും. സ്കാനിങ് വഴി കണ്ടെത്താനാകും.വന്ധ്യതയ്ക്കുള്ള ശരിയായ കാരണം കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെയോ മരുന്നുകളിലൂടെയോ ഇതു മാറ്റിയെടുക്കാൻ സാധിക്കും. വന്ധ്യതാ ചികിത്സയുടെ തുടക്കത്തിൽ സ്ത്രീകളെ മാത്രം ചികിത്സിക്കുകയെന്നതാണു പൊതുവേയുള്ള രീതി. എന്നാൽ വന്ധ്യതാ പരിശോധനയും അതനുസരിച്ചുള്ള ചികിത്സയും ദമ്പതികളിൽ ഇരുവരിലും ഒരേ സമയം തുടങ്ങണം.
പ്രായം പ്രശ്നമല്ല; ചൂട് വില്ലനാകാം
പ്രായം കൂടുംതോറും പുരുഷനു ലിംഗത്തിന്റെ ഉദ്ധാരണ ശേഷിയിലും ബീജത്തിന്റെ നിലവാരത്തിലും കുറവുണ്ടാകാമെങ്കിലും അതു മൂലം വന്ധ്യതാ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഉദ്ധാരണക്കുറവ് ഉൾപ്പെടെയുളള പുരുഷൻമാരിലെ മറ്റു ലൈംഗിക പ്രശ്നങ്ങൾക്കു വന്ധ്യതയുമായി ബന്ധമില്ല. ബീജോൽപാദനം കൃത്യമായി നടക്കാൻ വൃഷണത്തിനു ചൂടു കുറവായിരിക്കണം. വൃഷണം ശരീരത്തിന്റെ പുറത്തായതു തന്നെ ചൂടു കുറയ്ക്കാൻ വേണ്ടിയാണ്. ചൂടു കൂടുന്ന സാഹചര്യം ബീജോൽപാദനത്തെ ബാധിക്കും. കടുത്ത ചൂടിൽ ജോലി ചെയ്യുന്നവർക്ക് ഇതു മൂലം വന്ധ്യതാ പ്രശ്നങ്ങളുണ്ടാകാം. മാതളം, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ഉൾപ്പെടെ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതു ബീജോൽപാദനത്തിനു നല്ലതാണ്. മുന്തിരി കുരുവോടു കൂടി കഴിക്കണം. ബീജത്തിന്റെ നിലവാരം കൂട്ടാൻ മുന്തിരിക്കുരു നല്ലതാണ്. ബീജത്തിന്റെ നിലവാരം കൂട്ടാൻ സഹായിക്കുന്ന ഒട്ടുമിക്ക മരുന്നുകളിലും മുന്തിരിക്കുരുവിന്റെ സത്താണ് ഉപയോഗിക്കുന്നത്.
(വിവരങ്ങൾ: ഡോ. അനൂപ് കൃഷ്ണൻ, കൺസൽറ്റന്റ് യൂറോളജിസ്റ്റ്, ജനറൽ ആശുപത്രി, എറണാകുളം)