'ഞങ്ങൾക്കും വേണം ഇതുപോലെ ഒരു വീട്!': ഈ വീട് കണ്ടവർ പറയുന്നു

Mail This Article
തിരുവനന്തപുരം നെട്ടയത്താണ് അഖിലിന്റെയും കുടുംബത്തിന്റെയും പുതിയവീട്. നഗരത്തിരക്കുകളിൽ നിന്നുമാറി 6.5 സെന്റിലാണ് വീടിരിക്കുന്നത്.

ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥലഉപയുക്തതയ്ക്കായി ഫ്ലാറ്റ്+ കന്റെംപ്രറി ശൈലിയിലാണ് വീട്. ടെറാക്കോട്ട ജാളികളുടെ സാന്നിധ്യമാണ് വീടിന്റെ പുറംകാഴ്ച മനോഹരമാക്കുന്നത്.

നിരുപമം എന്നാണ് വീടിന്റെ പേര്. അതിനെ അന്വർഥമാക്കുംവിധം ലളിതസുന്ദരമായ അകത്തളങ്ങളാണ് ഇവിടെ ഒരുക്കിയത്.
സെലിബ്രിറ്റി വീടുകൾ കാണാം! Subscribe Now
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സിറ്റൗട്ടിൽ വശത്തായി ചെറിയൊരു പെബിൾ കോർട്യാർഡുണ്ട്. ഇവിടെ ഇൻഡോർ പ്ലാന്റുകൾ ഹരിതാഭ നിറയ്ക്കുന്നു.

പ്ലോട്ടിന്റെ പ്രത്യേകതയ്ക്കനുസരിച്ച് വീട് രൂപകൽപന ചെയ്തു. കിഴക്ക് ദർശനമായാണ് വീട്. കാറ്റും വെളിച്ചവും ഉള്ളിലേക്ക് എത്തുംവിധം ജാലകങ്ങൾ വിന്യസിച്ചു. അതിനാൽ പകൽ വീടിനുള്ളിൽ ലൈറ്റ് ഇടേണ്ട കാര്യമില്ല. ചൂടും താരതമ്യേന കുറവാണ്.

വീട്ടിലെ ഹൈലൈറ്റ് ഡബിൾഹൈറ്റ് കോർട്യാർഡാണ്. ടെറാക്കോട്ട ടൈൽ പതിപ്പിച്ച് ഭിത്തിവേർതിരിച്ചു. ഇൻഡോർ ചെടികളും ആട്ടുകട്ടിലും ഇവിടെ ഹാജരുണ്ട്. ഗ്ലാസ് സീലിങ്ങിലൂടെ സമൃദ്ധമായി പ്രകാശം ഉള്ളിലെത്തുന്നു. വീട്ടുകാരുടെ പ്രിയയിടവും ഇതുതന്നെ.

കോർട്യാർഡിനോട് ചേർന്ന് ലളിതമായി ലിവിങ് വേർതിരിച്ചു.
ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ലളിതമായ ഡൈനിങ് സെറ്റാണ് കസ്റ്റമൈസ് ചെയ്തത്.

അപ്പർ ലിവിങ്ങിലെ ഒരുഭിത്തി ഫോട്ടോ വോൾ ആക്കിയത് വേറിട്ടുനിൽക്കുന്നുണ്ട്. സ്‌കൈലൈറ്റ് സീലിങിലൂടെ പ്രകാശം സമൃദ്ധമായി ഇവിടേക്കെത്തുന്നു.

മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി കിച്ചൻ വർണാഭമായാണ് ഒരുക്കിയത്. മഞ്ഞ നിറത്തിലാണ് കിച്ചൻ തീം. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. ബാക്സ്പ്ലാഷിലും ഡിസൈനർ ടൈലുകൾ വിരിച്ച് മനോഹരമാക്കി. കൗണ്ടറിൽ നാനോവൈറ്റിന്റെ തെളിമയുമുണ്ട്.

അമിത ആഡംബരമില്ലാതെ കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ എല്ലാമുറികളിലുമുണ്ട്.

വീടിന്റെ എലിവേഷനിലെ മറ്റൊരു ഹൈലൈറ്റാണ് ബാൽക്കണി. സിംപിൾ എലഗന്റ് തീമിലാണ് ഇതൊരുക്കിയത്. സിമന്റ് ഫിനിഷ് ടൈലും ജിഐ കൈവരികളുമാണ് ഇവിടെ. ചെടികളും ഊഞ്ഞാലും ഇവിടം അലങ്കരിക്കുന്നു.

Project facts

Location- Nettayam, Trivandrum
Plot- 6.5 cent
Area- 3100 Sq.ft
Owner- Akhil & Manjusha
Architect- Rahul Kumar, Malavika Mahesh
ARK Architecture Studio, Trivandrum
Y.C- 2022
English Summary- Simple Elegant Green House Trivandrum- Veedu Magazine Malayalam