ADVERTISEMENT

വീടിനുള്ളിൽ ഏറ്റവും വൃത്തിയായിരിക്കേണ്ട ഇടമാണ് അടുക്കള. പാത്രങ്ങൾ കഴുകി ഒതുക്കി വയ്ക്കുകയും കൗണ്ടർ ടോപ്പ് വൃത്തിയാക്കുകയും തറ തുടച്ചിടുകയും ചെയ്താൽ അടുക്കള വൃത്തിയാക്കൽ പൂർണ്ണമാകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അടുക്കളയിലെ വൃത്തിയുടെ കാര്യത്തിൽ ഏറ്റവും അധികം ശ്രദ്ധ കൊടുക്കേണ്ട ഭാഗമാണ് സിങ്ക്. അഴുക്കും ബാക്ടീരിയയും ഏറ്റവും അധികം അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടമായതിനാൽ സിങ്കിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഇത് കണക്കിലെടുത്ത് പലരും വിലകൂടിയ കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ ചെലവിൽ വീടിനുള്ളിൽ ലഭ്യമായ വസ്തുക്കൾകൊണ്ടു തന്നെ സിങ്ക് വൃത്തിയാക്കാനും സാധിക്കും.

ബേക്കിങ് സോഡ

baking-soda

ആദ്യം വെള്ളമൊഴിച്ച് സിങ്ക് കഴുകുക. ഡ്രെയിനിന്റെ ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ കിടപ്പുണ്ടെങ്കിൽ അത് നീക്കം ചെയ്യണം. ശേഷം അൽപം ബേക്കിങ് സോഡ സിങ്കിൽ വിതറാം. അഞ്ചു മിനിറ്റിനുശേഷം സിങ്കിലേക്ക് അൽപം വിനാഗിരി ഒഴിക്കണം. ഇവ തമ്മിലുള്ള രാസപ്രക്രിയയുടെ ഭാഗമായി പതയുണ്ടാവുന്നത് കാണാം. നന്നായി പതഞ്ഞ ശേഷം സ്ക്രബ്ബ് ഉപയോഗിച്ച് സിങ്ക് തേച്ചുരച്ചു കഴുകണം. ഒടുവിൽ ചെറുചൂടുവെള്ളം ഉപയോഗിച്ച് സിങ്ക് ഒന്നുകൂടി കഴുകിയാൽ മതിയാകും.

നാരങ്ങ

കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള ശക്തി നാരങ്ങയ്ക്കുണ്ട്. സിങ്കിൽ കറികളുടെയോ എണ്ണയുടെയോ കറ വീണിട്ടുണ്ടെങ്കിൽ വൃത്തിയാക്കാൻ നാരങ്ങ നല്ല ഉപാധിയാണ്. അരക്കപ്പ് നാരങ്ങാനീരും ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയും കലർത്തി പേസ്റ്റ് പരുവത്തിൽ മിശ്രിതം തയാറാക്കുക. ഇത് സിങ്കിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കാം. 10 മിനിറ്റിനുശേഷം ചെറുചൂടുവെള്ളം ഒഴിച്ച് കഴുകിയാൽ കറകൾ പൂർണ്ണമായും മാഞ്ഞുപോയത് കാണാനാവും.

ഹൈഡ്രജൻ പെറോക്സൈഡ്

ബേക്കിങ് സോഡയ്‌ക്കൊപ്പം ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയും സിങ്ക് വൃത്തിയാക്കാനുള്ള മിശ്രിതം തയാറാക്കാം. ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് സിങ്കിന്റെ എല്ലാഭാഗത്തും തേച്ചുപിടിപ്പിക്കണം. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി നീക്കാം. 

സിങ്ക് വൃത്തിയാക്കുമ്പോൾ പലരും പുറമേ കാണുന്ന ഭാഗത്തിന് മാത്രമായിരിക്കും ശ്രദ്ധ നൽകുന്നത്. എന്നാൽ ഡ്രെയിൻ പൈപ്പിനുള്ളിലും ധാരാളം അഴുക്ക് അടിഞ്ഞുകൂടും. ഇത് വൃത്തിയാക്കാനായി ബേക്കിങ് സോഡയും വിനാഗിരിയും ചെറുചൂടുവെള്ളവും കലർത്തി പൈപ്പിനുള്ളിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. 

 ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

* അടുക്കളയുടെ ഉപയോഗം കഴിഞ്ഞാൽ രാത്രി കിടക്കുന്നതിനു മുൻപായി സിങ്ക് വൃത്തിയാക്കാൻ മറക്കരുത്. ഭക്ഷണാവശിഷ്ടങ്ങൾ സിങ്കിൽ അവശേഷിച്ചാൽ പല്ലിയും പാറ്റയുമൊക്കെ കടന്നുകൂടാനും രോഗാണുക്കൾ പടരാനും സാധ്യത ഏറെയാണ്.

* ആഴ്ചയിൽ ഒരു തവണയെങ്കിലും സിങ്കും ഡ്രെയിൻ പൈപ്പും ഡീപ് ക്ലീൻ ചെയ്യണം.

•  പാത്രങ്ങളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം മാത്രം സിങ്കിൽ നിക്ഷേപിക്കുക വലുപ്പമേറിയ ഭക്ഷണാവശിഷ്ടങ്ങൾ പൈപ്പിനുള്ളിൽ കടന്നുകൂടിയാൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമാകും.

•  സിങ്ക് വൃത്തിയാക്കുന്നതിനൊപ്പം അതിനു ചുറ്റുമുള്ള ഭാഗവും വൃത്തിയാക്കേണ്ടതുണ്ട്.

•  സ്റ്റീലിൽ നിർമിച്ച സിങ്ക് ആണെങ്കിൽ ബ്ലീച്ച് അടങ്ങിയ ക്ലീനറുകളും പരുക്കൻ സ്ക്രബ്ബുകളും ഉപയോഗിക്കരുത്.

•  മത്സ്യവും മാംസവും സിങ്കിൽ വച്ച് കഴുകിയശേഷം സിങ്ക് സാനിറ്റൈസ് ചെയ്യാൻ ശ്രദ്ധിക്കുക. സാനിറ്റൈസർ വൈപ്പുകളോ വിപണിയിൽ ലഭ്യമായ സ്പ്രേകളോ ഇതിനായി ഉപയോഗിക്കാം.

English Summary:

How to clean kitchen sink effectively- Decor tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com