ബെഡ്ഷീറ്റ് മാറാൻ പലർക്കും മടി: ശരിക്കും എത്ര ദിവസം കൂടുമ്പോൾ മാറണം?

Mail This Article
തിരക്കുകളുടെ ഈ കാലത്ത് കിടപ്പുമുറി അടുക്കിയൊരുക്കി വയ്ക്കാനൊന്നും പലർക്കും സമയമുണ്ടാകില്ല. അതുകൊണ്ടുതന്നെ ബെഡ്ഷീറ്റുകൾ ഇടയ്ക്കിടെ മാറ്റാൻ പലർക്കും മടിയായിരിക്കും. കൂടാതെ മാറ്റിയ ഷീറ്റ് നനച്ചുണക്കേണ്ടി വരുമല്ലോ എന്നതിനാൽ കിടക്കവിരികൾ ശരിയായ സമയത്തു മാറ്റാതെയിരിക്കുന്നവരുമുണ്ട്.
എന്നാൽ വൃത്തിയുള്ള കിടക്ക വിരികൾ ഒരാളെ ഫ്രഷ് ആക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. കിടക്കവിരി ശരിയായ സമയത്തു മാറ്റിയില്ല എങ്കിൽ അഴുക്കും പൊടിയും അടിഞ്ഞു കൂടിയ സുഖകരമല്ലാത്ത ഒരു അന്തരീക്ഷത്തിലായിരിക്കും നിങ്ങൾക്കു ഉറങ്ങേണ്ടി വരിക.
സാധാരണ രണ്ടാഴ്‌ച ഇടവേളയിൽ കിടക്കവിരി മാറ്റണമെന്നാണ് പറയപ്പെടുന്നതെങ്കിലും ചിലരെ സംബന്ധിച്ചു കൂടുതൽ തവണ മാറ്റേണ്ടതായ സാഹചര്യവും ഉണ്ടാകാറുണ്ട്.
എണ്ണമയമുള്ള ചർമ്മമുളളവർ
എണ്ണമയമുള്ള ചർമ്മമുളളവർ മൂന്നോ നാലോ ദിവസത്തിലൊരിക്കൽ ബെഡ് ഷീറ്റുകൾ മാറ്റുന്നത് നല്ലതാണ്. ബെഡ് ഷീറ്റുകളിൽ അടിഞ്ഞുകൂടിയിരിക്കാവുന്ന എണ്ണ, അഴുക്ക്, എന്നിവ നീക്കം ചെയ്യുന്നതിനായി പ്രിന്‍റ് ചെയ്‌ത ബെഡ് ഷീറ്റുകൾ കഴുകാൻ നല്ല ഡിറ്റർജന്റുകൾ ഉപയോഗിക്കുക. ഒപ്പം തലയിണ കവറുകൾ കഴുകി വ്യത്തിയായി സൂക്ഷിക്കുക. നിലവാരമുളള കോട്ടൺ ഷീറ്റുകൾ ഉപയോഗിക്കുക.
പെറ്റ്സിനെ കട്ടിലിൽ കയറ്റുന്നവർ
വളർത്തുമൃഗങ്ങളെ കൂടെ കിടത്തുകയും ഇടയ്ക്കിടെ അവ നിങ്ങളുടെ കിടക്കയിലേക്ക് ചാടാൻ അനുവദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, കഴിയുന്നത്ര തവണ നിങ്ങളുടെ കിടക്കവിരികൾ കഴുകണം. വളർത്തുമൃഗത്തിന്‍റെ രോമങ്ങൾ കൊഴിയാൻ സാധ്യതയുണ്ട്. അത് ഷീറ്റുകളിൽ പറ്റിപ്പിടിച്ചിരിക്കും, പതിവായി വൃത്തിയാക്കിയില്ലെങ്കിൽ, അത് അണുബാധകൾക്കും അലർജികൾക്കും ഉറക്കം തടസ്സപ്പെടുന്നതിനും കാരണമാകും.
കിടക്കയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർ
കിടക്കയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർകുറഞ്ഞത് 4-5 ദിവസത്തിലൊരിക്കലെങ്കിലും ബെഡ് ഷീറ്റുകൾ മാറ്റുന്നത് ഉത്തമമാണ്. കൂടുതൽ സമയം കിടക്കയിൽ ചെലവഴിക്കുമ്പോൾ, ബെഡ് ഷീറ്റുകൾ വിയർപ്പ് കാരണം മലിനമാകാനുള്ള സാധ്യത കൂടുതലാണ്.
അലർജിയോ ആസ്ത്മയോ ഉളളവർ
അലർജിയോ, ആസ്ത്മയോ ഉളളവർ കൃത്യമായ ഇടവേളകളിൽ കിടക്കവിരികൾ മാറ്റിവിരിക്കണം. ഷീറ്റുകളിൽ അടിഞ്ഞുകൂടുന്ന പൊടിപടലങ്ങള്‍, തുമ്മൽ, മൂക്കൊലിപ്പ്, ചുമ, പനി, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങൾ കൂടാൻ കാരണമാകുന്നു. ഇത്തരക്കാർ ചെറുചൂടുവെള്ളത്തിൽ കഴുകി ബെഡ് ഷീറ്റുകൾ ഉപയോഗിക്കുക.

ബെഡ് ഷീറ്റുകൾ വൃത്തിയായി സൂക്ഷിക്കാക്കാൻ ശ്രദ്ധിക്കേണ്ടത്
- വ്യായാമത്തിന് ശേഷം വിയർപ്പോടെ ഉറങ്ങുന്നത് ഒഴിവാക്കുക.
- വൃത്തിയില്ലാത്ത കാലുകളോ സോക്സുകളോ ഉപയോഗിച്ച് കിടക്കയിൽ കയറരുത്.
- എണ്ണകൾ, ക്രീമുകൾ, ജെല്ലുകൾ എന്നിവ ഉപയോഗിച്ചു കൊണ്ടു ഉറങ്ങുന്നതു ഒഴിവാക്കുക .
- കിടക്കുന്നതിനു മുൻപ് കുളിക്കുക.
- മേക്കപ്പ് ഇട്ട് ഉറങ്ങുന്നത് ഒഴിവാക്കുക.
- കിടക്കയിൽ ഭക്ഷണം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.