ആദ്യം 'പകുതി വില' പ്രലോഭനം; 'കുറഞ്ഞ വിലയ്ക്ക് ആഡംബരവീട്' എന്ന് വാഗ്ദാനം: യുവതി ബന്ധുക്കളിൽനിന്ന് തട്ടിയത് കോടികൾ

Mail This Article
വ്യാജ വിവാഹത്തിലൂടെ ബന്ധുക്കളിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒടുവിൽ പിടിയിലായിരിക്കുകയാണ് ചൈനക്കാരിയായ മെങ് എന്ന യുവതി. ഭർത്താവ് ധനികനായ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ 13 കോടി രൂപയ്ക്കടുത്ത് തട്ടിയെടുത്തത്. എന്നാൽ ഇവരുടെ വിവാഹം പോലും യഥാർഥമല്ലായിരുന്നു എന്ന് തിരിച്ചറിയാൻ ബന്ധുക്കൾ വൈകിപ്പോയി.
ഷാങ്ഹായി സ്വദേശിനിയായ മെങ് മുൻപ് ഒരു ചെറിയ റിയൽ എസ്റ്റേറ്റ് ഏജൻസി നടത്തിയിരുന്നു. എന്നാൽ 2014ൽ ബിസിനസ് പൊളിയുകയും വലിയ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്തു. ഈ നഷ്ടത്തിൽ നിന്നും കരകയറാനാണ് അതിവിദഗ്ധമായി തട്ടിപ്പ് ആസൂത്രണം ചെയ്തത്. പതിവ് യാത്രകൾക്കിടെ പരിചയപ്പെട്ട ജിയാങ് എന്ന ഡ്രൈവറെ കൂട്ടുപിടിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. തനിക്ക് പ്രായമേറിയതു മൂലം വിവാഹത്തിന് വീട്ടുകാർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അതിനാൽ വിവാഹ വേദിയിൽ ഭർത്താവായി എത്തണമെന്നും ഇവർ ജിയാങ്ങിനോട് ആവശ്യപ്പെട്ടു. വിവാഹിതനായ ജിയാങ് തട്ടിപ്പിന് കൂട്ടുനിൽക്കുകയും ചെയ്തു.
പിന്നീട് ജിയാങ് ധനികനായ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണെന്ന് ഇവർ ബന്ധുക്കളെ പറഞ്ഞു ധരിപ്പിച്ചു. ചൈനയിലെ വിവിധ പ്രദേശങ്ങളിലായി ജിയാങ്ങിന് നിരവധി പ്രോപ്പർട്ടികൾ ഉണ്ടെന്നും വലിയ വിലക്കുറവിൽ വസ്തു വാങ്ങാനുള്ള സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനാവുമെന്നുമായിരുന്നു അവകാശവാദം. തന്റെ വാക്കുകൾ ബന്ധുക്കൾ വിശ്വസിക്കുന്നതിനായി മറ്റൊരു പദ്ധതി കൂടി ഇവർ നടപ്പാക്കി. ഒരുകോടി രൂപയ്ക്ക് ചെറിയ ഫ്ലാറ്റ് വാങ്ങി ഒരു ബന്ധുവിന് ഇത് പകുതി വിലയ്ക്ക് വിൽക്കുകയും ചെയ്തു. ഇക്കാര്യം വീട് വാങ്ങിയ ബന്ധു മറ്റു കുടുംബക്കാരെയെല്ലാം അറിയിച്ചതോടെ മെങ് പറഞ്ഞതെല്ലാം അവർ അപ്പാടെ വിശ്വസിക്കുകയായിരുന്നു.

ഇവരുടെ വാക്കു വിശ്വസിച്ച് ബന്ധുക്കളിൽ പലരും പുതുതായി വികസിപ്പിച്ച റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഷോറൂമുകൾ സന്ദർശിച്ചു. മാർക്കറ്റ് വിലയേക്കാൾ 20 ശതമാനമെങ്കിലും വിലക്കുറവിൽ ഈ വീടുകൾ വാങ്ങി നൽകാമെന്നായിരുന്നു ഉറപ്പ്. ഇത് വിശ്വസിച്ച് ബന്ധുക്കൾ പണം കൈമാറി. നിലവിൽ സ്വന്തമായി ഉണ്ടായിരുന്ന വീട് വിറ്റു പോലും പണം നൽകിയവർ ഈ കൂട്ടത്തിൽ ഉണ്ട്. ഇത്തരത്തിൽ 12.8 കോടി രൂപയാണ് മെങ് സമ്പാദിച്ചത്.
2018 നും 2019 നും ഇടയിൽ ഇവർ അപ്പാർട്ടുമെന്റുകൾ വാടകയ്‌ക്കെടുത്ത് അവ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് അവർ വാങ്ങിയ ഫ്ലാറ്റുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകളെക്കുറിച്ച് ബന്ധുക്കൾ ചോദ്യം ചെയ്തപ്പോഴാകട്ടെ കുറഞ്ഞ വിലയിൽ വാങ്ങിയ പ്രോപ്പർട്ടികൾക്ക് അവ ലഭിക്കുന്നത് തൽക്കാലത്തേക്ക് അസാധ്യമാണ് എന്നായിരുന്നു മറുപടി.
ഇതിൽ സംശയം തോന്നിയ ഒരാൾ തങ്ങൾ താമസിച്ചുകൊണ്ടിരുന്ന വീടിന്റെ യഥാർഥ ഡെവലപ്പറെ സമീപിച്ചപ്പോഴാണ് അത് വാടകവീടാണെന്ന സത്യം വെളിയിൽ വന്നത്. സ്വന്തം വീടാണെന്ന് തെറ്റിദ്ധരിച്ച് വാടകവീടുകളിൽ നവീകരണ പ്രവർത്തനങ്ങൾ വരെ നടത്തിയ ബന്ധുക്കൾ ഇതോടെ വെട്ടിലായി. ഇവരുടെ ബന്ധുക്കളിൽ ഒരാൾ തന്നെ ഇവർക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ തട്ടിപ്പ് തെളിഞ്ഞതോടെ കോടതി പന്ത്രണ്ടര വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തട്ടിപ്പിന് കൂട്ടുനിന്ന ജിയാങ്ങിന് അഞ്ചുവർഷത്തെ തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്.