ഇതാണ് ബോചെയുടെ സ്വർഗം! ഇതുവരെ കാണാത്ത ആഡംബരക്കാഴ്ചകൾ; വിഡിയോ
Mail This Article
ഒരേസമയം പല റോളുകൾ കൈകാര്യം ചെയ്യുന്നയാളാണ് ബോബി ചെമ്മണ്ണൂർ. അടിസ്ഥാനപരമായി ബിസിനസുകാരനാണെങ്കിലും ജീവകാരുണ്യം, സ്പോർട്സ് അടക്കമുള്ള മേഖലകളിലെല്ലാം ആരാധകരുടെ ‘ബോചെ’ നിറഞ്ഞുനിൽക്കുന്നു. സ്വർണ ബിസിനസിൽനിന്ന് വിവിധ മേഖലകളിലേക്ക് പടർന്ന സാമ്രാജ്യമാണ് അദ്ദേഹത്തിന്റേത്. സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുന്നയാളാണ് എങ്കിലും ഇതുവരെ തന്റെ വീട് ബോചെ പരിചയപ്പെടുത്തിയിരുന്നില്ല. ഇതാദ്യമായി വീടിന്റെ വിശേഷങ്ങൾ ബോബി ചെമ്മണ്ണൂർ പങ്കുവയ്ക്കുന്നു.
‘‘കോഴിക്കോട് പാലാഴിയിലാണ് ഈ വീട്. സ്വച്ഛസുന്ദരമായ കുന്നിൻപുറത്തുള്ള വില്ല പ്രോപർട്ടിയാണിത്. മാസത്തിന്റെ പകുതിയും ചെലവഴിക്കുന്നത് തൃശൂരാണ്. ബാക്കിയുള്ള സമയങ്ങളിൽ പലഭാഗത്തായി ഊരുചുറ്റി നടക്കും. വീടിനകത്തേക്കു കേറുമ്പോൾ അതിവിശാലമായ ഒരു ഹാളാണ്. ഇവിടെ ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നു. അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന മേൽക്കൂരയിലൂടെ കാറ്റും മഴയും ഉള്ളിലെത്തും.
വീട്ടിലെ ഹൈലൈറ്റ് ഹാളിലെ മേൽക്കൂരയാണ്. ആകാശമാണ് തീം. മറ്റൊരു പ്രത്യേകത മറഡോണയോടൊപ്പമുള്ള ചിത്രമാണ്. ഇത് ജപ്പാനിൽ നിന്നുള്ള ടൈൽസിലാണ് ചെയ്തിരിക്കുന്നത്. അഗ്നിപർവതം പൊട്ടി വരുന്ന ലാവയിൽനിന്ന് നിർമിക്കുന്നതാണിത്. ഇതിന് ജീവനുള്ള ടൈൽസ് എന്നാണ് പറയുന്നത്. മുറിയിൽ എന്തെങ്കിലും നെഗറ്റിവ് എനർജിയോ ദുർഗന്ധമോ ഉണ്ടെങ്കിൽ ഇത് ടൈൽ വലിച്ചെടുക്കും. റൂം എപ്പോഴും ഫ്രഷ് ആയിരിക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത് സഹായിക്കുന്നു.
ലിവിങ്ങിന്റെ മറ്റൊരു ഭിത്തിയിൽ അച്ഛൻ, അമ്മ, ഭാര്യ, മകൾ പിന്നെ എന്റെയും ചിത്രങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്നു. കുടുംബം എപ്പോഴും നമുക്ക് പ്രിയമാണ്. സിൽവർ കളറിലുള്ള കൊളോണിയൽ രീതിയിലുള്ള ഫർണിച്ചറുകൾ ലിവിങ്ങിനെ മനോഹരമാക്കുന്നു.
ഞാനൊരു പഠിക്കാത്ത ആർക്കിടെക്ടാണ്. അത്യാവശ്യം ആശാരിപ്പണിയൊക്കെ അറിയാം. അതുകൊണ്ട് ഡിസൈൻ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അങ്ങനെ ചെയ്ത സ്പെഷലായ ഒരു ഇന്റീരിയർ വർക്കാണ് ഗ്ലാസ് കൊണ്ടുള്ള ഒരു ലോഞ്ചും ഗ്ലാസ് ചെയറുകളും. ഇതിനടിയിലായി ഒരു ജിം സെറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. അതിന്റെ പണി പൂർത്തിയായിട്ടില്ല.
ഹാൾ എപ്പോഴും വിശാലമായിരിക്കണം. കാറ്റും വെളിച്ചവും നിറയണം. അതിനാൽ സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളാണ് ഇവിടെയുള്ളത്. ലിവിങ്ങിൽനിന്ന് പുറത്തേക്ക് ഒരു ചെറിയ സ്പേസ് കൊടുത്തിട്ടുണ്ട്. അവിടിരുന്നാണ് ഞാൻ ചായ കുടിക്കുന്നത്. പഴയകാലത്ത് നമ്മൾ അടുക്കളയിലിരുന്നാണല്ലോ കഴിക്കാറുള്ളത്. ആ ഗൃഹാതുരതയുള്ളതിനാലാകും, ഡൈനിങ്ങ് റൂം ഉണ്ടെങ്കിലും കിച്ചനിലിരുന്നാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം ചൂടോടെ കഴിക്കാമല്ലോ.
താഴെ രണ്ടു കിടപ്പുമുറികളാണുള്ളത്. മാസ്റ്റർ ബെഡ്റൂമിന്റെ സീലിങ്ങിൽ സ്വർഗത്തെ ഓർമിപ്പിക്കുന്ന ഒരു തീമാണ് കൊടുത്തിരിക്കുന്നത്. കൊളോണിയൽ ദേവാലയങ്ങളിലെ സീലിങ്ങിനെ ഓർമിപ്പിക്കുന്ന ഡിസൈൻ...
വീട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റ് എനിക്ക് ധ്യാനിച്ചിരിക്കാനായി ഒരുക്കിയ ഗുഹയും ഫൗണ്ടനുമാണ്. വീട്ടിൽ എനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണിത്. മൂന്നു വർഷമെടുത്താണ് ഇത് ഏകദേശം പൂർത്തിയാക്കിയത്. ഇവിടെ ഒരു മരം കൂടി വരാനുണ്ട്. 600 വർഷം പഴക്കമുള്ള ഒരു മരമാണത്. ഒരുപാട് യുദ്ധങ്ങൾ കണ്ട മരം. സമീപം ഗാർഡന്റെ പണി പുരോഗമിക്കുന്നു. പൂർത്തിയാകുമ്പോൾ വൈകുന്നേരങ്ങൾ സജീവമാക്കാൻ നല്ലൊരു പാർട്ടി സ്‌പേസായി ഇവിടംമാറും.’’
ഇനിയുമുണ്ട് സർപ്രൈസുകൾ. അവ വിഡിയോ കണ്ടാസ്വദിക്കൂ...