കിട്ടാക്കനി, വൈറ്റ് പെപ്പർ ഹോട്ട് പെപ്പറായി; കുത്തനെ ഇടിഞ്ഞ് ഏലം: വിപണിയിൽ സംഭവിക്കുന്നത്

Mail This Article
വൈറ്റ് പെപ്പർ ഹോട്ട് പെപ്പറായി, ഇറക്കുമതി രാജ്യങ്ങൾ വെളളക്കുരുമുളകിനു വേണ്ടി പരക്കം പായുന്നു. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വെള്ളക്കുരുമുളക് ഉൽപാദിപ്പിച്ചിരുന്ന ബ്രസീൽ ചരക്കുക്ഷാമം മൂലം രംഗത്തുനിന്ന് അകന്നു. ഈസ്റ്റർ അടുത്തതോടെ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ശക്തമായ വാങ്ങൽ താൽപര്യം സ്റ്റോക്കിസ്റ്റുകളെ നിരക്ക് അടിക്കടി ഉയർത്താൻ പ്രേരിപ്പിക്കുകയാണ്. മലേഷ്യ വൈറ്റ്‌പെപ്പർ വില ടണ്ണിന് 12,000 ഡോളറായി ഉയർത്തിയതുകണ്ട് ജക്കാർത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്തൊനീഷ്യൻ കയറ്റുമതിക്കാർ അവരുടെ വില 10,100 ഡോളറിലേക്ക് ഉയർത്തിയപ്പോൾ വിയറ്റ്‌നാം 9550 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ലോക വിപണിയിൽ വെള്ളക്കുരുമുളകിനുള്ള ദൗർലഭ്യം കണക്കിലെടുത്താൽ വില ഇനിയും ഉയരുമെന്ന സൂചനയാണ് രാജ്യാന്തര വിപണിയിലെ വൻ സ്രാവുകളിൽനിന്നും ലഭ്യമാവുന്നത്. വിവിധ രാജ്യങ്ങളിൽ സ്റ്റോക്ക് നില അത്രമാത്രം ചുരുങ്ങിയെന്ന യാഥാർഥ്യം ഇറക്കുമതിക്കാർക്കും ബോധ്യമായെങ്കിലും വിലക്കയറ്റം ഭയന്ന് ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ യൂറോപ്യൻ ബയർമാർ തയാറായില്ല.

വലുപ്പം കൂടിയ ഇനം ഏലത്തിന് 3000 രൂപയുടെ നിർണായക താങ്ങു നഷ്‌ടമായി. ഈ വർഷം ആദ്യമായാണ് മികച്ചയിനങ്ങൾക്ക് ഇത്രമാത്രം ശക്തമായ തിരിച്ചടി നേരിടുന്നത്. തേക്കടിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങളുടെ വില 2962 രൂപയിലേക്ക് ഇടിഞ്ഞു, ജനുവരി 9നു രേഖപ്പെടുത്തിയ 4511 രൂപയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. ഒരു കിലോയ്‌ക്ക് 1549 രൂപയുടെ ഇടിവാണ് കേവലം രണ്ട് മാസത്തിനിടയിൽ സംഭവിച്ചത്. മുന്നിലുള്ള ഓഫ് സീസൺ കാലയളവിൽ വില ഉയരുമെന്ന കണക്കുകൂട്ടലിൽ ചരക്ക് പിടിച്ചവരെ ഇന്നത്തെ വിലത്തകർച്ച ഞെട്ടിച്ചു. ശരാശരി ഇനങ്ങൾ കിലോ 2654 രൂപയിൽ കൈമാറി. മൊത്തം 54,220 കിലോ ചരക്ക് ലേലത്തിന് എത്തിയതിൽ 52,647 കിലോയും വിറ്റഴിഞ്ഞു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തിൽ താൽപര്യം കാണിച്ചു. വരൾച്ച രൂക്ഷമാകുന്നതിനാൽ ഏലക്കർഷകർ കനത്ത സമ്മർദ്ദത്തിലാണ്. കഴിഞ്ഞ വർഷം ഏലക്കർഷകർക്ക് വരൾച്ച മൂലം നേരിട്ട നഷ്‌ടം 113 കോടി രൂപയാണ്. എന്നാൽ കേവലം പത്തു കോടി രൂപ മാത്രമാണ് സംസ്ഥാന സർക്കാർ ഉൽപാദകർക്ക് ആശ്വാസധനം അനുവദിച്ചത്. ഏതാണ്ട് 22,000 കർഷകർക്ക് വരൾച്ച മൂലം അന്ന് കൃഷിനാശം സംഭവിച്ചു.
കമ്പോള നിലവാരം ജില്ല തിരിച്ചുള്ളത്: ഇവിടെ ക്ലിക്ക് ചെയ്യുക