വിൽപന ലുലുവിന്; ഡീപ് വാട്ടർ ലെറ്റ്യൂസ് കൃഷി; മാസം ലക്ഷങ്ങൾ നേടുന്ന വയനാടൻ കൃഷിയിടം
Mail This Article
ലോലോ ബിയോണ്ട എന്നു കേട്ടിട്ടുണ്ടോ? ഒരിനം ലെറ്റ്യൂസ് ആണ്. ബർഗറുകളിലും മറ്റും ഈയിനമാണത്രെ ഉപയോഗിക്കേണ്ടത്. എന്നാൽ, കിട്ടാനില്ലാത്തതു മൂലം ചൈനീസ് കാബേജ് പോലുള്ള മറ്റ് ഇലവർഗങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കുന്നതെന്നുമാത്രം. ഇലവർഗങ്ങൾക്ക് പൊതുവേയു ള്ള ചവർപ്പ് തീരെയില്ലെന്നതും കറുമുറ കടിച്ചു തിന്നാമെന്നതുമാണ് ലോലോ ബിയോണ്ടയുടെ മികവ്.
നാട്ടിൽ കിട്ടാനില്ലാത്ത ലോലോ ബിയോണ്ട കൃഷി ചെയ്ത് ദുബായിലേക്കും മറ്റും കയറ്റുമതി ചെയ്യുന്ന ഒരു കർഷക കമ്പനിയുണ്ട് കേരളത്തിൽ, അതും വയനാട്ടിലെ പുൽപള്ളിക്കു സമീപം അതിർത്തിഗ്രാമമായ കൊളവള്ളിയിൽ കർഷകനായ പി.ജെ.സുഖ്ദേവ്, സഹോദരൻ പി.ജെ.ജ്യോതിബസു എന്നിവരുൾപ്പെടെ 10 കൃഷിക്കാരാണ് ഇതിൽ നിക്ഷേപിച്ചിരിക്കുന്നത്. വയനാട് എക്സോട്ടിക് ഫ്രൂട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നു പേരിട്ടിരിക്കുന്ന ഈ സംരംഭത്തിന്റെ മാനേജിങ് ഡയറക്ടർ സുഖ്ദേവാണ്. ആകെ 4000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള രണ്ടു പോളിഹൗസുകളിൽ പ്രവർത്തിക്കുന്ന ഈ സംരംഭം കേന്ദ്ര സർക്കാരിന്റെ അഗ്രി ഇൻഫ്രാസ്ട്രക്ചര്‍ ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണു തുടങ്ങിയത്.
ഹൈഡ്രോപോണിക്സ് സാങ്കേതികവിദ്യയില്‍ ഇത്രയും വിപുലമായി വാണിജ്യോൽപാദനം നടത്തുന്ന സംരംഭം നമ്മുടെ നാട്ടിൽ ആദ്യമായിട്ടാവും. ആഴ്ച തോറും 2 ബാച്ചുകളിലായി 400 കിലോ ലെറ്റ്യൂസാണ് ഇവിടെ വിളവെടുക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഇവിടെ വിളവെടുപ്പ് നടക്കും. വിള വെടുത്ത ലെറ്റ്യൂസ് വേരുകൾ നീക്കി വൃത്തിയാക്കി കാർട്ടൺ ബോക്സുകളിൽ പായ്ക്ക് ചെയ്യുന്നു. ബോക്സിൽ 2.5 കിലോ ലെറ്റ്യൂസാണ് ഉണ്ടാവുക. പായ്ക്ക് ചെയ്ത ലെറ്റ്യൂസ് താപനില ക്രമീകരിക്കാൻ സൗകര്യമുള്ള റീഫർ വാനിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച് ദുബായിലേക്ക് വിമാനം കയറ്റുകയാണ് ഇവർ ആദ്യം ചെയ്തത്. എന്നാൽ, സീസണനുസരിച്ച് ഇതിൽ മാറ്റം വരും. ഇപ്പോൾ ദുബായ് വിപണിയിൽ വില താഴ്ന്നുനിൽക്കുന്നതിനാൽ കേരളത്തിലാണു കൂടുതലായി വിൽക്കുന്നത്. വയനാട് മുതൽ തൃശൂർ വരെയുള്ള സൂപ്പർമാർക്കറ്റുകൾക്കും ബർഗർ ഷോപ്പുകളിലുമാണ് പ്രധാനമായി നൽകുന്നത്. ഇവിടെ ലെറ്റ്യൂസിന് നല്ല ഡിമാൻഡ് ഉണ്ടെന്ന് സുഖ്ദേവ് പറഞ്ഞു.
ദുബായിൽ സ്വന്തമായി ഹൈഡ്രോപോണിക്സ് ഫാം നടത്തുന്ന ജ്യോതിബസുവിന്റെ പരിചയസമ്പത്താണ് വയനാട് എക്സോട്ടിക് ഫ്രൂട്ട് ഫാർമേഴ്സ് കമ്പനി ഇവിടെ പ്രയോജനപ്പെടുത്തുന്നത്. ദുബായിലേക്കാൾ കുറഞ്ഞ പ്രവർത്തനച്ചെലവിൽ ഇവിടെ ഫാം നടത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈഡ്രോ പോണിക്സ് രീതിൽ ചെറി ടൊമാറ്റോ പോലുള്ള വിളകളുടെ പരീക്ഷണ കൃഷിയും ഇവിടെ നടന്നുവരുന്നു.
നമ്മുടെ നാട്ടിലെ മറ്റ് ഹൈഡ്രോപോണിക്സ് സംരംഭങ്ങളിൽനിന്നു വ്യത്യസ്തമായി ഡീപ് വാട്ടർ കൾചർ രീതിയിലാണ് ഇവിടെ കൃഷി. പോഷകലായനി നിറച്ച ടാങ്കിൽ പൊന്തിക്കിടക്കുന്ന തെർമോകോൾ ഷീറ്റുകളിലെ ദ്വാരങ്ങളിൽ തൈ നടുന്ന രീതിയാണിത്. വിളയുടെ വേരുകൾ സദാ സമയവും പോഷകലായനിയിൽ മുങ്ങിയിരിക്കും. വേരുകൾക്ക് പ്രാണവായു ലഭിക്കാനായി എല്ലാ ടാങ്കിലും എയ്റേഷൻ സൗകര്യവുമുണ്ടാവും. ഒരേക്കറോളം കുന്നിൽചെരിവിൽ ഭൂമി നിരപ്പാക്കാതെ നിർമിച്ച പോളിഹൗസിലാണ് ഇവരുടെ ഫാം. വിവിധ തട്ടുകളിലായി 32 ടാങ്കുകളാണ് ഇതിലുള്ളത്; 3.8 മീറ്റർ വീതിയും 22 മീറ്റർ നീളവുമുള്ള എച്ച്ഡിപിഇ ഷീറ്റ് വിരിച്ച ടാങ്കുകളാണിവ. ഓരോന്നിലും എട്ട് ഇഞ്ച് ആഴത്തിൽ പോഷകദ്രാവകം നിറച്ചിരിക്കുന്നു. ചെരിവുള്ള ഭൂമിയായതിനാൽ ഓരോ ടാങ്കിൽനിന്നും ഈ ലായനി താഴേ തട്ടുകളിലേക്ക് താനേ ഒഴുകിക്കൊള്ളും.
എല്ലാ ആഴ്ചയും നിശ്ചിത തോതിൽ വിളവെടുപ്പ് സാധ്യമാകുന്നവിധം ഇതിൽ തൈകൾ നടുന്നു. ഷീറ്റുകൾ നിരത്തി അതിലെ ദ്വാരങ്ങളിൽ 15 ദിവസം പ്രായമായ തൈകളാണു നടുക. അതിനു മുന്നോടിയായി ചെറിയ ഒയാസിസ് ക്യൂബുകളിൽ വിത്തു പാകി കിളിർപ്പിക്കും. മുൻകൂട്ടിയുള്ള ഓർഡറുകളും സീസണും പരിഗണിച്ചാണ് നടേണ്ട ചെടികളുടെ എണ്ണം തീരുമാനിക്കുക. ലെറ്റ്യൂസിന്നു പുറമേ, ചെറി ടൊമാറ്റോയു ടെ പരീക്ഷണക്കൃഷിയും ഇവിടെ നടന്നുവരുന്നു. ഒരു കുലയിൽ 8 കായ്കളിലധികമുണ്ടാകുന്ന ഹൈബ്രിഡ് വിത്താണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ ഇനങ്ങൾ ഹൈഡ്രോപോണിക്സിലൂടെ ഉൽപാദിപ്പിച്ച് സാലഡ് ബോക്സായി സൂപ്പർ മാർക്കറ്റുകളിലെത്തിക്കാമെന്നാണ് ഇവരുടെ ആഗ്രഹം.
കൂടാതെ, വിവിധയിനം വിദേശ പഴവർഗങ്ങളുടെ കൃഷിയിലും ഇവർ മുതൽ മുടക്കിയിട്ടുണ്ട്. സ്വന്തം ഭൂമിയിൽ അവ്ക്കാഡോയും റംബുട്ടാനും മങ്കോസ്റ്റിനും അബിയുവുമൊക്കെ വിപുലമായി കൃഷി ചെയ്യുന്നു. ഒപ്പം മറ്റു കർഷകര്‍ക്കു വിദേശയിനം പഴങ്ങളുടെ തോട്ടമൊരുക്കി പരിപാലിച്ചുകൊടുക്കുന്ന ബിസിനസും നടത്തുന്നുണ്ട്. വിളവെടുപ്പാകുന്നതുവരെ നിശ്ചിത നിരക്കിലും പിന്നീട് ലാഭം പങ്കിടുന്ന വിധത്തിലുമായിരിക്കും ഈ കൃഷി. ഇതിലൂടെ ഉൽപാദിപ്പിക്കുന്ന പഴങ്ങൾ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
ഫോൺ: 9447235513