ADVERTISEMENT

വിദേശത്ത് ജോബ് റിക്രൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി പ്രശാന്ത് ജഗൻ കോവിഡ്കാലത്ത് തൊഴിൽപ്രതിസന്ധി നേരിട്ട ഒട്ടേറെപ്പേരിൽ ഒരാളാണ്. എന്നാൽ പ്രതിസന്ധികാലം മറികടന്ന് നല്ല നാടൻ കുടമ്പുളിയെ നാട്ടിലും മറുനാട്ടിലുമുള്ള മലയാ‌ളിയുടെ അടുക്കളയിലേക്ക് റിക്രൂട്ട് ചെയ്യുന്ന തിരക്കിലാണിപ്പോൾ പ്രശാന്ത്.  തുണയായത് പത്തനംതീട്ട കൃഷിവിജ്ഞാനകേന്ദ്രം നൽകിയ പരിശീലനം.

kudampuli

കറയും കാരച്ചുവയും തീരെയില്ലാത്ത, നല്ല വലുപ്പമുള്ള ഒന്നാന്തരം വരിക്ക കുടമ്പുളി ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ട. കേരളത്തിൽത്തന്നെ ഏറ്റവും മികച്ച കുടമ്പുളി വിളയുന്ന പ്രദേശം എന്നു പറഞ്ഞാലും തെറ്റില്ല. പത്തനംതിട്ടയിലെ പുളിക്കീഴിന് ഈ പേരു വന്നതുതന്നെ പുളിക്ക് പുകൾ പെറ്റ നാട് എന്ന നിലയ്ക്കെന്നു പ്രശാന്ത്. നാട്ടിലെത്തി ഏതെങ്കിലും സംരംഭത്തിലേക്കു തിരിയാമെന്നു ചിന്തിച്ചപ്പോൾ പുകരഹിത കുടമ്പുളി നിർമാണപരിശീലനത്തിൽ കണ്ണുടക്കിയതും സ്വന്തം നാടിന്റെ കുടമ്പുളിപ്പെരുമകൊണ്ടു തന്നെ.

വിപണിയിൽനിന്നു ലഭിക്കുന്നതാവട്ടെ, സ്വന്തം ആവശ്യത്തിന് ഉണങ്ങിയെടുക്കുന്നതാവട്ടെ, നില വിൽ കുടമ്പുളി ലഭിക്കുന്നത് അത്ര ആരോഗ്യകരമായ രീതിയിലല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴുകിയാലും നീങ്ങാത്ത കരിതന്നെ പ്രശ്നം. ജൂലൈയിൽ തുടങ്ങി ഓഗസ്റ്റ് വരെയും ചിലപ്പോള്‍ സെപ്റ്റംബർ വരെയും നീളുന്നതാണ് കുടമ്പുളി സീസൺ. വെയിലത്തുണങ്ങാൻ കാലാവസ്ഥ അനുകൂലമല്ലാത്തതുകൊണ്ട് മിക്കവരും കുടമ്പുളി ഉണക്കിയെടുക്കുന്നത് കമുകിന്റെ വാരി കൊണ്ടോ മറ്റോ നിർമിച്ച ചേരിൽ നിരത്തി, കീഴെ തീ കത്തിച്ചുതന്നെ. 

kudampuli-2

നല്ല കറുകറുത്ത തിളക്കത്തിൽ പുളിയുണങ്ങിക്കിട്ടുമെങ്കിലും കരിയും പുകച്ചുവയും പുളിയിൽ ചേരുമെന്ന പോരായ്മയുണ്ട്. കരിയും പുകയും കലരാതെ ഡ്രയറിൽ കുടമ്പുളിയുണങ്ങാൻ പത്തനംതിട്ട കെവികെയിലെ ഡോ. ഷാന ഹർഷനിൽനിന്നു പരിശീലനം ലഭിച്ചെന്ന് പ്രശാന്ത്. സംരംഭകര്‍ക്കു പ്രാരംഭ ഘട്ടത്തിൽ കെവികെയുടെതന്നെ ഇൻക്യുബേഷൻ സെന്ററിലെ ഡ്രയർ ഉപയോഗിക്കാന്‍  അവസരമുണ്ട്. പ്രശാന്ത് പ്രയോജനപ്പെടുത്തിയതും ഈ അവസരംതന്നെ.

പത്തനംതിട്ട ജില്ലയിലെ പുളിസമൃദ്ധമായ പ്രദേശങ്ങളിൽനിന്നെല്ലാം കർഷകർക്കു ന്യായവില നൽ കി സീസണിൽ പ്രശാന്ത് കുടമ്പുളി സംഭരിക്കുന്നു. കായ നീക്കി ശുദ്ധജലത്തിൽ കഴുകി പുളി വൃ ത്തിയാക്കുന്നതു ശ്രദ്ധയോടെ വേണമെന്നു പ്രശാന്ത്. കല്ലും മണ്ണുമെല്ലാം നന്നായി  നീക്കണം. ഡ്ര യറിൽ ഇടുന്നതിനു മുൻപ് ഒരു വട്ടം വെയിലത്തുണങ്ങിയാൽ ഡ്രയറിലെ സമയം കുറയ്ക്കാമെന്നും അതു വഴി കറന്റു ചാർജ് കുറയുമെന്നും പ്രശാന്ത് പറയുന്നു. വെയിലത്തിട്ട് വെള്ളം വാർന്ന ശേഷം 8–10 മണിക്കൂറുകൊണ്ട് ഡ്രയറിൽ പുളി പൂർണമായും ഉണങ്ങിക്കിട്ടും.

ഇങ്ങനെ ഉണക്കിയെടുക്കുന്ന പുളിക്ക് ചുവപ്പു കലർന്ന കറുപ്പു നിറമായിരിക്കും. ഈ പുളി 70–80 ദിവസം മൺഭരണിയിൽ അടച്ചുവയ്ക്കുന്നതോടെ കരി കലരാതെതന്നെ ആകർഷകമായ കറുപ്പു നിറമെത്തും. ഈ രീതിയിൽ സംസ്കരിച്ചെടുത്ത പുളിയത്രയും വിറ്റഴിക്കുന്നത് സാമൂഹിക മാധ്യമങ്ങൾ വഴിയാണെന്നു പ്രശാന്ത്. ബെംഗഉൂരു, ചെന്നൈ, ബോംബെ മലയാളികളുൾപ്പടെ കുടമ്പുളിക്ക് ആവശ്യക്കാർ ഒട്ടേറെ.

kudampuli-3

കുടംപുളിയുടെ ആരോഗ്യ മേന്മകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ വളർന്നപ്പോഴാണ്  ഈ മേഖലയിലെ സാധ്യതകൾ കുടമ്പുളിയിട്ടുവച്ച മീൻകറിയിൽ ഒതുങ്ങുന്നില്ലെന്ന് മനസ്സിലായതെന്നു പ്രശാന്ത്. കുടമ്പുളിയിലുള്ള ഹൈഡ്രോക്സി സിട്രിക് ആസിഡിന് കൊഴുപ്പുണ്ടാക്കുന്ന എൻസൈമുകളെ തടയാന്‍ കഴിവുണ്ടെന്നും അമിതവണ്ണത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ ഘടകത്തിനു കഴിയുമെന്നും ഗവേഷകർ. ഈ കണ്ടെത്തലോടെ നിലവിൽ ആരോഗ്യദായക ഔഷധനിർമാണ മേഖലയായ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായം കുടമ്പുളിക്കു കാര്യമായ ശ്രദ്ധ നൽകുന്നുണ്ട്. കുടമ്പുളിയിൽനിന്നുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ വിദേശ വിപണിയിലെത്തുന്നുമുണ്ട്. ഈ വഴിക്കു കൂടി നീങ്ങാനുള്ള ശ്രമത്തിലാണ് പ്രശാന്ത്. എന്നാൽ സാധ്യതകൾ ഏറെയുള്ള കുടമ്പുളിയെ പലരും പറമ്പിൽ അധികപ്പറ്റായിക്കണ്ട് വെട്ടിനീക്കുകയാണെന്നു പ്രശാന്ത് പറയുന്നു.

ഫോൺ: 7356057398 

English summary: Malabar Tamarind Kudam Puli Garcinia Cambogia drying method

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com