ഗലികളിലേക്ക് ലഹരിമരുന്നു കടത്തണം, എതിർത്ത് മോഹിതയും മോറിയയും, പിന്നെ സംഭവിച്ചത്
Mail This Article
കോഫി ഷോപ്പിൽ നിന്നിറങ്ങിയത് മുതൽ എന്നെ പല ചിന്തകളും മഥിച്ചു കൊണ്ടിരുന്നു. ഞാൻ ഓരോ നിമിഷവും എവിടെയാണെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും വളരെ കൃത്യമായി കെ.കെ. മനസ്സിലാക്കുന്നുണ്ട്. എന്തായാലും ഞാൻ തിരികെ മുറിയിലേക്ക് തന്നെ പോവാൻ തീരുമാനിച്ചു. പെട്ടന്നൊരു കാബ് കിട്ടി. ഞാൻ ആർതർ റോഡിലെ എന്റെ താമസസ്ഥലത്തു നിന്ന് കുറച്ചകലെയാണിറങ്ങിയത്. രാത്രി തിരക്കൊഴിഞ്ഞ നിരത്തിലൂടെ കുറച്ചു ദൂരം നടക്കണമെന്നു ആഗ്രഹം തോന്നിയതുകൊണ്ടായിരുന്നു അത്. ആ കുടുസുമുറിയിൽ എത്ര വൈകി എത്തുന്നോ അത്രയും നല്ലത്.
തൽക്കാലം മനസ്സൊന്ന് ശാന്തമാക്കാനായി നടത്തത്തിനിടയിൽ ചെവിയിൽ ഹെഡ്സെറ്റ് വെച്ച് കുറച്ച് പാട്ട് കേട്ടു.
‘ആനാ ആഭി ജാനാ ഇന്ധ്സാരി
ഹേ തേരി, ലേജാ ജോ രിഷ്? തോം കീ
രെസ്ഗാരി ഹേ തേരീ ഓ.....’ അർമാൻ മാലിക്കിന്റെ ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് ആയുഷ്മാന്റെ പ്രകടനവും. കൂടെ ഞാനും പാടിപ്പോയി: ‘ആനാ ആഭി ജാനാ
ഇൻന്ധ്സാരീ ഹേ കെ.കെ.... ലേജാ ജോ രിഷ്തോം കീ രെസ്ഗാരീ ഹേ തേരി...’ ഇങ്ങനെ മൂളിപ്പാട്ടുപാടിയപ്പോൾ ഒരല്പം ഉന്മേഷമൊക്കെ തോന്നുകയും ചെയ്തു.
മുറിയിലെത്തിയതും കൈകളിലെല്ലാം സാനിറ്റൈസർ പുരട്ടി ഉടുപ്പുകൾ മാറ്റി വേഗം പുസ്തകമെടുത്ത് കസേരയിലിരുന്നു. വാസിമിനെ സഹായിച്ച ആ മലയാളിയെക്കുറിച്ചറിയാൻ ഞാൻ ആകാംക്ഷയോടെ പുസ്തകത്തിലൂടെ കണ്ണോടിച്ചു.
കഥയിലായാലും നോവലിലായാലും ഒരു ട്വിസ്റ്റ് ഉണ്ടാവും. ചിലപ്പോൾ ജീവിതത്തിലും സംഭവിക്കാം. എനിക്കും അത്തരത്തിലൊരു അനുഭവമുണ്ടല്ലോ?
പക്ഷേ ഇവിടെ സംഭവിച്ച ട്വിസ്റ്റ് ഒരൊന്നൊന്നര ട്വിസ്റ്റ് തന്നെയായിരുന്നു. വാസിമിന്റെ വലംകൈയും, മുംബൈ സിറ്റിയിലെ ഗലികൾ തൊട്ട് ബിസിനസ്സ് ടൈക്കൂണുകളുടെ രാജകീയ വസതികളിൽ വരെ മയക്ക് മരുന്നും സ്വർണവും കടത്തിയ ആ മലയാളി മിസ്റ്റർ ‘ശരത്ത് ദാസ്’ ആയിരുന്നു. അതേ ശരത്ത്, മുംബൈ ടൈംസിന്റെ സ്ഥാപകയും, വാസിം ജാഫറിന്റെ കൊലപാതകികൾക്കായുള്ള പോലീസ് അന്വേഷണത്തിൽ നിർണായക പങ്ക് വഹിച്ച ലേഖനങ്ങൾ എഴുതുകയും ചെയ്ത സുതപ ദേശ്മുഖിന്റെ ഭർത്താവ്.
ഞാനാകെ വണ്ടറടിച്ച് പോയി. എനിക്ക് തലപെരുക്കുന്നത് പോലെ തോന്നി. മോഹിതയും മോറിയയും കൊലപ്പെടുത്തിയത് വാസിം ജാഫറിനെ, വാസിമിന്റെ റൈറ്റ് ഹാന്റ് ശരത്ത്, അയാളുടെ ഭാര്യ സുതപ. മൊത്തത്തിൽ ഒരു ട്രയാംഗിൾ ത്രില്ലിങ് സ്റ്റോറിയായി കഥ വളരുകയാണ്.
ഞാൻ തുടർന്ന് വായിച്ചു. ശരത്ത് ദാസ് വാസിമിന്റെ ഒരു രഹസ്യ പങ്കാളിയായിരുന്നു. അയാളും ഈ ഡോണും തമ്മിലുള്ള ബന്ധമൊന്നും പുറംലോകത്തെ ആർക്കും അറിയില്ലായിരുന്നു പ്രധാനമായും രാത്രികാലങ്ങളിലായിരുന്നു അവർ തമ്മിലുള്ള കൂടിക്കാഴ്ച്ചകളും ഇടപാടുകളുമെല്ലാം. സമൂഹത്തിൽ നല്ലൊരു സ്ഥാനവും ജീവിതവുമൊക്കെയുള്ള ഇങ്ങേർക്കിതിന്റെ എന്താവശ്യമാണുള്ളതെന്ന് ഞാൻ ആലോചിച്ചു. പക്ഷേ ഈ പുസ്തകത്തിൽ അയാളുടെ പൂർവ്വ കഥയൊന്നും പറയുന്നില്ല, വാസിമിന്റെ കേവലമൊരു അനുചരനും പങ്കാളിയും അത് മാത്രമാണ് ശരത്ത്.
മോഹിതയും മോറിയയും അവരുടെ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ വാസിം ഒരു ദിവസം ശരത്തിനെ അവരുടെ വീട്ടിലേക്കയച്ചു. തുടക്കത്തിൽ മയത്തിൽ കാര്യങ്ങൾ പറഞ്ഞ് അവരെ തിരികെ ജോലിയിലേക്ക് കൊണ്ടുവരാൻ ശരത്ത് ശ്രമിച്ചു. പക്ഷേ എത്ര നിർബന്ധിച്ചിട്ടും, കാശും സ്വത്തുമൊക്കെ ഓഫർ ചെയ്തിട്ടും മോഹിതയും മോറിയയും അതിലൊന്നും വീണില്ല. ഇത് കണ്ട് ടെംമ്പർ തെറ്റി ശരത്ത് ഒടുവിൽ വാസിമിന്റെ തഗ്ഗുകളുടെ സ്ഥിരം നമ്പർ തന്നെ മോഹിതക്കും മോറിയക്കും നേരേ പ്രയോഗിച്ചു. മുഖത്തടിച്ചും കമ്പി കൊണ്ട് തല്ലി കാൽമുട്ട് പൊട്ടിച്ചിട്ടും മോഹിതയും മോറിയയും അയാളുടെ ആവശ്യം സമ്മതിച്ചില്ല. എത്ര തല്ല് കിട്ടിയിട്ടും അവരൊന്ന് കരഞ്ഞ് പോലുമില്ല.
അയാൾ അവരെ ശ്വാസം മുട്ടിച്ചു. ചെയ്യാവുന്ന ഉപദ്രവങ്ങളൊക്കെ ചെയ്തു. ഒടുവിൽ ശരത്തിന് മുൻപിൽ മോഹിതക്കും മോറിയക്കും കീഴടങ്ങേണ്ടി വന്നു. അവർ വീണ്ടും ഗലികളിലേക്ക് ലഹരിമരുന്നും സ്വർണ ബിസ്ക്കറ്റുകളും കടത്താൻ തയാറായി. അല്ല, ശരത്തിന്റെ പീഡനമുറകൾ അതിന് അവരെ തയാറാക്കി. ശരത്ത് എന്നത് ഒരു മനുഷ്യനല്ല, മറിച്ചൊരു ചെകുത്താനാണ് എന്ന് എനിക്ക് തോന്നി.
ഇനിയാണ് കഥ തുടങ്ങാൻ പോകുന്നത്. ഈ കഥയിലെ വില്ലൻ പക്കാ ക്രിമിനൽ ആയ വാസിം ജാഫർ മാത്രമല്ല. ശരിയായ വില്ലൻ, അത് ശരത്ത് ദാസാണ്. കൂടുതലറിയാൻ എനിക്ക് ആകാംക്ഷയായി, ഞാൻ തുടർന്നു വായിച്ചു.
English Summary: KK Chila Anweshana Kurippukal E-Novel written by Swarandeep