ADVERTISEMENT

വെയർ വൂൾഫ്‌സും ഡ്രാഗണും ഒക്കെ വായിച്ചു കേട്ടതും കണ്ടതും വിദേശ സിനിമകളിലും ഫിക്‌ഷനിലുമാണ് എന്നിരിക്കെ മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ഒരു ഴോനറിലൂടെ ഇത്തരം കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് അനൂപ് ശശികുമാർ. ‘എട്ടാമത്തെ വെളിപാട്’ എന്ന അനൂപിന്റെ ആദ്യ നോവൽ, ത്രില്ലർ വിഭാഗത്തിൽത്തന്നെ അർബൻ ഫാന്റസി ത്രില്ലർ എന്നൊരു സബ് ഴോനർ കൂടി പരിചയപ്പെടുത്തി. വിദേശ ഫിക്‌ഷനുകളിൽ മാത്രം മലയാളികൾ വായിച്ചു പരിചയിച്ച ചില കഥാപാത്രങ്ങളെ കൊച്ചിയിലെ തെരുവുകളിലൂടെയും എഴുത്തുകാരൻ ഇറങ്ങി നടക്കാൻ വിട്ടു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം ഗോഥം, പ്രശസ്ത മർവാൻ കഥാപാത്രമായ ബാറ്റ്‌മാന്റെ കൊച്ചി വേർഷനാണ്. ബാറ്റ്മാൻ ആരാധകനായ അനൂപ് അത്തരത്തിലൊരു ‘തോമസ്’ നെ ബാറ്റ്‌മാനായി അവരോധിക്കുമ്പോൾ അർബൻ ത്രില്ലർ സാഹിത്യ ശാഖയ്ക്ക് അതും വ്യത്യസ്തമായ ഒരു അനുഭവമായിത്തീർന്നു. ഗോഥം വെറുമൊരു തുടക്കം മാത്രമായിരുന്നു, തോമസ് എന്ന സാധാരണ മനുഷ്യൻ ബാറ്റ്മാൻ ആവുന്നതിലേക്കുള്ള യാത്ര, അതുകൊണ്ടുതന്നെ ഗോഥം വായനക്കാർക്ക് നൽകിയ പ്രതീക്ഷ ചെറുതല്ല. എട്ടാമത്തെ വെളിപാടിന്റെയും ഗോഥത്തിന്റേയുമൊക്കെ തുടർ ഭാഗങ്ങളെഴുതുന്ന ആലോചനയിലാണ് എഴുത്തുകാരൻ. 

മലയാള സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും കാലത്തിനനുസരിച്ച് മാറി വരുന്ന ഭാഷയും ശൈലിയുമെല്ലാം സാഹിത്യത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ട്രെൻഡിങ്ങായി മാറിക്കൊണ്ടിരിക്കുന്ന പോപ്പുലർ ഫിക്‌ഷൻ ഏതു കാലത്തും ഒന്നാം കിടയ്ക്കും താഴെ നില നിന്നിരുന്ന ഒരു സാഹിത്യ ശാഖയായിരിക്കെ, വിപണിയുടെ മൂല്യം തിരിച്ചറിഞ്ഞ മുൻനിര പ്രസാധകർ ജനപ്രിയ സാഹിത്യങ്ങൾ കയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. പാരമ്പര്യത്തെ തച്ചുടച്ച് കൊണ്ടാണ് നവ ജനപ്രിയ എഴുത്തുകാർ കാലത്തിലേക്കിറങ്ങിയത്. ഭാഷാപരമായും സാഹിത്യ പരമായും അവർ പുതിയ രീതി പിടിച്ചു. അതിൽത്തന്നെ മുൻ നിരയിൽ നിൽക്കുന്നവരിൽ ഒരാളാണ് അനൂപ് ശശികുമാർ. ജനപ്രിയത എന്നതിൽനിന്നു സാഹിത്യത്തിന് വിട്ടു നില്പില്ലെന്നു പ്രഖ്യാപിക്കുന്നുണ്ട് അനൂപിന്റെ പുസ്തകങ്ങളും. പോപ്പുലർ ഫിക്‌ഷൻ ഏതു കാലത്തും ചില വായനക്കാരുടെ ആരോപണങ്ങളെ നേരിട്ടിട്ടുണ്ട്. അത്തരം വിവാദങ്ങളിൽ എക്കോണമിസ്റ്റ് കൂടിയായ അനൂപ് ശശികുമാർ സൂചികകളുടെയും കണക്കുകളുടെയും പക്ഷത്തു നിന്നാണ് ചിന്തിക്കുന്നത്. 

gotham-anoop-sasikumar-book

ഭാഷയും കാലവും ശൈലിയും 

ഓരോ സമയത്തും ഭാഷയ്ക്ക് ഓരോ ശൈലിയുണ്ട്. ആ കാലത്തെ നമ്മുടെ സംസാര രീതി, അച്ചടിഭാഷാ രീതി അതൊക്കെ കടം കൊണ്ടാണ് ഓരോ സാഹിത്യവും ഉണ്ടാവുക. പിന്നെ എഴുത്തുകാരന്റേതായ ഒരു ഭാഷാ പ്രയോഗ ശൈലി ഓരോരുത്തർക്കും ഉണ്ടായിട്ടുണ്ടെന്ന് ചരിത്രമെടുത്താൽ കാണാം. എംടിയെ ഒക്കെ എടുത്തു നോക്കിയാൽ വള്ളുവനാടൻ ശൈലി എല്ലായ്പ്പോഴും ഉണ്ട്. പോപ്പുലർ ഫിക്‌ഷന് മാത്രമല്ല എല്ലാ സാഹിത്യ രൂപങ്ങൾക്കും ഈയൊരു പിന്തുടർച്ചയുണ്ട്. അതുകൊണ്ട് പഴയ പോപ്പുലർ ഫിക്‌ഷൻ എല്ലായ്പ്പോഴും പഴയ ആ കാലത്തെ അനുസ്മരിപ്പിക്കും. ആ കാലത്ത്, അതുണ്ടായിരുന്ന സമയത്തെ ഭാഷയാണ് അതിലുള്ളത്, ഇന്നത്തെ കാലത്തെ ഭാഷ, ജീവിത രീതി അതെല്ലാം ഇന്നത്തെ ഫിക്‌ഷനിലുണ്ട്. പിന്നെ ഓരോതരം ഫിക്‌ഷനും അർഹിക്കുന്ന ഒരു ഭാഷാ ശൈലിയുണ്ട്, അത് തീർച്ചയായും അതിനുണ്ടാവും. പോപ്പുലർ ഫിക്‌ഷൻ എന്നത് ഏതു കാലം എന്ന് നോക്കേണ്ടതില്ല, ഏത് കാലത്തായാലും അത് സാധാരണക്കാരായ വായനക്കാർക്ക് മനസ്സിലാകുന്ന തരം ഭാഷാരീതി കൈകാര്യം ചെയ്യാറുണ്ട്. അവിടെയാണ് അതിന്റെ പ്രസക്തിയും.

അനുഭൂതിയാണ് പ്രധാനം ഉത്തരവാദിത്തങ്ങളല്ല

എന്തെങ്കിലും നമ്മൾ പണം മുടക്കി വാങ്ങുമ്പോൾ അതിന്റെ ഗുണം ഉണ്ടാവണം. ഒരു പുസ്തകം വാങ്ങുന്നത് വായിക്കുമ്പോഴുള്ള അതിന്റെ അനുഭൂതി അറിയാനാണ്. ഭയമോ സന്തോഷമോ തുടങ്ങി എന്ത് അനുഭവവും നമുക്ക് നേടാൻ ആഗ്രഹമുണ്ടാകും. അതിൽ ദാർശനിക ആനന്ദം വരെയുണ്ടാകാം. അത് നൽകാൻ പുസ്തകങ്ങൾക്ക് കഴിയേണ്ടതുണ്ട്. അതിലും വലിയ ഉത്തരവാദിത്തങ്ങളൊന്നും ഫിക്‌ഷനുകൾ ഏറ്റെടുക്കേണ്ടതില്ല. അത് പോപ്പുലർ ഫിക്‌ഷൻ ആണെങ്കിലും മറ്റു സാഹിത്യങ്ങളാണെങ്കിലും അനുഭൂതിയാണ് പ്രധാനം, അല്ലാതെ മോറൽ ക്ലാസ് എടുക്കാനോ അറിവുകൾ പകരാനോ സന്ദേശം നൽകാനോ ഒന്നുമല്ല ഫിക്‌ഷൻ എഴുതുന്നത്. 

സാഹിത്യം കാലങ്ങൾ കടക്കേണമോ..

ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞും പുസ്തകം വായിക്കപ്പെടണം എന്നു പറയാൻ ഒരു എഴുത്തുകാരനാരാണ്? അത് നമുക്കു പോലുമറിയാത്ത കാര്യമാണ്. അത്ര വർഷം കഴിഞ്ഞുള്ള മനുഷ്യരുടെ കാലം, ജീവിത രീതി, അഭിരുചികൾ ഒക്കെ ആസ്പദമാക്കിയാണ് ആ കാലത്തെ വായനയുടെ അനുഭൂതികൾ തീരുമാനിക്കപ്പെടുക. അങ്ങനെ വായിക്കപ്പെടേണ്ടതിന്റെ ആവശ്യകതയൊന്നുമില്ല. ഇന്നത്തെ കാലത്തിറങ്ങിയ പുസ്തകങ്ങൾ ഡിജിറ്റൽ സ്റ്റോറേജിൽ ഒക്കെ സൂക്ഷിക്കാൻ കഴിയുന്നതുകൊണ്ട് അത്രയും വർഷം കഴിഞ്ഞാലും ഒരാൾക്ക് വായിക്കണമെന്നുണ്ടെങ്കിൽ അത് കണ്ടെത്താനും വായിക്കാനാകും. ഒ.വി. വിജയനും ബഷീറും ഇപ്പോഴും വായിക്കപ്പെടുന്നില്ലേ? പക്ഷേ വർഷങ്ങൾ കഴിഞ്ഞും വായിക്കപ്പെടണം എന്നൊക്കെ ആഗ്രഹിച്ച് എഴുതുക എന്നതൊന്നും പ്രായോഗികമല്ല. എഴുതുന്ന സമയത്ത് തിരിച്ചറിയപ്പെടുന്നതാണ് പ്രധാനം. ബാക്കിയൊക്കെ കാലത്തിനു വിട്ടുകൊടുത്തേക്കുക. എന്തായാലും എഴുത്തുകാർ അതേക്കുറിച്ച് ആകുലപ്പെടേണ്ട കാര്യമില്ല. 

വിദേശ വായനകളുമായുള്ള താരതമ്യം 

ജീവിതരീതി ശാരീരികമായി നമ്മൾ നിലനിർത്തിക്കൊണ്ടു പോകുന്ന ഒരു മാർഗ്ഗമാണ്, വായനാ നിലവാരം എന്നത് ബൗദ്ധികമായ ഒരു മാർഗ്ഗവും. അത് രണ്ടും ഒന്നായി പോകണമെന്ന് നമുക്ക് നിർബന്ധം പിടിക്കാനാവില്ല. നമ്മുടെ ഭൗതിക ജീവിത നിലവാരം വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലായിരിക്കാം. പക്ഷേ വിദ്യാഭ്യാസപരമായി നോക്കുമ്പോൾ കേരള സമൂഹം താരതമ്യേന മുമ്പിലാണ്. ബൗദ്ധികമായി നോക്കുമ്പോഴും മികച്ചൊരു നിലവാരം നമ്മൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. നമ്മൾ ജീവിക്കുന്നത് ഗ്ലോബലൈസ്ഡ് ആയ ഒരു സമൂഹത്തിന്റെ ഭാഗമായാണ്. പണ്ട് ഒരു എം. കൃഷ്ണൻ നായരായിരുന്നു പുസ്തകങ്ങളെ നമുക്കു മുന്നിൽ തുറന്നു വച്ച് പഠനം നടത്തി നൽകുക. ഇന്ന് സാഹചര്യം മാറി. നേരേ ഗുഡ് റീഡ്‌സിൽ കയറി നോക്കിയാൽ നമുക്ക് ആ പുസ്തകത്തെക്കുറിച്ചുള്ള നിരൂപണങ്ങൾ കൃത്യമായി കിട്ടും. അതനുസരിച്ച് ആമസോണിൽ നിന്നോ ഒക്കെ പുസ്തകം വാങ്ങുകയും ചെയ്യാം. ആമസോണിൽ ഒരു പുസ്തകം നോക്കുമ്പോൾ വിവിധ നിലവാരത്തിലുള്ള അനേകം പുസ്തകങ്ങളാണ് നമുക്കു മുന്നിലുള്ളത്, അതൊക്കെ മാറ്റി വച്ച് ഒരു ലോക്കൽ വർക്ക് ഒരു വായനക്കാരൻ വായിക്കാനെടുക്കണമെങ്കിൽ അതിന് അയാൾക്ക് കുറച്ചു നിലവാരം ആഗ്രഹിക്കാം, അതിൽ തെറ്റ് പറയാനാകില്ലല്ലോ. പാറ്റേഴ്‌സൺ വായിച്ച ഒരാൾ നമ്മുടെ മലയാള സാഹിത്യം വായിക്കുമ്പോൾ പാറ്റേഴ്‌സണെ അല്ലെങ്കിലും സമാനമായ ഒരു അനുഭൂതിയെങ്കിലും അയാൾ ആഗ്രഹിക്കുന്നുണ്ട്. അതൊരു ഉപഭോക്താവിന്റെ സ്വഭാവമാണ്. അത്തരം ക്വാളിറ്റിയുള്ള വായനകളിൽ അഭിരമിച്ചിരുന്ന ഒരു വായനക്കാരൻ എന്തിന് പ്രാദേശിക വായനയിലേക്ക് വരണം എന്നത് എഴുത്തുകാരൻ അയാൾക്കു നൽകുന്ന എഴുത്തിന്റെ ക്വാളിറ്റിയെ അനുസരിച്ചാണിരിക്കുന്നത്. അത് പോപ്പുലർ ഫിക്‌ഷനിൽ മാത്രമല്ല, മുറകാമിയെ ഒക്കെ വായിക്കുന്ന വായനക്കാരാണ് നമ്മൾ. അത്തരം വായനക്കാർ എല്ലാ വായനയിലും ആ നിലവാരം ആഗ്രഹിക്കും. ഇപ്പോൾ ഇലക്ട്രോണിക്സിൽ നോക്കൂ, മാറ്റം എല്ലാത്തിലുമുണ്ട്. രാജ്യാന്തര മാർക്കറ്റ് നമ്മുടെ മുന്നിൽ തുറന്നു കിടക്കുന്നു, അതുകൊണ്ട് താരതമ്യം എല്ലായ്പ്പോഴും അതുമായിത്തന്നെയാകും. അപ്പോൾ ഉൽപന്നം പരമാവധി നന്നാക്കുക എന്നതാണ് ഒരേയൊരു മാർഗ്ഗം. 

profile-talk-with-writer-anoop-sasikumar
അനൂപ് ശശികുമാർ

വായനക്കാർ വിവരദോഷികളല്ല 

വായനക്കാരെ വിവരദോഷികളായി കാണാതിരിക്കുകയാണ് എഴുത്തുകാരനാകാനുള്ള ഒരേയൊരു യോഗ്യത എന്നു തോന്നാറുണ്ട്. വായിക്കുന്നയാൾ എഴുത്തുകാരനെക്കാളും യോഗ്യത ഉള്ള ആളായിരിക്കും എന്നു തന്നെ സങ്കൽപിക്കുക. ലാജോ ജോസ് പറഞ്ഞ ഒരു കാര്യമുണ്ട്, അദ്ദേഹത്തിന്റെ കോഫി ഹൗസിൽ ഫൊറൻസിക് കാര്യങ്ങളൊക്കെ ഗവേഷണം നടത്തിയാണ് അദ്ദേഹം എഴുതിയത്. ഇത്രയും ജോലി എന്തിനായിരുന്നു എന്ന എന്റെ ചോദ്യത്തിന് ലാജോയുടെ മറുപടി, ഈ പുസ്തകം വായിക്കുന്ന ഒരാളെങ്കിലും ഞാനെഴുതുന്ന വിഷയത്തിൽ നല്ല അറിവുള്ള ഒരാളായിരിക്കും, അയാളിത് വായിക്കുമ്പോൾ നമ്മളെഴുതിയത് മണ്ടത്തരമാണെന്നു തോന്നരുത്. ആ ആൾക്കു വേണ്ടിയാണ് അത്രയും നമ്മൾ ജോലി കൂടുതൽ എടുക്കേണ്ടത്. ഞാനിപ്പോഴും പിന്തുടരുന്ന ഒരു ആശയമാണത്. പൂർണമായും കൃത്യമാകണമെന്നില്ല, പക്ഷേ തെറ്റ് പറ്റരുത്. അതാണ് എഴുത്തുകാരനു വേണ്ട ഒരു യോഗ്യത എന്ന് ഞാൻ വിശ്വസിക്കുന്നു. 

വായനക്കാരനെ കേൾക്കുക 

വായനക്കാരന്റെ നിലവാരത്തെക്കുറിച്ച് പറയാൻ എഴുത്തുകാരൻ ആളല്ല. അവർ പറയുന്ന അഭിപ്രായങ്ങൾ സ്വീകരിക്കാൻ എഴുത്തുകാരനാകണം. കാരണം പണം നൽകിയാണ് വായനക്കാരൻ പുസ്തകം വാങ്ങുന്നത്, അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാനുള്ള അവകാശം അവർക്കുണ്ട്. എഴുതിക്കഴിഞ്ഞാൽ ഒരു സൃഷ്ടി പിന്നെ വായനക്കാരന്റേതാണ്, അപ്പോൾ അവർ പറയുന്ന നിരൂപണം – അത് ആക്ഷേപമാണെങ്കിലും– എഴുത്തുകാരൻ കേൾക്കേണ്ടതുണ്ട്. ഫിക്‌ഷൻ സബ്ജെക്റ്റീവ് ആയ ഒന്നാണ്, അതിന്റെ നിരൂപണവും എങ്ങനെയായിരിക്കും. അവർ എല്ലായ്പ്പോഴും നമുക്കൊപ്പമോ നമുക്കും മേലെയോ നിന്നാവും ചിന്തിക്കുക, പ്രത്യേകിച്ച് പോപ്പുലർ ഫിക്‌ഷനിൽ., അത് അറിയുക, അതിനപ്പുറം അവരുടെ നിലവാരത്തെക്കുറിച്ച് എഴുത്തുകാരൻ ആലോചിക്കേണ്ടതില്ല.

onpatham-veedu-book-anoop-sasikumar

ട്രെൻഡാണ് വിപണി 

പോപ്പുലർ ഫിക്‌ഷനു മാത്രമല്ല പുസ്തകങ്ങളുടെ വിപണിക്കും അതിന്റേതായ സ്റ്റാറ്റിസ്റ്റിക്സുണ്ട്. അതൊരു ബിസിനസാണ്. സാംസ്കാരിക ഉന്നമനത്തിനായി മാത്രമല്ല പുസ്തക പ്രസാധകർ പുസ്തകമിറക്കുന്നത്. വിപണി ലക്ഷ്യമിട്ടു കൂടിയാണ്. നല്ല ലാഭം കിട്ടും. അല്ലെങ്കിൽ ഇത്ര ബുദ്ധിമുട്ടുള്ള ഒന്നിനായി ആരും ഇറങ്ങില്ല. മൂലധനത്തിന്റെ ഒരു രീതി അനുസരിച്ച് ലാഭം കിട്ടുന്നേടത്ത് അതുണ്ട്. ഈയൊരു സമയത്ത്പോപ്പുലർ ഫിക്‌ഷന് ലാഭം ഉണ്ട്, അതുകൊണ്ട് അതിനു വേണ്ടി മൂലധനമിറക്കാൻ കമ്പനികൾ തയാറാവും. ഓരോ കാലത്തും ട്രെൻഡുകൾ മാറി വരും. മാറ്റങ്ങൾ വരും. പക്ഷേ ഇപ്പോൾ മലയാളത്തിൽ പോപ്പുലർ ഫിക്‌ഷന് ഡിമാൻഡുള്ള സമയമാണ്. 

എഴുത്തുകാരന് പത്ത് മുതൽ പതിനഞ്ചു ശതമാനം വരെയാണ് പ്രസാധകർ റോയൽറ്റി കൊടുക്കുന്നത്. എഴുത്തുകാർക്ക് കുറച്ചു കൂടുതൽ റോയൽറ്റി വേണമെന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. കാരണം അവരാണല്ലോ കണ്ടെന്റ് നിർമിക്കുന്നത്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കാനുണ്ട്, പ്രസാധകൻ ഒരു പുസ്തകത്തിനായി ഇറക്കുന്ന പണം. പ്രിന്റിങ് ചാർജ്, സ്വന്തം സ്റ്റാളുകൾ ഉള്ളവരും അതില്ലാത്തവരുമുണ്ട്, മറ്റുള്ള സ്റ്റാളുകളിലെ കമ്മിഷനുകൾ, ട്രാൻസ്‌പോർട്ടേഷൻ, ഇതെല്ലാം പ്രശ്നമാണ്. സ്വന്തമായി പ്രസ്സും സ്റ്റാളുകളും ഒക്കെ ഉള്ള പ്രസാധകർക്ക്  ലാഭമുണ്ടായേക്കും, അല്ലാതുള്ളവർക്ക് അത് പുസ്തകം വിറ്റു പോകുന്നതിനെ അനുസരിച്ചിരിക്കും. എഴുത്തുകാരന്, അയാളോടു പറഞ്ഞ റോയൽറ്റി എങ്കിലും കിട്ടിയാൽ നല്ലതാണ്, പക്ഷേ അതുകൊണ്ട് ജീവിക്കാൻ എളുപ്പമല്ല. അല്ലെങ്കിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ വിറ്റു പോകണം. അതിപ്പോൾ എല്ലാ സാഹചര്യങ്ങളിലും നടക്കാൻ സാധ്യത കുറവാണല്ലോ. അതും മലയാളത്തിൽ മാത്രമെഴുതിയാൽ തീരെ ബുദ്ധിമുട്ടാണ്. വിദേശ രാജ്യങ്ങളുടെ റോയൽറ്റി നോക്കുമ്പോൾ ഇവിടുത്തെ പതിനഞ്ചു ശതമാനം ഒക്കെ നല്ല എമൗണ്ടാണ്. സൈഡ് ആയി ഒരു വരുമാനം ആറു മാസമോ ഒരു വർഷമോ ഒക്കെ ആവുമ്പോൾ കിട്ടും, അല്ലാതെ സ്ഥിര വരുമാനമാവുക എന്നത് എളുപ്പമല്ല. സെൽഫ് പബ്ലിഷിങ് ചെയ്യുന്നവരുണ്ട്, അഖിൽ പി. ധർമ്മജൻ പോലെ ഉള്ളവരുണ്ട്. പക്ഷേ മലയാളം കൊണ്ട് മാത്രം സ്ഥിര വരുമാനമുണ്ടാവുക എന്നത് അവിടെയും അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. ഒരുപക്ഷേ നമ്മുടെ ജീവിതച്ചെലവുകളും ആഗ്രഹങ്ങളും ആവശ്യങ്ങളും ഒക്കെ കുറവാണെങ്കിൽ നടന്നേക്കും.

ഉപഭോക്താവിന്റെ വ്യായാമം 

എഴുത്ത് ഓരോരുത്തർക്കും ഓരോന്നാണ്. ചിലർക്ക് ആത്മപ്രകാശനമായിരിക്കാം. എനിക്ക് ആത്മപ്രകാശനത്തിനു മറ്റു പല മേഖലകളുമുണ്ട്, എന്നാൽ എഴുത്ത് അങ്ങനെയല്ല. ഞാൻ ഒരു ബൗദ്ധിക വ്യായാമം എന്ന നിലയിൽ എഴുത്തിനെ കാണുന്നുണ്ട്. യഥാർഥത്തിൽ ഇതിന്റെ ഉപഭോക്താവ് വായനക്കാരനാണ്, അവരുടെ കയ്യിൽ അത് കിട്ടിക്കഴിഞ്ഞാൽ അത് എഴുത്തുകാരന്റെ ബൗദ്ധിക വ്യായാമം ആയിരുന്നെന്നോ ആത്മപ്രകാശനം ആയിരുന്നെന്നോ ഒന്നും വായനക്കാരന് ചിന്തിക്കേണ്ട കാര്യമില്ല, അവർക്ക് അവർ ആഗ്രഹിച്ച അനുഭൂതി കിട്ടുകയാണ് വേണ്ടത്. എന്തായാലും എഴുത്ത് ആത്മപ്രകാശനം മാത്രമല്ല... പലർക്കും അത് പലതാണ്.

എം കൃഷ്ണൻനായർ /സോഷ്യൽ മീഡിയ 

കൃഷ്ണൻ നായരുണ്ടായിരുന്നപ്പോൾ അദ്ദേഹം ഒരഭിപ്രായം പറയുന്നു, അതും പ്രിന്റഡ് മീഡിയത്തിലാണ് വരുന്നത്. അതിനെ എതിർത്തു പറയാൻ മറ്റൊന്നില്ല. അതിനു പല കാരണങ്ങളുണ്ടായിരിക്കാം. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയുടെ കാലത്ത് അങ്ങനെയല്ല, അഭിപ്രായങ്ങളും മറുവാദങ്ങളും പറയാൻ ഇഷ്ടം പോലെ ആളുണ്ട്. അവർക്ക് അതിനുള്ള അവകാശങ്ങളുമുണ്ട്. കൃഷ്ണൻ നായരെപ്പോലെ അല്ല, അദ്ദേഹത്തെക്കാൾ ഒരുപാട് മുകളിലാണ് സോഷ്യൽ മീഡിയ നിരൂപണങ്ങൾ. ഈയൊരു കാലത്താണ് അദ്ദേഹമുണ്ടായിരുന്നത് എങ്കിലെന്ന് ഞാൻ ആലോചിക്കാറുണ്ട്, രസകരമായിരിക്കും. അദ്ദേഹത്തിന്റെ വാദങ്ങളെപ്പോലും ഇപ്പോൾ ആളുകൾ കീറി മുറിച്ചേക്കാം. കുറച്ചുകൂടി ആളുകൾ കൺസ്ട്രക്റ്റീവ് ആയ വാദങ്ങൾ നടത്തുന്നുണ്ട്. എല്ലാ പുസ്തകങ്ങളും എല്ലാവർക്കുമുള്ളതല്ല. പക്ഷേ പണം കൊടുത്ത് സമയം മുടക്കി വാങ്ങിച്ചു വായിച്ച ഒരാൾക്ക് അഭിപ്രായം പറയാം. അതിനെ എല്ലാം എഴുത്തുകാരൻ എടുത്ത് ഉറക്കം കളയേണ്ടതില്ല. ഒത്തിരി അഭിപ്രായങ്ങൾ ഉണ്ടാവുന്നത് ജനാധിപത്യ രാജ്യത്ത് പതിവാണ്. എല്ലാത്തിനും മറുപടി പറയേണ്ട ബാധ്യത പോലും എഴുത്തുകാരനല്ല. അതിൽ വേണ്ടത് മാത്രം എടുക്കുക, ബാക്കി പുറന്തള്ളുക. 

Content Summary : Talk with writer Anoop Sasikumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com