ആനവാരിയും ആനയെ വാരാത്ത രാമൻകുട്ടി മേനോനും

Mail This Article
ഒരു കാലത്ത് - മുഖ്യമായും 1975 നും 80 നും ഇടയിൽ - ഞാൻ സ്ഥിരമായി സഞ്ചരിച്ചിരുന്ന വഴിയാണത്, എറണാകുളത്ത് കലൂർ കവലയിൽ നിന്ന് വടക്കോട്ട് ഇളമക്കര വഴി പോണേക്കരയിലേക്ക് പോകുന്ന വഴി. ഈ വഴിയോട് ചേർത്ത് ഒരുപാട് ഓർമകൾ ഞാൻ കൊണ്ടുനടക്കുന്നു. ‘നിഴലുകളില്ലാത്ത മൂന്ന് ദിനങ്ങൾ’ എന്ന നോവലിൽ ഞാനീ വഴിയെ കുറിച്ച് എഴുതിയിട്ടുണ്ട് - ഇതിലേയാണ് അവിരയും അനുജനായ ബാബുവും സൈമണേയും കൂട്ടി അനിതയുടെ വീട്ടിലേക്ക് പോകുന്നത്. ഈ വഴിയിൽ പുന്നക്കൽ കവലയ്ക്കടുത്ത് ഒരു വീടുണ്ട്, പടിപ്പുരയും നടുമുറ്റവുമുള്ള ഒരു നായർ തറവാട്, എന്റെ സുഹൃത്ത് പുന്നക്കൽ രാജശേഖരമേനോന്റെ മുത്തശ്ശൻ ചെമ്പാടി വേലായുധമേനോന്റെ കുടുംബവീട്. ചെമ്പാടി എന്ന വീട്ടുപേര് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ പരിചിതമായ ഒന്നാണ്, ട്യൂട്ടോറിയൽ കോളജ് എന്ന പ്രസ്ഥാനത്തെ പാരലൽ കോളജ് എന്ന കുറേക്കൂടി അഭിമാനകരമായ സംജ്ഞയിലേക്ക് മാറ്റിപ്പാർപ്പിച്ചവരിൽ പ്രമുഖനായ ശങ്കരമേനോൻ, രാജ്ഞിയുടെ ഇംഗ്ലീഷിൽ സംസാരിക്കുന്ന ശങ്കരമേനോൻ, അദ്ദേഹത്തിന്റെ മുഴുവൻ പേര് ചെമ്പാടി ശങ്കരമേനോൻ എന്നാണ്. വേലായുധമേനോന്റെ അടുത്ത ബന്ധുവായ ശങ്കരമേനോൻ 1967ൽ സ്ഥാപിക്കപ്പെട്ട മേനോൻ ആന്റ് കൃഷ്ണൻ എന്ന വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ സഹസ്ഥാപകൻ, മറ്റേയാൾ കൃഷ്ണൻ എന്ന പ്രശസ്തനായ ഗണിതാധ്യാപകനായിരുന്നു.
ആരൊക്കെയോ സംസാരിക്കുന്നത് കേട്ടാണ് വേലായുധമേനോൻ മുൻവശത്തേക്ക് ചെന്നത്, അവിടെ മേനോന്റെ ഭാര്യയും മകളും മരുമകനും അപ്പുറത്തേക്ക് തിരിച്ചിട്ടിരിക്കുന്ന ചാരുകസേരയുടെ കാൽചാരിൽ താളത്തിൽ ആടിക്കൊണ്ടിരിക്കുന്ന രണ്ട് കാലുകളും, മുഖം കണ്ടുകൂടാ. താൻ മാത്രമിരിക്കുന്ന ചാരുകസേരയിൽ ധാർഷ്ട്യത്തോടെ കാലാട്ടിയിരിക്കുന്ന അതിഥിയെ കണ്ട് മേനോന് ദേഷ്യം വന്നു, ചിരിയധികം മുഖത്തില്ലാതെ അദ്ദേഹം കസേരയുടെ മുന്നിലേക്ക് ചെന്നു, എന്നിട്ടും കാലുകളുടെ ആട്ടം നിലച്ചില്ല. അവിടെയിരുന്നിരുന്നത് വൈലോപ്പിള്ളി രാമൻകുട്ടി മേനോൻ, വേലായുധമേനോന്റെ ഭാര്യാസഹോദരി ഭർത്താവ്, മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ അടുത്ത ബന്ധു, വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം ആനവാരി രാമൻ നായർ.
ജീവിതം സ്വന്തം നിയമങ്ങൾക്കനുസരിച്ച് മാത്രം ജീവിച്ചയാളായിരുന്നു ഗ്യാസ് ഏജൻസി, പ്രിന്റിങ് പ്രസ്, റിയൽ എസ്റ്റേറ്റ്, പൂച്ചെടികൾ തുടങ്ങി ഒട്ടനവധി കച്ചവടങ്ങൾ നടത്തിയ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള രാമൻകുട്ടി മേനോൻ, താമ്രപത്രം ലഭിച്ചിട്ടുണ്ട് മേനോന്. 1947 ഓഗസ്റ്റ് 15 ന്, അന്ന് മഹാരാജാസ് കോളജിൽ പഠിച്ചിരുന്ന മേനോൻ, കൂട്ടാളികളോടൊത്ത് തൊട്ടടുത്തുള്ള കളക്ടറേറ്റിന്റെ മുൻപിലെ കൊടിമരത്തിലെ കൊച്ചി രാജ്യത്തിന്റെ കൊടിയിറക്കി പകരം ത്രിവർണ്ണ പതാക ഉയർത്തി എന്നൊരു കഥയുണ്ട്. അതിനെ തുടർന്ന് കലാപമുണ്ടാകുകയും മേനോൻ ബോംബെയിലേക്ക് ഓടിപ്പോയെന്നും കൂടി അറിയുന്നു. മറ്റൊരിക്കൽ, ഒരു കുടുംബയാത്രയുടെ ഇടയിൽ, എറണാകുളം എം. ജി. റോഡിലെ കുട്ടനാട് വൈൻസിൽ വണ്ടി നിർത്തി മദ്യം വാങ്ങി - പരസ്യമായി മദ്യം വാങ്ങുന്നത് ആഡ്യത്വത്തിന് നിരക്കുന്നതായിരുന്നില്ല അന്നുകാലത്ത് - വാങ്ങിച്ച മദ്യക്കുപ്പി കാറിന്റെ ഡാഷ് ബോഡിന് മുകളിൽ പ്രദർശിപ്പിച്ച് കൂടെയുണ്ടായിരുന്ന തറവാട്ട് കാർന്നോരെ വിറളിപിടിപ്പിച്ചു മേനോൻ. മറ്റൊരിക്കൽ കാത്തലിക് സിറിയൻ ബാങ്കിലേക്ക് കത്തെഴുതിയത് അവരുടെ കത്തിടപാടിലെ ഭാഷാശുദ്ധിയില്ലായ്മയെ കളിയാക്കുവാനായി; റോക്ക് സംഗീതവും ഇഷ്ടമായിരുന്നു, പോൾ റോബ്സണെ പ്രത്യേകിച്ചും.
ജാസ് സംഗീതം ഇഷ്ടപ്പെട്ടിരുന്ന ബഷീർ തന്റെ പ്രിയ കഥാപാത്രങ്ങളിൽ ഒരാളായ ആനവാരി രാമൻ നായരെ കണ്ടെടുക്കുന്നത് കാനൺ ഷെഡ് റോഡിലെ കൊച്ചിൻ ബേക്കറിയുടെ പരിസരങ്ങളിൽ നിന്ന്. ആ സ്ഥാപനം അക്കാലങ്ങളിൽ കൊച്ചിയിലുള്ള ഏറ്റവും വലിയ ബേക്കറിയായിരുന്നു. അതിന്റെ ഉടമ, ബാലൻ - ബാലേട്ടൻ എന്നാണ് എല്ലാവരും വിളിക്കുക - ഉത്പതിഷ്ണുക്കളായ ഒരു സംഘം ചെറുപ്പക്കാരുടെ സ്ഥിരം ആതിഥേയനായിരുന്നു. ബാലേട്ടന്റെ സന്മനസ്സിൽ അഭിരമിച്ചിരുന്നവരുടെ കൂട്ടത്തിൽ പുസ്തക കച്ചവടമൊക്കെയായി കൊച്ചിയിൽ താമസിച്ചിരുന്ന ബഷീറും മറ്റു പലരും പിന്നെ വൈലോപ്പിളളി രാമൻകുട്ടി മോനോനും. മേനോന്റെ ജാസ് സ്നേഹം ബഷീറും പങ്ക് പറ്റിയിരുന്നു, പോൾ അൻകയെ കുറിച്ച് ബഷീർ എഴുതിയത് വായിച്ച ഒരു ചെറിയ ഓർമഇപ്പോഴുമുണ്ട്. ഇതിനൊക്കെ ശേഷമാണ് ‘ആനവാരിയും പൊൻകുരിശും’ എഴുതപ്പെടുന്നത്, അമ്പതുകളുടെ മധ്യത്തിൽ.

കോൺഗ്രസിൽ തുടങ്ങി കേരള സേഷ്യലിസ്റ്റ് പാർട്ടിയിൽ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചേർന്ന ഒരു രാഷ്ട്രീയ ജീവിതമുണ്ടായിരുന്നു മേനോന്, അക്കാലത്താണ് മത്തായി മാഞ്ഞൂരാൻ, വി. വിശ്വനാഥമേനോൻ, എം. എം. ലോറൻസ് തുടങ്ങിയവരുമൊത്ത് പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ശക്തിപ്പെട്ട് വരുന്ന നാളുകളിൽ ബോൾഷെവിക് പരമു, ബ്ലാവത്ത് എബ്രാഹം, കീത്തുപറമ്പൻ ശേഖരൻ, പ്രവദ സുകുമാരൻ തുടങ്ങിയവരോടൊത്ത്, കൊച്ചിയിലെ കലൂർ പ്രദേശത്ത്, ചെറിയ ഇടവഴികളിലൂടെ ‘ഇൻക്വിലാബ് സിന്ദാബാദ്, സഖാവ് സ്റ്റാലിൻ സിന്ദാബാദ് ’ എന്ന് വിളിച്ച് നടന്നിട്ടുണ്ട് മേനോൻ, അക്കാലങ്ങളിൽ കൂടെ ശങ്കരാടിയുമുണ്ടായിരുന്നു, ശങ്കരാടി അഭിനയ ജീവിതം തുടങ്ങിക്കഴിഞ്ഞിരുന്നുമില്ല.
മേനോന്റെ ബന്ധങ്ങൾ അവിടെ തീർന്നില്ല. ഒരിക്കൽ, നാൽപ്പതുകളിലായിരിക്കണം, ഷൺമുഖം റോഡിൽ വച്ച് - അന്ന് അവിടം മറൈൻ ഡ്രൈവ് ആയിട്ടില്ല - മേനോൻ്റെ ഒരു സുഹൃത്ത്, കൂടെയുണ്ടായിരുന്നയാളെ പരിചയപ്പെടുത്തി.
‘‘ഇതാണ് എസ്.കെ. പൊറ്റക്കാട്ട്, എഴുത്തുകാരനാണ്. ആൾക്ക് ചങ്ങമ്പുഴയെ ഒന്ന് കാണണം.’’
കവിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന മേനോൻ പൊറ്റക്കാടിനെ കലൂർ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി, കവിയെ വിളിക്കാൻ ആളെ വിടുകയും ചെയ്തു. അവർ മൂന്നു പേരും ഒരു വാഴത്തോട്ടത്തിൽ ഒത്തുകൂടിയെന്നും അന്നവിടെ ചാരായം ഒരുപാട് ഒഴുകിയെന്നും ആ രാത്രി വെളുക്കാൻ നന്നേ വൈകിയെന്നും കേട്ടിരുന്നു. കവിയുമായുള്ള സൗഹൃദം കവിയുടെ മരണം വരെ നീണ്ടില്ല, പറയാനുള്ളത് ഒതുക്കിപ്പിടിക്കുന്ന സ്വഭാവമില്ലാതിരുന്ന മേനോൻ, അതിനിടയിലെപ്പോഴോ, ചങ്ങമ്പുഴയുടെ കവിതയ്ക്കുള്ള വിദേശസ്വാധീനങ്ങളെ കുറിച്ച് കവിയോട് തന്നെ നേരിട്ട് പറഞ്ഞു, വിമർശനത്തിന് നേരെ അത്രയധികം സൗമനസ്യം കാണിക്കാതിരുന്ന കവി പിന്നെ മേനോനുമായി മിണ്ടിയിട്ടില്ല, ശേഷം ഒരിക്കൽ മാത്രമേ അവർ തമ്മിൽ ബന്ധമുണ്ടായിട്ടുള്ളൂ, അതും നേരിട്ടല്ല, ക്ഷയരോഗബാധിതനായി കവി മരണം നോക്കിക്കിടക്കുമ്പോൾ മേനോന്റെ ഭാര്യ സരോജിനിയമ്മ കാണുവാൻ ചെന്നു. കവിയുടെ കണ്ണുകൾ നിറഞ്ഞുവെന്ന് സരോജിനിയമ്മ പിന്നെപ്പോഴോ മകനോട് പറഞ്ഞിരുന്നു.
മേനോന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന അറിയപ്പെടുന്ന മറ്റൊരു നാമം ഷേണായിമാരുടേതായിരുന്നു, എറണാകുളത്തെ സിനിമാ പ്രദർശനത്തിന്റെ മറുവാക്കായിരുന്ന അതേ ഷേണായിമാർ, വർഷങ്ങൾക്ക് ശേഷം മകന് ഒരു ജോലിക്കായി മേനോൻ ശുപാർശ ചെയ്തതും ഇതേ ഷേണായിമാരോട് തന്നെ. മേനോന്റെ ജനിതക പകർച്ച കുറച്ചൊക്കെ ലഭിച്ചിരുന്ന മകനെ, രാംകുമാറിനെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ട് ദശകങ്ങളിൽ എറണാകുളത്ത് സിനിമയോട് ചേർന്ന് ജീവിച്ചിരുന്നവർക്ക് മിക്കവർക്കും അറിയാം, ശ്രീധർ സിനിമ ചെറുപ്പക്കാരുടെ ഇഷ്ടസമാഗമസ്ഥാനമാക്കി മാറ്റിയതിൽ അയാൾക്ക് വലിയ പങ്കുണ്ട്.
കൊച്ചിൻ ബേക്കറിയെ ചുറ്റിപ്പറ്റിയുള്ള ജീവിതത്തേക്കുറിച്ച് ബഷീർ തന്റെ ജീവചരിത്രങ്ങളിൽ അധികമൊന്നും പരാമർശിച്ചിട്ടില്ലെന്നത് രാമൻകുട്ടി മേനോനെ ചിലപ്പോഴെങ്കിലും ചൊടിപ്പിച്ചിരുന്നു, സരോജിനിയമ്മയോട് അക്കാര്യം പറയുകയും ചെയ്തിരുന്നു. ബഷീർ ഒരിക്കലും കേൾക്കാത്ത ആ പരാതിയ്ക്ക് കാലത്തിന് നൽകാൻ കഴിയുന്ന മറുപടിയെന്നോണം 1954ൽ ബേപ്പൂർ സുൽത്താന്റെ രണ്ട് കൃതികൾ പുറത്തിറങ്ങി, ‘‘സ്ഥലത്തെ പ്രധാന ദിവ്യൻ’’, ‘‘ആനവാരിയും പൊൻകുരിശും’’ എന്നിവ. അതോടെ മലയാള സാഹിത്യത്തിലെ എറ്റവും പ്രശസ്തരായ കഥാപാത്രങ്ങളിൽ ഒരാളായി മാറുവാൻ രാമൻകുട്ടി മേനോന് തലവിധിയായി.
ചിലയവസരങ്ങളിൽ മനുഷ്യർ അവരേക്കാൾ വലിയ കഥാപാത്രങ്ങളായി വളരും, അത് തടയാനാവില്ല, ആർക്കും.
Content Summary: Varantha column written by Jojo Antony on Vyloppilli Ramankutty Menon