മലയാളത്തിന്റെ നിത്യവസന്തം, സത്യൻ
Mail This Article
എന്റെ അച്ഛക്ക് ഒരുപാടിഷ്ടമായിരുന്നു സത്യൻ എന്ന നടനെ. എന്നാണെന്നോർമ്മയില്ല, ഒരിക്കൽ ദൂരദർശനിൽ ഓടയിൽ നിന്ന് എന്ന സിനിമ വന്നു. സിനിമകളോട് പൊതുവെ താല്പര്യമില്ലാത്ത അച്ഛൻ ആ സിനിമ ആസ്വദിച്ചിരുന്ന് കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്. അച്ഛക്ക് ഒപ്പമിരുന്ന് ഞാനും ആ സിനിമ കണ്ടു.സത്യൻ എന്ന മഹാനടന്റെ ഞാൻ കണ്ട ആദ്യസിനിമ തച്ചോളി ഒതേനൻ ആയിരുന്നു.
കഥാപുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ വടക്കൻപാട്ടിലെ വീരനായകനായ തച്ചോളി ഒതേനനെ ടിവിയിലെ സ്‌ക്രീനിൽകണ്ട് കോരിത്തരിച്ചിട്ടുണ്ട്.
കാല്പനികതയുടെ പ്രതിരൂപമായി പ്രേംനസീർ എന്ന നായകൻ പ്രേക്ഷകഹൃദയങ്ങളെ ത്രസിപ്പിച്ചപ്പോൾ സത്യൻ എന്ന നടൻ തിരശീലയിൽ ഒരു സാധാരണ മനുഷ്യനെപോലെ പെരുമാറി ജനഹൃദയങ്ങളെ കീഴടക്കി. ഒരു നടനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ ഏറെയുണ്ടായിട്ടും തന്റെ അഭിനയപാടവത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളെയും അദ്ദേഹം തരണം ചെയ്തു.
അധ്യാപകനായും ഗുമസ്തനായും പട്ടാളക്കാരനായും പോലീസുകാരനും നാടകനടനുമായൊക്കെ ജീവിതത്തിൽ വേഷം കെട്ടിയ സത്യനേശൻ എന്ന സത്യൻ 1951ൽ ത്യാഗസീമ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് വന്നു. പുറത്തിറങ്ങാതിരുന്ന ത്യാഗസീമക്ക് ശേഷം തൊട്ടടുത്ത വർഷം ഇറങ്ങിയ ആത്മസഖിയിലൂടെയാണ് അഭ്രപാളിയിൽ സത്യനെ പ്രേക്ഷകർ ആദ്യം ദർശിച്ചത്.
രണ്ടുവർഷത്തിന് ശേഷം പുറത്തിറങ്ങിയ രാമുകാര്യാട്ടും ഭാസ്കരൻമാഷുമൊരുക്കിയ നീലക്കുയിൽ എന്ന ചിത്രത്തിലൂടെ സത്യൻ എന്ന നടനെ മലയാളക്കര ഹൃദയത്തിലേറ്റി. ദേശീയ അവാർഡ് നേടിയ നീലക്കുയിൽ മുതൽ അവസാനം അഭിനയിച്ച അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ വരെ സത്യൻ എന്ന മഹാനടൻ കെട്ടിയാടിയ വേഷങ്ങൾ എല്ലാംതന്നെ സ്വാഭാവിക അഭിനയത്തിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു.
നീലക്കുയിലിലെ ശ്രീധരന്‍ മാസ്റ്ററും ഓടയില്‍ നിന്നിലെ പപ്പുവും മുടിയനായ പുത്രനിലെ രാജനും ചെമ്മീനിലെ പളനിയും തച്ചോളി ഒതേനനിലെ ഒതേനനും വാഴ്‌വേമായത്തിലെ സുധീന്ദ്രനും അശ്വമേധത്തിലെ ഡോക്ടറും കുട്ട്യേടത്തിയിലെ അപ്പുക്കുട്ടനും ഭാര്യയിലെ ബെന്നിയും കടൽപ്പാലത്തിലെ അച്ഛനും മകനും തറവാട്ടമ്മയിലെ ഗോപിയും യക്ഷിയിലെ ശ്രീനിവാസനും മൂലധനത്തിലെ രവിയും ത്രിവേണിയിലെ മുതലാളിയും അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനും എന്നുവേണ്ട സത്യൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ വൈവിധ്യമാർന്ന പച്ചയായ കഥാപാത്രങ്ങളായിരുന്നു.
സത്യൻ എന്ന നടൻ അഭിനയിച്ച ചിത്രങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ഓടയിൽ നിന്ന് എന്ന ചിത്രവും വാഴ്‌വേമായവുമാണ്. ഓടയിൽ നിന്ന് എന്ന സിനിമ ചെറുപ്പത്തിൽ ആദ്യം കണ്ടപ്പോൾ ഒരു സാധാരണ സിനിമയായി മാത്രമേ എനിക്ക് തോന്നിയുള്ളൂ.പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവൽ ഞാൻ വായിക്കുന്നത്. അത് വായിച്ചുകഴിഞ്ഞതിന് ശേഷം പിന്നെയും ഞാൻ സിനിമ കണ്ടു.
കേശവദേവിന്റെ തൂലിക സൃഷ്ടിച്ച കരുത്തനും ദുരന്തകഥാപാത്രവുമായ പപ്പുവിനെ എത്ര മിഴിവോടെയാണ് സത്യൻമാഷ് അവതരിപ്പിച്ചതെന്നോർത്തു അത്ഭുതം തോന്നിയിട്ടുണ്ട്. കൊടുത്ത സ്നേഹം തിരിച്ചു കിട്ടാതെ ചുമച്ചു ചുമച്ചു മരണത്തിലേക്ക് നടന്നകലുന്ന പപ്പു മനസ്സിലെ വേദനയായത് ആ അഭിനയപ്രകടനം കൊണ്ട് കൂടിയായിരുന്നു.
വാഴ്‌വേമായത്തിലെ സുധീന്ദ്രൻ എന്ന കഥാപാത്രവും അതിഗംഭീരമായിരുന്നു. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഭാര്യയുമായി വേർപിരിയുന്ന ഒടുവിൽ ജീവിതം നഷ്ടപ്പെടുന്ന കഥാപാത്രം എത്ര കൈയ്യടക്കത്തോടെയാണ് സത്യൻ എന്ന നടൻ അവതരിപ്പിച്ചത്. അതിഭാവുകത്വം നിറഞ്ഞ ഒരു കാലഘട്ടത്തിൽ നടനവൈഭവത്തിന്റെ ലാളിത്യമെന്താണെന്ന് ഓരോ കഥാപാത്രത്തിലൂടെയും അദ്ദേഹം കാണിച്ചു തന്നു.
ഇനി ഗാനങ്ങളിലേക്ക് വരാം. മലയാളത്തിലെ നിത്യഹരിതഗാനങ്ങൾ ഏറിയപങ്കും ജനങ്ങളിലേക്കെത്തിയത് പ്രേം നസീറിന്റെ രൂപസൗകുമാര്യത്തിലായിരുന്നുവെങ്കിലും മലയാളിയുടെ ഹൃദയം ഇന്നും മൂളുന്ന അർത്ഥവത്തായ ഒട്ടേറെ മനോഹരഗാനങ്ങൾ സത്യൻ മാഷ് അവതരിപ്പിച്ചിട്ടുണ്ട്. ഏതു തരം ഗാനമായാലും ഗാനരംഗം ആ കൈകളിൽ ഭദ്രമായിരുന്നു.
അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിന് വേണ്ടി ഭാസ്കരൻമാഷും ബാബുക്കയും ചേർന്നൊരുക്കിയ ‘‘ഇന്നലെ മയങ്ങുമ്പോൾ’’ എന്ന മനോഹരഗാനം എത്ര സുന്ദരമായാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച യുഗ്മഗാനങ്ങളിലൊന്നായ അകലെ അകലെ നീലാകാശം എന്ന ഗാനം ശാരദക്കൊപ്പം പ്രണയപൂർവ്വം പാടി അഭിനയിച്ചത് എത്ര തന്മയത്വത്തോടെയാണ്.
സ്വർഗ്ഗഗായികേ ഇതിലെ, താഴമ്പൂമണമുള്ള, പെരിയാറേ പെരിയാറേ, മാനെന്നും വിളിക്കില്ല, കാക്കത്തമ്പുരാട്ടി പകൽകിനാവിൻ, കല്പനയാകും യമുനാനദിയുടെ, മാനസേശ്വരീ,എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു.. എന്നിങ്ങനെ ഒട്ടേറെ മനോഹരങ്ങളായ ഗാനങ്ങൾ സത്യൻമാഷ് അഭിനയിച്ചു മനോഹരമാക്കിയിട്ടുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടമുള്ളത് മറ്റൊരു ഗാനമാണ്.യക്ഷി എന്ന ചിത്രത്തിന് വേണ്ടി വയലാർ ദേവരാജൻ മാന്ത്രികതയിൽ വിരിഞ്ഞ
‘‘സ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ’’ എന്ന അഭൗമസുന്ദരഗാനം.
‘‘നൃത്ത ലോലനായ് നിത്യവും നിന്റെ
മുഗ്ധ സങ്കൽപമാകവെ..
വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ
എന്നിലെ പ്രേമ സൗരഭം..’’ എന്ന് ഉഷാകുമാരിക്കൊപ്പം അനുരാഗലോലനായ് പാടി അഭിനയിച്ച സത്യൻ മാഷിനെ മറക്കാൻ കഴിയില്ല. അതേ സത്യൻമാഷായിരുന്നു ത്രിവേണിയിൽ ‘‘കിഴക്ക്കിഴക്കൊരാന’’ എന്ന് പാടി മകനെ കളിപ്പിക്കുന്ന ദാമോദരൻ മുതലാളിയായി പരകായപ്രവേശം ചെയ്തത്.
രോഗത്തിന്റെ പിടിയിലായിട്ടും അതിനെ അവഗണിച്ചുകൊണ്ട് അദ്ദേഹം കഥാപാത്രങ്ങളായി മാറിക്കൊണ്ടിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രമെല്ലാം അവസാന നാളുകളിൽ മരണം മുന്നിൽ കണ്ടുകൊണ്ടുതന്നെ സത്യൻ തന്മയത്വത്തോടെ അഭിനയിച്ചു തീർത്തതായിരുന്നു. ഒടുവിൽ അമ്പത് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മിഥുനമാസത്തിൽ തന്നെ വിടാതെ പിന്തുടർന്ന രക്താർബുദത്തിന് മുന്നിൽ കീഴടങ്ങികൊണ്ട് ചമയങ്ങളില്ലാത്ത ലോകത്തേക്ക് സത്യൻ എന്ന അതുല്യ നടൻ യാത്രയായി.
മലയാളം ഉള്ളിടത്തോളം നിത്യവസന്തമായി നടനത്തിന്റെ മറുവാക്കായി സ്വർണചാമരം വീശിയെത്തുന്ന ഓർമ്മകളിൽ സത്യൻമാഷ് എന്നുമുണ്ടാകും.
English Summary: Memories on Sathyan