മലയാള സിനിമയിലേക്ക് സിംഗപ്പൂരിൽ നിന്നൊരു മല്ലപ്പള്ളിക്കാരൻ..

Mail This Article
ഒടിടിയിൽ അടുത്തിടെ റിലീസ് ചെയ്ത ഗ്രഹണം എന്ന മലയാള സിനിമയെക്കുറിച്ചുള്ള നല്ല പ്രതികരണങ്ങളുടെ സന്തോഷത്തിലാണ് നായകൻ ജിബു ജോർജ്. ഫെബ്രുവരിയിൽ സിംഗപ്പൂരിലെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. നാട്ടിലും ഗൾഫ് രാജ്യങ്ങളിലും റിലീസിന് ആലോചനകൾ നടക്കുന്നതിനിടെയായിരുന്നു ലോക്ഡൗൺ. സിംഗപ്പൂർ മലയാളികൾക്കിടയിൽ നിന്ന് മലയാള സിനിമയിലേക്കെത്തുന്ന ആദ്യ നായകൻ കൂടിയാണ് ജിബു.
‘ഐടി പ്രോജക്ട് മാനേജർ ബൈ പ്രൊഫഷൻ ആൻഡ് ആൻ ആക്ടർ ബൈ പാഷൻ’ – ഒടിടിയിൽ കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഫാമിലി ത്രില്ലർ ഗ്രഹണം എന്ന മലയാള സിനിമയിലെ നായകൻ ജിബു ജോർജ് തന്നെ സോഷ്യൽ മീഡിയ ബയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. കൊൽക്കത്തയിൽ ആർമി ഓഫിസറായിരുന്ന അച്ഛനൊപ്പം ഹിന്ദി സിനിമകൾ കണ്ടുകണ്ട് സിനിമയോട് അത്രമേൽ ഇഷ്ടംകൂടിയൊരു കൊച്ചുകുട്ടി– ഹൈസ്കൂൾ കാലത്ത് നാട്ടിൽ തിരിച്ചെത്തിയതോടെ ഹിന്ദിക്കൊപ്പം മറ്റുഭാഷാ സിനിമകളും അവനെ മോഹിപ്പിച്ചു. ഇറങ്ങുന്ന സിനിമകളെല്ലാം വിടാതെ കണ്ട്, സിനിമാ മാസികകൾ വായിച്ചുകൂട്ടി. കോളജിലെത്തിയതോടെ ക്ലാസ് കട്ട് ചെയ്ത് സിനിമാ ഷൂട്ടിങ്ങിനും മറ്റും പോയി ആൾക്കൂട്ട സീനുകളിൽ മുഖം കാണിച്ചു നടന്ന ആ തിരുവല്ലക്കാരനാണ് ഗ്രഹണത്തിലൂടെ മലയാള സിനിമയിലേക്ക് പുത്തൻ നായക പ്രതീക്ഷയായി ഉദയം ചെയ്തത്.

സിനിമ, സിനിമയാണെല്ലാം

കുട്ടിക്കാലം മുതൽ സിനിമയെന്നാൽ ക്രേസ് ആണ്. കാണാത്ത സിനിമകൾ വളരെ ചുരുക്കം. കൊൽക്കത്തയിൽ നിന്ന് നാട്ടിലെത്തിയ ശേഷം തിരുവല്ല മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂളിലും പുതുശേരി എംജിഡി ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു പഠനം. ഈ കാലത്തും ഒരൊറ്റ സിനിമാ മാഗസികകളും വായിക്കാതെ വിടില്ല. സിനിമാ വാർത്തകളുടെ കാര്യത്തിൽ വളരെ അപ് ടു ഡേറ്റ് ആയിരുന്നു. തിരുവല്ല മാർത്തോമ്മാ കോളജിലെ പഠനകാലത്ത് മ്യൂസിക് ട്രൂപ്പിലും കലാരംഗത്തുമൊക്കെ സജീവം. എവിടെയെങ്കിലും സിനിമാ ഷൂട്ട് ഉണ്ടെന്നറിഞ്ഞാൽ ക്ലാസ് കട്ട് ചെയ്ത് ഷൂട്ട് കാണാൻ പോകുമായിരുന്നു. നിറത്തിന്റെ തമിഴ് പതിപ്പിൽ ആൾക്കൂട്ട സീനിലൊക്കെ ഇടംപിടിച്ചത് അങ്ങനെയാണ്. ജോലി ഒക്കെയായി ഭോപ്പാൽ, ബാംഗ്ലൂർ എന്നിങ്ങനെ പലയിടത്തായതോടെ തിരക്കുകളിൽപ്പെട്ടു. പിന്നീട് ഐടി പ്രോജക്ട് മാനേജരായി സിംഗപ്പൂരിലെത്തിയതോടെ വീണ്ടും അഭിനയത്തിനും സ്റ്റേജ് പെർഫോർമൻസിനുമെല്ലാം അവസരം വന്നു. പത്ത് വർഷമായി സിംഗപ്പൂരിൽ.
‘ഗ്രഹണ’ത്തിലേക്കുള്ള വഴി

ഒരു മുഴുനീള സിനിമയിലേക്ക് വളരെ യാദൃശ്ചികമായി എത്തിയതാണ്. കുറെ വർഷങ്ങളായി സിംഗപ്പൂരിലെ കലാരംഗത്തുണ്ട്. മിക്ക സിംഗപ്പൂർ സ്റ്റേജ് പ്രോഗ്രാമുകളിലും മലയാള താരങ്ങളുടെ ഷോകളിലും അവതാരകനായോ പെർഫോർമറായോ എത്താറുണ്ട്. സിംഗപ്പൂർ കൈരളി കലാനിലയം നാടകസമിതിയുടെ ഭാഗമായി നാടകങ്ങളിലും ജിബു സജീവമായിരുന്നു. ഒരു ഡ്രാമ കാണാൻ വന്നവർ വഴിയാണ് ഹ്രസ്വചിത്രങ്ങളിലേക്ക് അവസരം ലഭിക്കുന്നത്. ഇതിനിടയിലാണ് ഗ്രഹണത്തിന്റെ സ്ക്രിപ്റ്റുമായി സംവിധായകൻ ആനന്ദ് പാഗ എത്തിയത്.ജിബു ആദ്യമായി അഭിനയിച്ച നെപ്പോളിയൻ എന്ന ഹിന്ദി ഷോർട്ട്ഫിലിമിന്റെ സംവിധായകനായിരുന്നു ആനന്ദ്. ആനന്ദിന്റെ ഭാര്യ ദേവിക ആണ് ചിത്രത്തിലെ നായിക. സുധീർ കരമന, വിജയ് മേനോൻ തുടങ്ങിയ താരങ്ങളും ഒപ്പമുണ്ട്.
മറ്റ് അഭിനേതാക്കളിൽ അധികവും സിംഗപ്പൂരിൽ നിന്നു തന്നെ. മിക്കവരും ഐടി, മെഡിക്കൽ പ്രഫഷനൽസ് ആയതു കൊണ്ട് മിക്കപ്പോഴും ശനിയും ഞായറും അവധി ദിവസങ്ങളിലുമായിരുന്നു ഷൂട്ട്. ഒന്നര വർഷത്തോളമെടുത്തു ഷൂട്ടിങ് പൂർത്തിയാകാൻ. നീസ്ട്രീമിനു പിന്നാലെ മറ്റ് ഒടിടി പ്ലാറ്റ്ഫോമിലും ഉടൻ റിലീസ് ആകും. ചിത്രത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ‘മിഴിനിലാവായ്’ ഹരിശങ്കറിന്റെ ‘വെൺമുകിലായ്’ തുടങ്ങിയ മനോഹരമായ പാട്ടുകൾ ഹിറ്റായിരുന്നു.
ഗ്രഹണത്തിനു മുൻപ്
ഗ്രഹണത്തിലേക്കെത്തും മുൻപ് നിരവധി ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് ആൽബങ്ങളും ജിബുവിന്റേതായി ഇറങ്ങിയിരുന്നു. ആദ്യം ചെയ്ത 5 ഹ്രസ്വചിത്രങ്ങളും അന്യഭാഷാ ചിത്രങ്ങൾ. ആദ്യ ഷോർട് ഫിലിം നെപ്പോളിയൻ ഹിന്ദി ആയിരുന്നു. രണ്ടാമത്തേത് ‘എലൈവ്’ ഒരു നിശ്ശബ്ദ ഹൊറർ ചിത്രം. മൂന്നാമത് സിംഗപ്പൂർ ഫ്ലൈയിങ് ഇംഗ്ലിഷ്, പിന്നെ തമിഴിൽ ‘ ഒരു പുതു നിറം ’ എന്ന ഹിറ്റ് ആൽബം. അതിനു ശേഷം സിംഗപ്പൂരിലെ പ്രമുഖ സംവിധായകനും നിർമാതാവും നടനുമായ മാർക് ലീയുടെ ചൈനീസ് സിനിമയിലും ഒരു വേഷം ചെയ്തു. തുടർന്ന് മാർക് ലീയുടെ ടോക്‌ഷോകളിലും പങ്കെടുത്തത് വലിയ അനുഭവമായെന്ന് ജിബു പറയുന്നു. ലോക്ഡൗൺ കാലത്ത് രണ്ട് ഷൂട്ട് അറ്റ് ഹോം ഹ്രസ്വ ചിത്രങ്ങളുമൊരുക്കി. ‘മെമ്മറീസ് നെവർ ഡൈ’ എന്ന ചിത്രം എഴുതി സംവിധാനം ചെയ്തതും ജിബു ആണ്.
ഗ്രഹണത്തിനു ശേഷം
നാട്ടിൽ എത്രയും പെട്ടെന്ന് ഒരു മലയാള സിനിമയുടെ ഭാഗമാനുള്ള കാത്തിരിപ്പിലാണ് ജിബു. ഒരു തനി മലയാളി വേഷം, വളരെ റിയലിസ്റ്റിക് ആയ, ജീവിതത്തോടു ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങൾ, പല താരങ്ങൾക്കും സംവിധായകർക്കുമൊപ്പമുള്ള സിനിമകൾ.. അങ്ങനെ ഇപ്പോൾ സ്വപ്നങ്ങൾക്ക് അതിരുകളേയില്ല. നായക വേഷത്തിനായുള്ള കാത്തിരിപ്പല്ല. സിനിമയും, അഭിനയവും കൂടുതൽ പഠിക്കാൻ പറ്റിയ കാമ്പുള്ള കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പാണ്. ഇതുവരെ എത്തിയ വഴികളിൽ കുടുംബത്തിന്റേയും സിംഗപ്പൂർ മലയാളികളുടെയും പിന്തുണയായിരുന്നു എല്ലാം.