ADVERTISEMENT

നല്ല ചുട്ട തല്ലും തല്ലിൽ നിന്നുടലെടുക്കുന്ന സൗഹൃദങ്ങളുമായി തിയറ്ററുകൾ നിറയ്ക്കുകയാണു ടൊവിനോ.  ഇന്നേ വരെ കണ്ട ടൊവിനോ ചിത്രങ്ങളിൽ നിന്നെല്ലാം അടപടലം വ്യത്യസ്തമാണു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തു ആഷിഖ് ഉസ്മാൻ നിർമിച്ച ‘തല്ലുമാല’യെന്നു പ്രേക്ഷകർ പറയുന്നു. സിനിമയുടെ പ്രചാരണ പരിപാടികൾക്കു പോലും യുവാക്കൾ ഇടിച്ചു കയറുന്നു. മിന്നൽ മുരളിക്കു ശേഷം തല്ലുമാലയിലെ മണവാളൻ വസിമിനെ ഏറ്റെടുക്കുകയാണു ടൊവിനോ ആരാധകർ. ടൊവിനോ മനോരമയോടു സംസാരിക്കുന്നു.

 

∙ എന്താണു തല്ലുമാല?

 

tovino-thalumaala

തല്ലും സൗഹൃദവും യുവത്വത്തിന്റെ ആഘോഷവുമാണു തല്ലുമാല. ഒരു മുഴുനീള എന്റർടെയ്നർ. വളരെ കളർഫുള്ളായ ചിത്രമാണ്. ഇന്നോളം ഞാൻ ചെയ്തിട്ടുള്ള വേഷങ്ങളിൽ ഏറ്റവും വ്യത്യസ്തം. എന്നെ വളരെ എക്സൈറ്റ് ചെയ്യിപ്പിച്ച കഥ. യുവാക്കൾക്ക് ആഘോഷമായി കണ്ടു മടങ്ങാനുള്ളതെല്ലാം ചിത്രത്തിലുണ്ട്. പരമ്പരാഗത രീതിയിൽ നേർ രേഖയിലൂടെയല്ല, മറിച്ചു നോൺ ലീനിയർ ശൈലിയിലാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിട്ടുള്ളത്. അത്തരമൊരു സമീപനം മലയാള സിനിമയിൽ അധികം ഉണ്ടായിട്ടില്ല. ഈ വ്യത്യസ്തത പ്രേക്ഷകർ സ്വീകരിച്ചുവെന്നാണു തിയറ്റർ പ്രതികരണം തെളിയിക്കുന്നത്.

  

∙ ചിത്രത്തിന്റെ അണിയറ സൗഹൃദങ്ങൾ?

 

tovino-4

സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു വളരെ മുൻപു തന്നെ ചിത്രത്തിനായുള്ള സൗഹൃദക്കൂട്ടായ്മ രൂപപ്പെട്ടിരുന്നു. ഞാനും ഖാലിദും കഥാകൃത്ത് മുഹ്സിനും  ലുക്മാനും തുടങ്ങി ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറക്കാരും ഒരു ഫ്ലാറ്റെടുത്തു താമസിച്ചു തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. കഥ, സ്ക്രിപ്റ്റ്, മ്യൂസിക് തുടങ്ങി എല്ലാത്തിലും ചർച്ചകളിലൂടെയാണു തീരുമാനം ഉണ്ടായത്. ഒട്ടേറെ തവണ റിഹേഴ്സലും നടന്നു. അങ്ങനെ അഭിനേതാക്കളെ ഉൾപ്പെടെയുള്ളവരെ എല്ലാത്തിന്റെയും ഭാഗമാക്കി നിർത്തി ടീമിൽ ഉൾപ്പെടുത്തി മുന്നോട്ടു പോയതിനാൽ സെറ്റിൽ ആർക്കും അപരിചിതത്വത്തിന്റെ പ്രശ്നം ഉണ്ടായിരുന്നില്ല. എന്താണു ചെയ്യേണ്ടതെന്ന കാര്യത്തിൽ വരെ ഏകദേശ ധാരണ എല്ലാവർക്കുമുണ്ടായിരുന്നു. ആ സൗഹൃദക്കൂട്ടായ്മയുടെ കരുത്ത് ഈ ചിത്രത്തിൽ അനുഭവിച്ചറിയാനാകും.    

 

∙ മിന്നൽ മുരളിക്കു ശേഷം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പു കഠിനമായോ? 

 

കുട്ടികൾക്കിഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതാണു മിന്നൽ മുരളി. അത് എന്റെ ആദ്യത്തെ സിനിമയോ അവസാനത്തെ സിനിമയോ അല്ല. ഞാൻ ചെയ്ത സിനിമകളിൽ വളരെ പ്രധാനപ്പെട്ട ഒന്നു മാത്രമാണ്. ഒരു വേഷം ഒരിക്കലും അഭിനേതാവിനു ബാധ്യതയാകാൻ പാടില്ല. ഞാൻ ബിഗ് ബജറ്റും ചെയ്യും, ചെറിയ സിനിമയും ചെയ്യും. വില്ലനും ചെയ്യും നായകനും ചെയ്യും. ഒന്നിക്കു മാത്രമായി തളച്ചിടാൻ താൽപര്യമില്ല. ടൊവിനോയുടെ സിനിമ ഇങ്ങനെ ആയിരിക്കും എന്നു വന്നാൽ പിന്നെ പ്രേക്ഷകർക്കും ഒരു കൗതുകമുണ്ടാകില്ല. വലിയ സിനിമകൾ  അനുഗ്രഹമായാണു ഭവിക്കേണ്ടത്, ഒരിക്കലും ബാധ്യത ആകരുത്.  

 

∙ കഥാപാത്രങ്ങൾ ബാധ്യത ആകാതിരിക്കാൻ എന്തെങ്കിലും മുൻകരുതൽ?

 

ഉണ്ട്. മനപൂർവമാണു വീണ്ടും അത്തരം സിനിമകളിൽ അഭിനയിക്കാത്തത്. മിന്നൽ മുരളി കഴിഞ്ഞു വന്ന സിനിമകളെല്ലാം അത്തരത്തിലുള്ളതായിരുന്നു. വരുന്നവർ ആദ്യം പറയുന്നതു വലിയ ബജറ്റ് സിനിമയാണ് എന്നായിരുന്നു. ബജറ്റല്ല എന്നെ എക്സൈറ്റ് ചെയ്യിക്കുന്നത്. ഞാൻ എനിക്കു സംതൃപ്തി ലഭിക്കുന്ന, പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന പ്രോത്സാഹനം ലഭിക്കുന്ന സിനിമകളാണു ചെയ്യാനിഷ്ടപ്പെടുന്നത്. ബജറ്റൊന്നും ഒരു സിനിമയുടെ വിജയത്തെ ബാധിക്കുന്നില്ല. എന്നെ വച്ചു സിനിമ എടുക്കാൻ ആഗ്രഹിക്കുന്ന സംവിധായകന് ഏതു രീതിയിലുള്ള സിനിമയും ചിന്തിക്കാൻ സാധിക്കണം. അതിപ്പോൾ വലുതായാലും ചെറിയ സിനിമയായാലും പ്രശ്നമില്ല. സ്വന്തമായി പ്രൊഡക്ഷൻ ചെയ്യുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഇഷ്ടമുള്ള സിനിമ ചെയ്തു മുന്നോട്ടു പോകുക എന്നതാണു ലക്ഷ്യം. 

 

∙ ഒടിടി ഹിറ്റിനു മാതൃകയായി മിന്നൽ മുരളി മുന്നിലുണ്ട്. മിന്നൽ മുരളി രണ്ടാം ഭാഗം ഒടിടിയിൽ പ്രതീക്ഷിക്കാമോ?

 

മിന്നൽ മുരളി ഓടിടിയിൽ ഇറങ്ങാനുണ്ടായ സാഹചര്യം കോവിഡ് ആയിരുന്നു. ഒടിടിയിൽ ലഭിച്ച റീച്ച് എല്ലാവരും കണ്ടതാണ്. എന്നാൽ എല്ലാ പടവും ഒടിടിക്കു കൊടുക്കാനാവില്ല. മിന്നൽ ‍മുരളിയുടെ രണ്ടാം ഭാഗം ഇറങ്ങിയാൽ അത് തിയറ്ററിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഒടിടി എന്ന ഓപ്ഷൻ തിയേറ്ററിൽ വന്നാലും ഉണ്ട്. മിന്നൽ മുരളി തിയറ്ററിൽ കാണണം എന്നാണ് ആഗ്രഹിച്ചിരുന്നത്. ഏതു തരം സിനിമയാണെങ്കിലും തിയറ്ററിൽ വലിയ സ്ക്രീനിൽ കാണാനുള്ള ഓപ്ഷൻ ഉള്ളപ്പോൾ അതു മിസ് ചെയ്യരുതെന്നും അങ്ങനെ കാണണമെന്നുമാണ് ആഗ്രഹം. ആ സുഖം നമുക്കു വീട്ടിൽ ഇരുന്നു കണ്ടാൽ കിട്ടണമെന്നില്ല. തിയറ്ററുകളാണു സിനിമകളുടെ സ്ഥലം. ഒടിടി രണ്ടാമത്തെ സാധ്യതയും. ഇതു മാറ്റത്തിന്റെ ഘട്ടമാണ്. ഒടിടിയുടെ സാധ്യതകൾ നമ്മൾ മനസിലാക്കി വരുന്നതേ ഉള്ളൂ. വരും കാലത്ത് കുറച്ചു സിനിമകൾ ഒടിടിക്കു മാത്രമായും കുറെ തിയറ്ററിലേക്കു മാത്രമായും നിർമിക്കപ്പെടാം.  

 

∙ ബോളിവുഡിൽ പ്രമുഖ താരങ്ങൾ പോലും വെബ്സീരിസിലേക്കു വരുന്നു. മലയാളത്തിൽ അതു കാണുന്നില്ല? 

 

ഒടിടികളാണ് അതു തീരുമാനിക്കേണ്ടത്. ഇപ്പോൾ മലയാളത്തിൽ വെബ് സീരീസ് പ്രോജക്ടുകൾ കാര്യമായില്ല എന്നതിനാൽ നാളെ ഉണ്ടായിക്കൂടെന്നില്ല. ഒരു പക്ഷേ പാൻ ഇന്ത്യൻ വ്യൂവർഷിപ് ലക്ഷ്യമിട്ടാകാം ബോളിവുഡ് താരങ്ങളെ വച്ച് ഇംഗ്ലിഷ് വെബ്സീരീസുകൾ നിർമിക്കുന്നതിനു പിന്നിൽ. വൻ തുക മുടക്കി വെബ്സീരീസുകൾ വരുമ്പോൾ മലയാളികൾ മാത്രം കണ്ടാൽ നിർമാതാക്കൾക്കു ലാഭമുണ്ടാകില്ല. ഇംഗ്ലിഷിലാണെങ്കിൽ ലോകം മുഴുവൻ അവ കാണും.പക്ഷേ, സ്പാനിഷ് ഭാഷയിലുള്ള മണി ഹെയ്സ്റ്റ് നമ്മൾ കണ്ടത് ഇംഗ്ലിഷിലാണ്. ഇതേ മാതൃകയിൽ മലയാളത്തിൽ ഒരെണ്ണം എടുത്തിട്ടു മൊഴിമാറ്റം നടത്തി അതു ലോകം മുഴുവൻ കാണുന്ന സ്ഥിതി വന്നാൽ അടിപൊളിയാകും. നല്ല കണ്ടന്റുള്ള വെബ്സീരീസ് നൽകിയാൽ ഡബ് ചെയ്തു മറ്റു ഭാഷകളിലേക്കു കൊണ്ടുപോകാവുന്നതേയുള്ളൂ.  

 

∙ കോവിഡിനു ശേഷം കഠിനവ്യായാമങ്ങൾ പലർക്കും പ്രശ്നം സൃഷ്ടിക്കുന്നു. വർക്ക് ഔട്ട് ജീവിതത്തിന്റെ ഭാഗമാക്കിയ ആളെന്ന നിലയിൽ എന്താണ് പറയാനുള്ളത്?

 

വർക്ക് ഔട്ട് ചെയ്തിട്ടും ഞാനിപ്പോഴും ജീവനോടെ ഇരിപ്പുണ്ട്. വർക്കൗട്ട് ആയിരിക്കില്ല, നമുക്ക് എന്തെങ്കിലും മെഡിക്കൽ കണ്ടിഷൻ ഉള്ളപ്പോൾ ഓവർ സ്ട്രെസ് എടുക്കുന്നതാവാം പ്രശ്നം. ഞാൻ ഭയങ്കരമായി വർക്കൗട്ട് ചെയ്യുന്നില്ല. അത് ആളുകൾക്കുള്ള തെറ്റിദ്ധാരണയാണ്. എന്റെ ശരീരത്തിൽ ഒരു കഥാപാത്രത്തിന് അനുസരിച്ചുള്ള മാറ്റം വരുത്തുകയാണ്. ചിലപ്പോൾ വർക്കൗട്ട് ചെയ്യാതിരിക്കുന്നതായിരിക്കും കഥാപാത്രത്തിനു നല്ലത്. സാധാരണ നിലയിലുള്ള വർക്കൗട്ടിന് ഓവർ സ്ട്രെയിൻ വേണ്ട. ഭക്ഷണ ക്രമീകരണമാണു ശരീരത്തെ മാറ്റിയെടുക്കാനുള്ള എളുപ്പ വഴി. വർക്ക് ഔട്ട് ശരിയായ രീതിയിൽ ചെയ്താൽ ആരോഗ്യത്തെ ബാധിക്കും എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. 

 

∙ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ വരുന്നു?

 

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിൽ അഭിനയിക്കാൻ പറ്റുക എന്നതു തന്നെ വലിയ അനുഗ്രഹമാണ്. മലയാളികളുടെ മനസ്സിലുള്ള കഥാപാത്രം. ആഷിക് അബുവിന്റെ കൂടെ വർക്കു ചെയ്യാൻ പറ്റുന്നതു സന്തോഷമാണ്. കംഫർട്ടായി വർക്കു ചെയ്യാവുന്ന ഡയറക്ടറാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com