ADVERTISEMENT

ഉഡായിപ്പ് എന്നതിനു മറുവാക്കാകുന്ന ചില കഥാപാത്രങ്ങള്‍ സിനിമകളില്‍ വന്നു പോകാറുണ്ട്. തലതല്ലിച്ചിരിച്ചു കൊണ്ട് ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍. അങ്ങനെയൊരാളായിരുന്നു ‘ഗുരുവായൂരമ്പലനടയിലെ’ ഡോ. ജോര്‍ജ്. ഇങ്ങനെയൊക്കെ, ഇത്രയും അബ്‌നോര്‍മല്‍ ആയ ഡോക്ടര്‍മാരുണ്ടാകുമോ എന്നു ചോദിച്ചുപോകുന്ന കയ്യിലിരിപ്പുമായി സിനിമയില്‍ നിറഞ്ഞത് ജോമോന്‍ ജ്യോതിര്‍ എന്ന നടനാണ്. സിനിമയല്ലാതെ മറ്റൊരു ഓപ്ഷനും മുന്നിലില്ലാത്ത ജോമോന്‍ കരിയറില്‍ കിട്ടിയ മികച്ച കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചു. കിനാവ് കണ്ട കല്യാണം നടക്കാനായി മണ്ടത്തരങ്ങള്‍ക്കു മണ്ടത്തരവുമായി നടക്കുന്ന ഡോക്ടര്‍ കഥാപാത്രം മലയാളികളുടെ മനസ്സിലിടം നേടി. സോഷ്യല്‍ മീഡിയകളില്‍ നമ്മള്‍ കണ്ട് ചിരിച്ചു മറിയുന്ന റീലുകളില്‍ ചിലതിന്റെ അഭിനയമാണ് ജോമോന്‍ ജ്യോതിറിനെ സിനിമയിലെത്തിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

സിനിമയല്ലാതെ മറ്റൊന്നുമില്ല

ചില മനുഷ്യര്‍ക്കു ജീവിതത്തില്‍ എന്തെങ്കിലും കാര്യങ്ങളോട് അടങ്ങാത്ത ആഗ്രഹമുണ്ടാകുമല്ലോ. അതല്ലാതെ അവര്‍ക്ക് ചെയ്യാന്‍ മറ്റൊന്നും മുന്നിലുണ്ടാകില്ല. എന്നെ സംബന്ധിച്ച് അത് സിനിമയാണ്. സിനിമയല്ലാതെ കുഞ്ഞിലേ മുതല്‍ക്കേ എനിക്ക് വേറൊരു ചിന്തയുമില്ലായിരുന്നു. പത്താം ക്ലാസിലെത്തിയിട്ടും ആരാകണം എന്നൊക്കെ ചോദിക്കുമ്പോഴും മനസ്സില്‍ സിനിമയില്‍ അഭിനയിക്കണം എന്നായിരുന്നു. പക്ഷേ അത് തുറന്നു പറയാന്‍ അന്നേരവും ധൈര്യമുണ്ടായിരുന്നില്ല. കേട്ടാല്‍ ആളുകള്‍ ചിരിച്ചു തള്ളും ഗൗരവത്തോടെ എടുക്കില്ല എന്നൊക്കെയായിരുന്നു എന്റെ പേടി. പക്ഷേ പിന്നെ പിന്നെ ചിലരൊക്കെ സിനിമയ്ക്ക് പിന്നാലെയാണ് എന്റെ പോക്ക് എന്ന് മനസ്സിലാക്കി. അതിന് മാറ്റമൊന്നും വരില്ല എന്നും മനസ്സിലാക്കി. അങ്ങനെയാണ് ഞങ്ങളുടെ നാട്ടില്‍ നിന്ന് തന്നെയുള്ള ഒരു പ്രൊഡ്യൂസര്‍ അദ്ദേഹം നിര്‍മിച്ച സിനിമയായ പതിനെട്ടാം പടിയില്‍ അഭിനയിക്കാന്‍ അവസരം തരുന്നത്. സിനിമയില്‍ മുഖം കാണിക്കുന്നത് അങ്ങനെയാണ്. അതിനു ശേഷം കോവിഡും ലോക്ഡൗണുമൊക്കെയായി. 

joemon-jyothir3

ആ സമയത്ത് നാട്ടില്‍ കൂട്ടുകാരൊക്കെ ചേര്‍ന്നൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ അതില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം തന്നു. അതിലെ സ്പൂഫ് വിഡിയോകള്‍ ഹിറ്റ് ആയതോടെയാണ് പിന്നെയും സിനിമയിലേക്കെത്തുന്നത്. ആ വിഡിയോകള്‍ കണ്ടാണ് ജൂഡ് ആന്റണി സര്‍ ‘സാറാസി’ല്‍ അഭിനയിക്കാന്‍ അവസരം തരുന്നത്. അതിനു ശേഷം പിന്നെയും റീലുകളും യൂട്യൂബ് വിഡിയോകളും ചെയ്യാന്‍ തുടങ്ങി. ഒരു ജോലി പോലെ ദിവസവും ഒരു റീല്‍ എങ്കിലും അപ്‌ലോഡ് ചെയ്യുമായിരുന്നു. അത് കണ്ടിട്ടാണ് ജിത്തു ചേട്ടന്‍ (ജിത്തു മാധവന്‍) രോമാഞ്ചത്തിലെ ഡിജെ ബാബു എന്ന കഥാപാത്രം തരുന്നത്.

joemon-jyothir43

ഗൗതമന്റെ രഥം, തോല്‍വി, ഫാലിമി തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കുറേ കഥാപാത്രങ്ങളെ ഇതിനോടകം അവതരിപ്പിക്കാനായി. രോമാഞ്ചമാണ് ജീവിതത്തില്‍ വഴിത്തിരിവായത് എന്നു തോന്നുന്നത്. അത് ബ്ലോക്ബ്ലസ്റ്റര്‍ ആയതോടെ അതില്‍ അഭിനയിച്ച പലര്‍ക്കും പിന്നീട് പല സിനിമകളും കിട്ടി. കേസില്ലാ ലോകത്തെ ഡിറ്റക്ടീവ്, ഹലോ മമ്മി, ബസൂക്ക തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചത് അങ്ങനെയാണ്. ഫാലിമിയില്‍ ആകെ രണ്ടു സീനുകളിലേയുള്ളൂ. ബേസില്‍ ജോസഫ് ആയിരുന്നു ആ സീനിലേക്ക് എന്നെ നിര്‍ദ്ദേശിച്ചതെന്ന് അതിന്റെ സംവിധായകനായ നിതീഷേട്ടന്‍(നിതിന്‍ സഹദേവ്) എന്നോട് പറഞ്ഞിരുന്നു. 

‘രോമാഞ്ചം’ തന്ന സമ്മാനം

എറണാകുളത്തുള്ള സബ് ഒറിജനല്‍സ് എന്ന യുട്യൂബ് ചാനലിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. വിപിന്‍ ചേട്ടനെ (വിപിൻ ദാസ്) കുറേ കാലമായി അറിയാം. ചേട്ടന്‍ എന്റെ വിഡിയോകളൊക്കെ കാണുന്ന ആളാണ്. അങ്ങനെയാണ് ജയജയജയഹേയിലേക്ക് എനിക്കൊരു അവസരം തരുന്നത്. ഒരു സീനിലേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഷൂട്ടിങ് സെറ്റിലേക്ക് ബസിലാണ് ഞാന്‍ പോയത്. നല്ല മഴ സമയമായിരുന്നു. ട്രാഫിക് ബ്ലോകില്‍ പെട്ട് എനിക്ക് കൃത്യസമയത്ത് ഷൂട്ടിങിനെത്താനായില്ല. ഞാന്‍ കരുതി ഇനിയൊരിക്കലും വിപിന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ ഒരു സിനിമയിലേക്കും എന്നെ വിളിക്കില്ല എന്ന്. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ഈ സിനിമയില്‍ നല്ലൊരു വേഷം തന്നു.

നീ നോര്‍മല്‍ അല്ല...അങ്ങനെയാണ് ഈ സിനിമയില്‍ വേണ്ടതെന്നായിരുന്നു വിപിന്‍ ചേട്ടന്‍ പറഞ്ഞത്. അങ്ങനെയൊരു പെരുമാറ്റമാണ് ഈ സിനിമയില്‍ വേണ്ടത്. ഒരു തരത്തിലും നോര്‍മല്‍ ആയി പെരുമാറാന്‍ കഴിയാത്ത ഒരാളായി വേണം ഈ സിനിമയില്‍ നില്‍ക്കാന്‍ എന്നു പറഞ്ഞു. ഓരോ സീന്‍ എടുക്കുമ്പോഴും ഒപ്പം നിന്നിരുന്നു. അദ്ദേഹം പറഞ്ഞു തന്നത് മാത്രമാണ് ഞാന്‍ സിനിമയില്‍ ചെയ്തത്. അല്ലാതെ വേറൊന്നുമില്ല. അതില്‍ മണിയടിച്ച് സംസാരിക്കുന്ന ഒരു സീനുണ്ട്. അതും അതെങ്ങനെയാണ് ചെയ്യേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തന്ന അതേപടി ആവര്‍ത്തിക്കുകയായിരുന്നു.

വലിയ പഠിത്തം ഒന്നും വേണ്ടി വന്നില്ല...

കഥാപാത്രം അവതരിപ്പിക്കാന്‍ എനിക്ക് വലിയ റഫറന്‍സ് ഒന്നും വണ്ടേി വന്നില്ല. അബ്‌നോര്‍മല്‍ ആയിരിക്കണം എന്നു പറഞ്ഞപ്പോള്‍ തന്നെ കഥാപാത്രത്തെ ഊഹിക്കാനായി. അവരുടെ നടപ്പും ഇരിപ്പും ഓരോ കാര്യങ്ങളും കുറച്ച് ഓവറായിരിക്കും വ്യത്യസ്തമായിരിക്കും എന്ന് അറിയാമല്ലോ. അതുപോലെ ഓരോ സീന്‍ ചെയ്യുന്നതിനു മുന്‍പും എന്താണ് വേണ്ടത് എന്നതിനെ പറ്റി നല്ല ബ്രീഫിങും രണ്ടോ മൂന്നോ വട്ടെ റിഹേഴ്‌സലും കാണും. അതുകൊണ്ട് ഒട്ടും ടെന്‍ഷന്‍ ആകേണ്ടി വന്നില്ല.

joemon-jyothir323

സന്തോഷം നല്‍കുന്ന ട്രോളുകള്‍

ഒരുപാട് മെസേജുകളും കോളുകളും വരുന്നുണ്ട്. നന്നായി ചെയ്തു എന്നു പറഞ്ഞിട്ട്. ഏറ്റവും സന്തോഷം നല്‍കിയത് സിനിമ പുറത്തുവന്നതിനു ശേഷം ഞാന്‍ ചെയ്ത കഥാപാത്രത്തെ ആസ്പദമാക്കി കുറേ പോസിറ്റിവ് ആയ ട്രോളുകള്‍ വരുന്നത് കണ്ടപ്പോഴാണ്. അതുപോലെ പ്രേമലു എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ് എ.ഡി വിളിച്ചിരുന്നു. നല്ല റിവ്യൂസ് സിനിമയ്ക്കും ഞാന്‍ ചെയ്ത കഥാപാത്രത്തിനും കിട്ടുന്നതില്‍ വലിയ സന്തോഷമുണ്ട്.

vipin-joemon

ജഗദീഷേട്ടന്‍ പൊളിയാണ്

രാജുവേട്ടനൊപ്പം നിന്നൊരു ഫോട്ടോ എടുക്കണം എന്നത് ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് സ്വപ്‌നവും. അത് രണ്ടും സാധിച്ചു. ഞാന്‍ വിചാരിച്ച രാജുവേട്ടനേയല്ല നേരിട്ട് കണ്ടപ്പോള്‍. ആളു പാവമാണ്. അദ്ദേഹം അഭിനയിക്കുന്നത് കുറേ നേരം വെറുതെ നോക്കിനിന്നിരുന്നു. ഒത്തിരി സ്വപ്‌നം കണ്ട നിമിഷങ്ങളായിരുന്നു അതെല്ലാം. അതുപോലെ ജഗദീഷേട്ടന്‍ പൊളി മനുഷ്യനാണ്. നല്ല സൗഹൃദത്തിലായി ആ സിനിമയ്ക്കു ശേഷം. അദ്ദേഹത്തിനൊപ്പമുള്ള സീനിനു മുന്‍പ് റിഹേഴ്‌സല്‍ ചെയ്തിരുന്നു. അന്നേരം ജഗദീഷേട്ടൻ പറഞ്ഞു തന്ന ഡയലോഗാണ് വ്യാഴത്തിലെ ഗുളികന്‍ എന്നൊക്കെ പറയുന്നത്. അത് വിപിന്‍ ചേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഇഷ്ടമായി. അങ്ങനെയാണ് ആ ഡയലോഗ് വരുന്നത്..

ചെത്തിമിനുക്കിയ സീനുകള്‍

പക്ഷിരാജന്‍ സീന്‍ എനിക്കൊരുപാട് ശ്രദ്ധ നേടിത്തന്ന രംഗമായിരുന്നു. വിപിന്‍ ചേട്ടന്റെ മിടുക്കാണ് ആ സീന്‍ അത്രമാത്രം വൃത്തിയായി ചെയ്തിട്ടുണ്ടെന്ന് ആളുകള്‍ക്ക് തോന്നുന്നുവെങ്കില്‍. അയാളുടെ നടപ്പും നോട്ടവും ആക്‌ഷനും എല്ലാം പലവട്ടം മാറ്റിയും മറിച്ചു നോക്കിയാണ് അവസാന ലുക്കിലെത്തിയത്. ഓരോ സീനും ഒരുപാട് വട്ടം ഇംപ്രവൈസ് ചെയ്യാറുണ്ട് അദ്ദേഹം. ചെത്തിമിനുക്കിയെടുക്കുക എന്നു പറയാറില്ലേ, അങ്ങനെയായിരുന്നു. പക്ഷിരാജന്‍ സീന്‍ ഒരു ചെറിയ പാളിച്ച വന്നാല്‍ കയ്യില്‍ നിന്ന് പോകുമായിരുന്നു.  പക്ഷേ അത് നന്നായി ക്ലിക് ആയത് സംവിധായകന്റെ മിടുക്കാണ്.

joemon-jyothir33

മലയാള സിനിമ കാത്തുവച്ചിരുന്നത്

ചിറയന്‍കീഴ് ആണ് എന്റെ വീട്. വീട്ടിലോ ബന്ധുക്കളിലോ നാട്ടിലെ സൗഹൃദ വലയത്തിലോ ആരും സിനിമയിലില്ല. ഗോഡ്ഫാദര്‍ എന്നു പറയാന്‍ ആരുമില്ല. 2014ല്‍ തിരുവനന്തപുരം എജെ കോളജില്‍ നിന്ന് മാസ് കമ്യുണിക്കേഷനില്‍ ബിരുദം നേടിയ ശേഷം സിനിമയില്‍ അഭിനയിക്കണം എന്നു മാത്രം ചിന്തിച്ച് മുന്നോട്ട് പോയ ആളാണ്. പരിശ്രമങ്ങളുടെ ഫലമാണ് ഇതുവരെ കിട്ടിയ ചെറുതോ വലുതോ ആയ വേഷങ്ങളെല്ലാം. അവസരങ്ങള്‍ മലയാള സിനിമ അത്രമേല്‍ ആഗ്രഹിച്ച് പ്രയത്‌നിക്കുന്നവര്‍ക്കായി ഒരുക്കി വച്ചിട്ടുണ്ടെന്നാണ് എന്റെ ഇതുവരെയുള്ള അനുഭവം പറഞ്ഞു തരുന്നത്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനി പ്രേമലുവിന്റെ സംവിധായകന്‍ നിതീഷേട്ടന്റെ ആണ്.

അതുപോലെ ഇതുവരെ അവസരങ്ങള്‍ തന്നെ ജൂഡ് ആന്റണി സര്‍, വിപിന്‍ ചേട്ടന്‍, ജിത്തു ചേട്ടന്‍ എന്നിവരോടെല്ലാം കടപ്പാടുണ്ട്. അവരെല്ലാം വലിയ സ്വാധീനവും പ്രതീക്ഷയുമാണ് തന്നത്. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാകണം എന്നാണ് മനസ്സില്‍. ഫഹദ് ഫാസിലിന്റെ ആക്ടിങ് ടെക്‌നിക്കുകള്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് മലയാളത്തിലെ ഓരോ നടനും നടിയും വലിയ പാഠപുസ്തകങ്ങളാണ്. സിനിമയെയും അതിലെ ഓരോരുത്തരെയും അത്രമാത്രം ഇഷ്ടമാണ്.

English Summary:

Actor Joemon Jyothir Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com