‘ജയസൂര്യ, നിങ്ങ പൊളിയാണ് മച്ചാനെ’ വൈറലായി പ്രേക്ഷകന്റെ കുറിപ്പ്
Mail This Article
പത്തു വർഷങ്ങൾക്കു മുമ്പ് നടൻ ജയസൂര്യ ഫോൺ വിളിച്ചതിന്റെയും അദ്ദേഹത്തോടു സംസാരിച്ചതിന്റെയും അനുഭവം പങ്കു വച്ച് പ്രേക്ഷകൻ. ജെറി ഹാരിസൺ കുരിശിങ്കൽ എന്ന പ്രേക്ഷകനാണ് ‘ഗുലുമാൽ’ സിനിമ ഇറങ്ങിയ കാലത്ത് ജസൂര്യയുമായി സംസാരിച്ചതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ സിനിമാഗ്രൂപ്പിൽ എഴുതിയത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്രകാരമാണ്.
സംഭവം നടക്കുന്നത് 2010-ഇൽ എന്തോ ആണ്, 'ഗുലുമാൽ' എന്ന കുഞ്ചാക്കോ-ജയസൂര്യ പടം റിലീസ് കഴിഞ്ഞ സമയം. ഞാൻ ഫെയ്സ്ബുക്കിൽ ജോയിൻ ചെയ്ത ടൈം, ജയസൂര്യയയും ആ സമയത്താണ് ഫെയ്സ്ബുക്കിൽ ജോയിൻ ചെയ്യുന്നത് എന്നാണ് ഓർമ. കണ്ടപാടെ റിക്വസ്റ്റ് കൊടുത്ത്, അപ്പൊതന്നെ പുള്ളി എന്നെ ഫ്രണ്ട് ആയി ആഡ് ചെയ്ത്. അന്ന് ഇന്നത്തെ പോലെയല്ല, പേജും ഗ്രൂപ്പും ഒന്നും ഇല്ല. ആഡ് ചെയ്തപ്പോ തന്നെ ഞാൻ പുള്ളിയുടെ വാളിൽ ഒരു മെസ്സേജ് ചെയ്തു, പുള്ളിയുടെ ആക്ടിങ് ഇഷ്ടമാണെന്നും സംസാരിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞതും പുള്ളി എന്നോട് നമ്പർ ചോദിച്ചു. നമ്പർ കൊടുത്തതും എനിക്കൊരു കാൾ, എടുത്തപ്പോ ജയസൂര്യയാണ്. 'അയ്യോ ഞാൻ തിരിച്ചു വിളിക്കട്ടെ' എന്ന് ചോദിച്ചു, പുള്ളി പറഞ്ഞത് "ഒരു ഫോൺ ചെയ്യാനുള്ള ക്യാഷ് ഒക്കെ ദൈവം സഹായിച്ച് കയ്യിലുണ്ട്" എന്നാണ്. എന്റെ പേര് ചോദിച്ചു, 'ഗുലുമാൽ' എന്ന സിനിമയിലെ നിങ്ങളുടെ ക്യാരക്ടറിന്റെ പേരാണ് എന്റെ എന്ന് പറഞ്ഞു. അത് കൊള്ളാമെന്നും, സ്വഭാവം അങ്ങനെ ആവാതെ ഇരുന്നാൽ മതിയെന്നായിരുന്നു മറുപടി. എന്നിട്ട് ആള് കുറെ ചിരിച്ചു.
ഫോൺ കാൾ ഏകദേശം ഒരു 15-20 മിനിറ്റ് ഉണ്ടായിരുന്നു. അന്ന് ഞാൻ പുള്ളിയോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഇനി ആഗ്രഹമെന്നാണ്. പുള്ളി പറഞ്ഞ മറുപടി ഇതായിരുന്നു - ‘കിട്ടുന്ന ഏതു വേഷവും നന്നായി ചെയ്യുന്നതിനോടൊപ്പം വ്യത്യസ്തമായ മേക്ക് ഒാവറിൽ വരണമെന്നുമാണ്’. അങ്ങനെ ആരേലും നിലവിൽ ഉണ്ടോ എന്ന ചോദ്യത്തിന് പുള്ളി പറഞ്ഞത് - ‘മമ്മൂക്കയുടെ ഒട്ടുമിക്ക സിനിമയിലെ ഫോട്ടോസ് കണ്ടാൽ ഏതു സിനിമയാണെന്ന് പറയാൻ പറ്റും. ഒരുപാട് ദൂരം ഇനിയും പോവാനുണ്ട്, നായക റോളുകൾ തന്നെ വേണോന്നുമില്ല, വില്ലിൻ ആയാലും നുമ്മ റെഡി’ എന്നാണ്. അന്നേരം എനിക്കോർമ്മവന്നത് 'കങ്കാരൂ'വിലെ മോനച്ചനെ ആണ്.
ഇന്നിപ്പോ 10 വർഷം കഴിഞ്ഞു, ജയസൂര്യയുടെ സിനിമകൾ എടുത്താൽ 99% പുള്ളി മേല്പറഞ്ഞ കാര്യത്തോട് സത്യസന്ധത പാലിച്ചിട്ടുണ്ട്. സിനിമ വിജയമായാലും പരാജമായാലും ജയസൂര്യ തന്റേതായ രീതിയിൽ കഥാപാത്രത്തിന് വ്യത്യസ്തത വരുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
കഴിഞ്ഞ ദിവസം സൈജുകുറുപ്പിന്റെ ഒരു ഇന്റർവ്യൂയിൽ പുള്ളി പറഞ്ഞു അടുത്ത വർഷത്തേക്കുള്ള കഥാപാത്രത്തിന് വേണ്ടി ജയസൂര്യ നോട്ട്സ് പ്രിപ്പയേർ ചെയ്യുന്നത് കണ്ടു അത്ഭുതം തോന്നി എന്ന്. അപ്പോഴാണ് 10 വര്ഷങ്ങള്ക്കു മുന്നേയുള്ള എന്റെ ഫോൺ വിളി ഓർമ വന്നതും പോസ്റ്റ് ഇടണം എന്ന് തോന്നിയതും. ജയസൂര്യ, നിങ്ങ പൊളിയാണ് മച്ചാനെ. Keep Going!!