‘എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് അഭിനയിക്കാനിറങ്ങി’: താരമായി മീനാക്ഷി

Mail This Article
പത്തൊന്‍പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി കിട്ടിയ ജോലി, 22ാം വയസ്സിൽ രാജിവച്ച് അഭിനയത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. ‘19–ാം വയസ്സിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെയാണ് സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ജോലി കിട്ടിയത്. ആദ്യം 1 മാസം ലീവ് എടുത്താണ് ‘നായികാ നായകനി’ൽ മത്സരിച്ചത്. അങ്ങനെ തുടരാനാകാതെ വന്നതോടെ, മൂന്നാം ക്ലാസ് മുതൽ കൊതിച്ചു നേടിയ ജോലി 22–ാം വയസിൽ രാജി വച്ചു.’–വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറയുന്നു.
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി. സംവിധായകൻ ലാൽ ജോസ് തന്റെ പുതിയ സിനിമയുടെ നായികയെയും നായകനെയും കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയാണ് നായികാ നായകൻ. ഇപ്പോൾ ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിന്റെ പ്രിയതാരമായി മീനാക്ഷി മാറി. മറിമായം എന്ന സമകാലിക ഹാസ്യാത്മക വിഷയങ്ങൾ പ്രതിപാദിക്കുന്ന പരമ്പരയിലും മീനാക്ഷി ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.

‘അച്ഛൻ ബാങ്കിലായിരുന്നു. അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലായിൽ എനിക്ക് ജോലി കിട്ടി. എല്ലാവർക്കും അതിൽ വലിയ സന്തോഷമായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും വീട്ടിൽ ചെറിയ ആശങ്ക തോന്നുമല്ലോ. എന്തായാലും എന്റെ ഒരു ആഗ്രഹത്തിനും അവർ ഇതുവരെ എതിരു നിന്നിട്ടില്ല. അച്ഛൻ – രവീന്ദ്രൻ. അമ്മ – ജയ ചേട്ടൻ – ബാലു.’
‘അഭിനയത്തിൽ വിജയിച്ചില്ലെങ്കിലും ജോലിയിൽ തിരികെ കയറാം എന്ന ആത്മവിശ്വാസവും എനിക്കുണ്ട്. ഇപ്പോൾ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടു പോകാനാകുന്ന ഒരു അവസരത്തിലേക്കു ഞാനെത്തിക്കൊണ്ടിരിക്കുന്നു.’-മീനാക്ഷി പറയുന്നു.
മിനിസ്ക്രീനിൽ ഹിറ്റായതോടെ ബിഗ് സ്ക്രീനിലും താരത്തിന് അവസരങ്ങൾ നിരവധി. മാലിക്, മൂൺ വാക്ക്, ഹൃദയം എന്നിവയാണ് മീനാക്ഷി അഭിനയിക്കുന്ന പുതിയ സിനിമകൾ.