തളർത്താനാകില്ല; ‘റോഡ് മൂവി’യുമായി ഡോ. സിജു

Mail This Article
ആലപ്പുഴ ∙ വിധി നിർത്തിയിടത്തു നിന്നു ഡോ.സിജുവിന്റെ ചക്രങ്ങൾ വീണ്ടും ഉരുളുകയാണ്, പുതിയ സിനിമയ്ക്കായി. ശരീരത്തിന്റെ പേശികളെ തളർത്തുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗം ബാധിച്ച് 32–ാം വയസ്സു മുതൽ വീൽചെയറിലേക്ക് ശരീരത്തെ ഒതുക്കേണ്ടി വന്ന ഡോ.സിജു വിജയൻ പുതുവർഷത്തിൽ തയാറാക്കുന്ന സിനിമ ഒരു ‘റോഡ് മൂവി’ കൂടിയാണ്!
ചിത്രങ്ങൾ വരച്ചു വിറ്റാണ് അരൂക്കുറ്റി കൊച്ചുകണ്ണംപറമ്പിൽ ഡോ.സിജു വിജയന്‍ ആദ്യ ചിത്രമായ ‘ഇൻഷ’ നിർമിക്കാനുള്ള പണം കണ്ടെത്തിയത്. അതിനു മുൻപ് പത്തോളം ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത് സിനിമയ്ക്കു തയാറെടുപ്പ് നടത്തി. ‘ഇൻഷ’ വെള്ളിത്തിരയിലെത്തണമെന്ന സിജുവിന്റെ ആഗ്രഹം മലയാള മനോരമ ‘ഞായറാഴ്ച’യിലൂടെ അറിഞ്ഞ കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എൻ.മായ ഇടപെട്ട് കെഎസ്എഫ്ഡിസിയുടെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നതിന് അവസരമൊരുക്കി. എങ്കിലും ലോക്ഡൗണില്‍ ആ സ്വപ്നം താൽക്കാലികമായി തടസ്സപ്പെട്ടു.
തിയറ്ററുകൾ സജീവമായാലുടൻ ഡോ.സിജുവിന്റെ സിനിമയ്ക്കു പ്രദർശനാനുമതി നൽകുമെന്ന് കെഎസ്എഫ്ഡിസി അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. ലോക്ഡൗൺ കാലത്തിനു മുൻപു തന്നെ, അബുദാബി കേന്ദ്രമായ ഡ്രീംസ് വിഷൻ മാനേജിങ് ഡയറക്ടർ തോമസ് മാത്യു, വീല്‍ചെയറുമായി യാത്ര ചെയ്യാൻ സൗകര്യപ്രദമായ വാഹനം ഡോ.സിജുവിന് സമ്മാനിച്ചിരുന്നു.
റോഡ് മൂവി സംവിധാനം ചെയ്യുന്നതിനു മുന്നോടിയായി യൂട്യൂബ് ചാനലിലേക്ക് ട്രാവൽ വിഡിയോ തയാറാക്കിയാണ് സിജു പരിശീലനം നടത്തിയത്. വാഹനം യാത്രയ്ക്കു സുഖപ്രദമാണെന്നു തിരിച്ചറിഞ്ഞതോടെയാണ് സ്വപ്ന പദ്ധതിയായ ട്രാവൽ മൂവിയുമായി സിജു മുന്നോട്ടു ചക്രമുരുട്ടുന്നത്. ആരാധകനായ ഒരു യുവാവിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് ചിത്രീകരിക്കുന്നത്.
ധനുഷ്കോടിയിൽ നിന്നാരംഭിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെ നീളുന്ന യാത്രയുടെ കഥയാണതെന്ന് ഡോ.സിജു പറയുന്നു. യാത്രയും ചിത്രീകരണവുമെല്ലാം സ്വന്തം വാഹനത്തിൽ തന്നെയാകുമെന്ന് സിജു. ചിത്രം വരച്ചു വിറ്റു നേടിയ സമ്പാദ്യം തീരുന്നതുവരെയുള്ള യാത്രയേ ഇപ്പോൾ മനസ്സിലുള്ളൂ. എങ്കിലും സ്വപ്നത്തിനു തടയിടാൻ ശരീരത്തിന്റെയോ പണത്തിന്റെയോ പരിമിതികൾക്കു കഴിയില്ലെന്ന ആത്മവിശ്വാസമാണ് പുതുവർഷത്തില്‍ ഡോ.സിജുവിന്റെ യാത്രകളുടെ മുതൽക്കൂട്ട്.