ADVERTISEMENT

തിരക്കഥകളുടെ തമ്പുരാനായ ഡെന്നിസ് ജോസഫിന്റെ അനുമോദനം കിട്ടിയതിൽ ഒരു അഭിനേതാവെന്ന നിലയിൽ സന്തോഷമുണ്ടെന്ന് ചങ്ങനാശേരിയിലെ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റായ സെബിൻ ജോൺ.  രഞ്ജിത്ത് നിർമിച്ച് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത "നായാട്ട്" എന്ന സിനിമയിൽ സെബിൻ ജോൺ ഒരു ചെറിയ വേഷം ചെയ്തിരുന്നു.  മരണത്തിന് തൊട്ടുമുൻപ് ഡെന്നിസ് ജോസഫ് നായാട്ട് കാണുകയും അതിൽ സെബിൻ ജോൺ അവതരിപ്പിച്ച കഥാപാത്രം കണ്ട് അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം പറയേണ്ടതുണ്ടെന്ന് മകനോട് പറയുകയും ചെയ്തിരുന്നു.

 

‘എന്റെ കുടുംബ സുഹൃത്താണ് ഡെന്നിസ് ജോസഫ്. അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് നായാട്ട് കണ്ടിരുന്നു.  ഞാൻ അതിൽ എം.സി. ജോർജ് എന്ന രാഷ്ട്രീയക്കാരന്റെ വേഷമാണ് ചെയ്ത്. സംവിധായകൻ മാർട്ടിൻ എന്റെ അടുത്ത സുഹൃത്താണ്. നായാട്ട് ചെയ്തപ്പോൾ എന്നോട് ഈ വേഷം ചെയ്തു നോക്കൂ എന്ന് പറഞ്ഞത് മാർട്ടിനാണ്. ചാനൽ ചർച്ചയിൽ വരുന്ന ഒരു സീനിലാണ് ഞാൻ അഭിനയിച്ചത്.  എന്റെ സീൻ വന്നപ്പോൾ അദ്ദേഹം സിനിമ നിർത്തിയ ശേഷം മകനോട് പറഞ്ഞു ‘ഇതാണ് ഞാൻ പറയാറുള്ള സെബിൻ, സിനിമയിൽ നന്നായിട്ടുണ്ട്, അവനെ വിളിച്ച് അഭിനന്ദനം അറിയിക്കണം’ എന്ന്.  

 

അതിനു ശേഷം വൈകിട്ടാണ് അദ്ദേഹത്തിന്റെ മകൻ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് എത്താൻ പറയുന്നത്.  ഞാൻ ചെന്നപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ആ സമയത്താണ് അദ്ദേഹം നായാട്ട് സിനിമ കണ്ട കാര്യവും എന്നെക്കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിരുന്നതായും മകൻ എന്നോട് പറയുന്നത്.  

 

സിനിമയൊക്കെ കണ്ട ശേഷം വൈകിട്ട് ഏഴുമണിയോടെ കുളിച്ചു കഴിഞ്ഞു പുറത്തിറങ്ങിയ ആൾ കുഴഞ്ഞു വീഴുകയായിരുന്നു.  ആശുപത്രിയിൽ എത്തിച്ചിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.  രണ്ടു ദിവസമായി അദ്ദേഹത്തിന് ചെറിയ ക്ഷീണം ഉണ്ടായിരുന്നു എന്ന് മകൻ പറഞ്ഞു.  സാധാരണ അദ്ദേഹം എന്നും ഔട്ട്ഹൗസിൽ ചെന്നിരുന്ന് എഴുതാറുണ്ട്.  പക്ഷേ ഇന്നലെ പുറത്തിറങ്ങിയില്ല.  സിനിമയൊക്കെ കണ്ടു വീട്ടിലിരിക്കുകയായിരുന്നു.  അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം എന്നെയും തളർത്തിക്കളഞ്ഞു.  വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി, കൂടെ ഉള്ള ഒരാൾ നഷ്ടമായപോലെ’.–സെബിൻ ജോൺ പറയുന്നു.

 

ഡെന്നിസിന്റെ അപ്രതീക്ഷിത വിയോഗമറിഞ്ഞ് ഞെട്ടലോടെ സംവിധായകനും നിർമാതാവുമായ ര‍ഞ്ജിത്തും അനുശോചനം അറിയിച്ചപ്പോൾ ഇക്കാര്യമാണ് പറഞ്ഞത്, ‘ഞാൻ നിര്‍മിച്ച ‘നായാട്ട്’ ഒന്നു കാണണമെന്ന് ഡെന്നിസിനോടു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പ്രിയ സുഹൃത്തിനോട് അത് പറയാന്‍ കഴിഞ്ഞില്ല.’...രഞ്ജിത്തിന്റെ വാക്കുകൾ വേദനയാൽ മുറിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com