മാലിക്കിലെ ഫ്രെഡി; സിനിമയിൽ വയസ്സ് 17, യഥാർഥ പ്രായം 35

Mail This Article
മാലിക് സിനിമയെക്കുറിച്ചാണ് പ്രേക്ഷകർക്കിടയിലും സമൂഹമാധ്യമങ്ങളിലും ചർച്ച. സിനിമ കണ്ട് കഴിഞ്ഞവർ തേടിപ്പോയൊരു കഥാപാത്രമാണ് അലിക്കയെ കൊല്ലാൻ നിയോഗിക്കപ്പെട്ട ആ കൗമാരക്കാരൻ പയ്യൻ ആരെന്നത്. ആ അന്വേഷണം ചെന്നെത്തിയത് മുപ്പത്തിയഞ്ചുകാരൻ സനൽ അമൻ എന്ന നടനിലും. ഒട്ടൊരു പകപ്പോടെയാണ് പ്രേക്ഷകർ ആ സത്യം മനസ്സിലാക്കിയത്. പലരുടെയും കയ്യിലെ കളിപ്പന്തായി ജീവിതം കൈവിട്ടുപോകുന്ന ഫ്രെഡി എന്ന പതിനേഴുകാരനെ സനൽ അമൻ എന്ന നടൻ അനശ്വരമാക്കി. യൗവനത്തിന്റെ പാതിവഴിയിൽ നിന്നും ക്ഷുഭിതനായ കൗമാരക്കാരനിലേക്ക് മടങ്ങിപ്പോയ കഥ പറയുകയാണ് സനൽ അമൻ.

‘മഹേഷേട്ടനാണ് (മഹേഷ് നാരായണൻ) ഈ സിനിമയിലേക്കു എന്നെ വിളിച്ചത്. 2016-ൽ ‘ദ് ലവർ’ എന്ന ഒരു നാടകം സംവിധാനം ചെയ്തു അഭിനയിച്ചിരുന്നു. ശാന്തി ബാലചന്ദ്രൻ ആണ് നായികയായി അഭിനയിച്ചത്. മഹേഷേട്ടൻ അത് കാണാൻ വന്നിരുന്നു. അദ്ദേഹത്തിന് ഷോ ഇഷ്ടപ്പെട്ടു, എന്നെ അഭിനന്ദിച്ചിട്ടാണ് പോയത്. പിന്നീട് 2019 -ൽ അദ്ദേഹം എന്നെ വിളിച്ചു കൊച്ചിയിലേക്ക് വരാൻ പറഞ്ഞു. അവിടെ വച്ച് മാലിക്കിന്റെ മുഴുവൻ കഥ എന്നോട് പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കിയ എനിക്ക് അത് ഏറ്റെടുക്കാൻ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല, കാരണം ആ സമയത്ത് എനിക്ക് 34 വയസ്സ് ആയിരുന്നു. പക്ഷേ എനിക്കില്ലാത്ത വിശ്വാസം എന്നിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് "അതൊന്നും കുഴപ്പമില്ല നീ തടി ഒന്ന് കുറച്ചാൽ മതി" എന്നാണ്. മഹേഷേട്ടന്റെ ഉറപ്പിലാണ് ആ റോൾ ഏറ്റെടുത്തത്. എനിക്ക് കിട്ടിയ അവസരം എത്രത്തോളം വലുതാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അദ്ദേഹം എന്നെത്തന്നെ തിരഞ്ഞെടുത്തത് വലിയ ഒരു ഭാഗ്യമായാണ് ഇപ്പോൾ തോന്നുന്നത്.’–സനൽ പറയുന്നു.


‘തിരുവനന്തപുരത്ത് ഒരു യോഗ സെന്ററിൽ യോഗയ്ക്ക് ചേർന്ന സമയത്താണ് മാലിക്കിൽ കരാർ ഒപ്പിടുന്നത്. ഈ സിനിമ എന്ന ലക്ഷ്യം മനസ്സിൽ വന്നപ്പോൾ ഞാൻ ആത്മാർത്ഥമായി തന്നെ ഡയറ്റും യോഗയും ചെയ്തു തുടങ്ങി. ഒരു മാസത്തെ ട്രെയിനിങ് കഴിഞ്ഞപ്പോൾ ചെറുപ്പത്തിലേക്ക് തിരിച്ചുപോയിത്തുടങ്ങിയിരുന്നു. മഹേഷേട്ടൻ ഇടയ്ക്കിടെ എന്നെ വിളിച്ച് "സനലേ കുട്ടിത്തം പോകുന്നു" എന്നൊക്കെ പറയും. അത് കേൾക്കുമ്പോൾ ഞാൻ വീണ്ടും പരിശ്രമിക്കും അങ്ങനെയാണ് ഞാൻ ഒരു 17 കാരനായി മാറിയത്.’
‘കുട്ടിക്കാലം മുതൽ തിയറ്ററിൽ വർക്ക് ചെയ്തു തുടങ്ങിയിരുന്നു. ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് വർഷം പഠനം. തൃശൂർ ഡ്രാമ സ്കൂളിൽ രണ്ട് വർഷവും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും ഒരു വർഷവും പഠിക്കുകയുണ്ടായി. ഒരുപാട് നാടകങ്ങൾ ചെയ്തു. അത് കഴിഞ്ഞപ്പോൾ തന്നെ സജിൻ ബാബുവിന്റെ "അസ്തമയം വരെ" എന്ന സിനിമ ചെയ്തു. അത് മെയിൻസ്ട്രീം സിനിമ അല്ലാത്തതുകൊണ്ട് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അതാണ് എന്റെ ആദ്യത്തെ സിനിമ. അതിനു ശേഷം ഏലി ഏലി ലാമ സബ്കസ്താനി" എന്ന മറാഠി-ഹിന്ദി സിനിമ ചെയ്തു. അത് ബോംബെയിൽ നടക്കുന്ന കഥയാണ്. രതീഷ് രവീന്ദ്രൻ സംവിധാനം ചെയ്ത പിക്സെലിയ എന്ന സിനിമയാണ് പിന്നീട് ചെയ്തത്. ഇടക്ക് കുറച്ചു ഹ്രസ്വ ചിത്രങ്ങൾ ചെയ്തു. സിനിമാമേഖലയുമായി ബന്ധപ്പെട്ടു തന്നെ നിന്നതുകൊണ്ട് ഈ കഥാപാത്രം കിട്ടിയപ്പോൾ ഈസി ആയി ചെയ്യാൻ കഴിഞ്ഞു. ഞാൻ ആദ്യമായി ചെയ്ത മെയിൻസ്ട്രീം സിനിമ "മാലിക്" ആണ്. അതിന്റെ പ്രതികരണങ്ങൾ ഞാനിപ്പോൾ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.’
‘അമ്മയും അച്ഛനും അനിയനും അമ്മൂമ്മയുമൊക്കെയായി വീട്ടിൽ ഇരുന്നാണ് "മാലിക്" കണ്ടത്. എന്റെ അമ്മ വല്ലാതെ ആഹ്ലാദം പ്രകടിപ്പിക്കുന്ന ആളാണ്. ഒരു കണക്കിന് ഇത് തിയറ്ററിൽ റിലീസ് ചെയ്യാത്തത് നന്നായി എന്ന് തോന്നി, കാരണം 'അമ്മ സിനിമ കണ്ടപ്പോൾ ഒരുപാട് ഇമോഷനൽ ആയി. എല്ലാവരുമൊപ്പം വീട്ടിൽ ഇരുന്നു കണ്ടത് നല്ല അനുഭവമായിരുന്നു. ഫഹദ് ഇക്കയുമായി ഉള്ള സീൻ ആണ് ആദ്യം ഷൂട്ട് ചെയ്തത്. അതിനു മുൻപ് ഫഹദ് ഇക്കയുമായി അധികം സംസാരിച്ചിട്ടില്ല അതുകൊണ്ടു തന്നെ എനിക്കൊരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ചെയ്തു തുടങ്ങിയപ്പോഴേക്കും ഫഹദിക്ക കഥാപാത്രമായി മാറിക്കഴിഞ്ഞു, എന്നെ കൂൾ ആയി അഭിനയിക്കാൻ അദ്ദേഹം സഹായിച്ചു. ആ സീൻ കഴിഞ്ഞപ്പോഴേക്കും വളരെ നാളായി അറിയുന്ന സുഹൃത്തുക്കളെപ്പോലെ ആയി ഞങ്ങൾ. ഇന്ദ്രൻസ് ചേട്ടൻ, ജലജ മാം ദേവകി, വിനയ് ഇവരോടൊപ്പമൊക്കെ വർക്ക് ചെയ്യാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരം പോലെയാണ് തോന്നുന്നത്.’
‘എന്നെ ചെറുപ്പം മുതലേ അറിയുന്ന സുഹൃത്തുക്കളൊക്കെ വിളിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞു. എന്നെ കൗമാരക്കാരനായ കണ്ടിട്ട് പ്രശ്നമൊന്നും തോന്നിയില്ല എന്നാണു പറഞ്ഞത്. ആദ്യത മെയിൻസ്ട്രീം ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിയാത്തതിൽ വിഷമമുണ്ട്. റിലീസ് ആയ ഉടൻ തന്നെ ഒരുപാട് പേര് കണ്ടിട്ട് അഭിപ്രായം പറയുന്നതിൽ സന്തോഷവുമുണ്ട്. ഒരേ സമയം രണ്ടും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് സ്ക്രീൻ തന്നെയാണ് ചെറുപ്പം മുതൽ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നത്. എങ്കിലും ഈ മഹാമാരിക്കാലത്ത് എല്ലാവർക്കും സുരക്ഷിതമായി സിനിമ കാണാൻ ഒറ്റിറ്റി തന്നെയാണ് നല്ലത് എന്ന് തോന്നുന്നു.’ –സനൽ പറയുന്നു.