ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോഴിക്കോട് ∙ വയനാട്ടിലെ പണിയ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ആദിവാസികളുടെ അതിജീവന യാഥാർഥ്യങ്ങളിലേക്ക് മിഴി തുറക്കുന്ന ‘കെഞ്ചിര’ എന്ന സിനിമ ഓഗസ്റ്റ് 17 ന് ഒടിടി യിലൂടെ ലോക പ്രേക്ഷകരിലേക്കെത്തുന്നു. 

 

നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ചു മനോജ് കാന എഴുതി സംവിധാനം ചെയ്ത 'കെഞ്ചിര' ഓണത്തോടനുബന്ധിച്ച് ആക്‌ഷൻ ഒടിടി യിൽ പ്രഥമ ചിത്രമായിട്ടാണ് റിലീസ് ചെയ്യുന്നത്. 100 രൂപയാണ് സ്ക്രീനിംഗ് ഫീസ്.  ‘കെഞ്ചിര’യുടെ ട്രെയിലർ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി 5 നു വൈകീട്ട് 5 നു  അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രകാശനം ചെയ്യും.

 

പൊതു സമൂഹത്തിന്റെ അവഗണനയും വ്യവസ്ഥയുടെ ക്രൂരതയും ഏറ്റുവാങ്ങി സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും പറിച്ചെറിയപ്പെട്ട്  ത്രിശങ്കുവിലകപ്പെട്ട പണിയ സമൂഹത്തിന്റെ വിഹ്വലതകളിലേക്കു വെളിച്ചം വീശുന്ന സിനിമയാണിത്. 2020ൽ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘കെഞ്ചിര’ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഭാഷാചിത്രത്തിനുള്ള പുരസ്കാരവും മൂന്ന് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. സംസ്ഥാന ചലചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കാൻ ചലചിത്രമേളയിൽ സ്ക്രീനിങിനായി തെരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്ക്രീനിംഗ് നടന്നില്ല. കേരള രാജ്യാന്തര ചലചിത്രോത്സവത്തിലും കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും ഉൾപ്പെടെ വിവിധ മേളകളിൽ ‘കെഞ്ചിര’ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി.

 

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ്, പ്രതാപ് നായർക്ക് മികച്ച  ഛായാഗ്രഹണത്തിനുള്ള അവാർഡ്, അശോകൻ ആലപ്പുഴക്ക് വസ്ത്രാലങ്കാരത്തിനുള്ള അവാർഡും ഈ സിനിമയിലൂടെ ലഭിച്ചിട്ടുണ്ട്. സ്വത്വ സമ്പന്നമായ ഗോത്ര സംസ്കാരത്തിൽ നിന്ന് നരകീയ ജീവിതത്തിന്റെ മരുപ്പറമ്പിലേക്ക് ആദിവാസിയെ ആട്ടിയോടിച്ച ആർത്തി മൂർത്തികൾക്കു നേരെ, ഒത്തുതീർപ്പില്ലാത്ത ക്യാമറക്കണ്ണുമായി കടന്നു ചെല്ലുന്നതാണ് ഈ സിനിമയെന്ന് സംവിധായകനായ മനോജ് കാന പറഞ്ഞു.

 

പണിയഭാഷയിൽ സാക്ഷാത്കരിച്ച കെഞ്ചിരയിൽ വേഷമിട്ടവർ ഒട്ടു മുക്കാലും ആദിവാസികൾ തന്നെ. അവർ അഭിനയിക്കുകയായിരുന്നില്ല; തങ്ങളുടെ ശരീരവും ആത്മാവും കൊണ്ട് പൊതുസമൂഹത്തോട് ഉറക്കെ സംസാരിക്കുകയായിരുന്നു. കോടാനുകോടികൾ ചെലവഴിച്ച് ഉദ്ധരിച്ചവർക്കും, രക്ഷകവേഷം കെട്ടിയവർക്കും ഇതുവരെയും മനസ്സിലാകാത്ത ആദിവാസി ജീവിതം ഉച്ചത്തിൽ വിളിച്ചു പറയുകയാണ് ഈ സിനിമ. മുഖ്യധാരയോടുള്ള ആദിവാസിയുടെ 'ഡയലോഗാണ് ' ഈ സിനിമ.  പൈറസി ഭീഷണിയിൽ സിനിമ പ്രവർത്തകർ കടുത്ത പ്രയാസം നേരിടുന്ന ഇന്നത്തെ അവസ്ഥയിൽ, ചെറിയ സംഖ്യ മുടക്കി നിശ്ചിത ഒടിടി യിലൂടെ തന്നെ നല്ല സിനിമകൾ കാണുന്നത് അന്തസ്സുള്ള സാംസ്‌കാരിക പ്രവർത്തനമാണെന്ന് മനോജ് കാന പറഞ്ഞു.

 

വിനുഷ രവി ,കെ.വി.ചന്ദ്രൻ ,മോഹിനി , ജോയ് മാത്യു , സനൂജ് കൃഷ്ണൻ, കരുണൻ ,വിനു കുഴിഞ്ഞങ്ങാട് ,കോലിയമ്മ തുടങ്ങിയവരാണ് ഇതിലെ അഭിനേതാക്കൾ. 

മനോജ് കാന നേരത്തെ എഴുതി സംവിധാനം ചെയ്ത ചിത്രങ്ങൾ ‘ചായില്യ’വും ’അമീബ’യും സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും രാജ്യാന്തര ചലച്ചിത്രമേളകളിൽ വലിയ ശ്രദ്ധയും നേടിയതാണ്. ഇപ്പോൾ ആശാശരത്തും മകൾ ഉത്തരയും മുഖ്യവേഷങ്ങളിലെത്തുന്ന, ബെൻസി നാസർ നിർമ്മിക്കുന്ന ‘ഖെദ്ദ’യുടെ പണിപ്പുരയിലാണ് മനോജ് കാന. ആദിവാസികൾക്കിടയിൽ ഏറെ വർഷങ്ങളായി പ്രവർത്തിക്കുന്ന അദ്ദേഹം, അവരെ ഉൾപ്പെടുത്തി ആവിഷ്കരിച്ച ‘ഉറാട്ടി’ എന്ന നാടകം  ദേശീയ അന്തർദേശീയ നാടകോത്സവങ്ങളിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. കേരളത്തിലാദ്യമായി ഒരു ആദിവാസി പെൺകുട്ടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത നാടകം കൂടിയാണത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com