ADVERTISEMENT

സൂപ്പർ ഹിറ്റായ ഒരു ചിത്രത്തിൽ ആദ്യമായി ഒരു പ്രധാന കഥാപാത്രം ചെയ്തപ്പോൾ, അത് കാണാൻ അമ്മ കൂടെ ഇല്ലാത്ത ദുഖത്തിലാണ് കുരുതിയിലെ ‘വിഷ്ണു’.  മഴവിൽ മനോരമയിലെ ഹിറ്റ് സീരീസായ തട്ടീം മുട്ടിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി സാഗർ സൂര്യനാണ് ‘കുരുതി’ എന്ന ചിത്രത്തിൽ വിഷ്ണുവായി അഭിനയിച്ചത്.  തന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും ഏറെ പിന്തുണ തന്നിരുന്നത് അമ്മയായിരുന്നു എന്നും ഈ സന്തോഷം പങ്കിടാൻ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണെന്നും സാഗർ മനോരമ ഓൺലൈനിന്നോട് പറഞ്ഞു.  

 

sagar-surya

‘ഞാൻ ആദ്യമായി അഭിനയിച്ച സിനിമ കുരുതി അല്ല.  ജൂനിയർ ആർട്ടിസ്റ്റായി ഇതിനു മുമ്പ് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അത് പക്ഷേ തിയറ്ററിൽ റിലീസ് ചെയ്തില്ല.  ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  അതിനു ശേഷമാണ് ഓഡിഷൻ വഴി തട്ടീം മുട്ടീം എന്ന ടെലിവിഷൻ പരമ്പരയിൽ അവസരം ലഭിച്ചത്.  അതിനുശേഷം ഉപചാരപൂർവം ഗുണ്ടാ ജയൻ എന്ന ചിത്രം ചെയ്തു.  അത് ചെയ്തിട്ട് രണ്ടു വർഷം കഴിഞ്ഞു.  ദുൽഖർ സൽമാന്റെ പ്രൊഡക്‌ഷൻ ആണ്.  സൈജു കുറുപ്പാണ് നായകൻ.  ആ സിനിമ ഉടൻ റിലീസ് ചെയ്യും എന്ന് കരുതുന്നു.’–സാഗർ സൂര്യൻ പറയുന്നു.

sagar-suryaq

 

sagar

‘ഹാരിസ് എന്ന പ്രൊഡക്‌ഷൻ കൺട്രോളർ ആണ് എന്നെ കുരുതിയിലേക്ക് വിളിച്ചത്. സംവിധായകൻ മനു വാരിയരും അസ്സോസിയേറ്റീവ് ഇർഷാദ് ചേട്ടനും കൂടിയായിരുന്നു ഓഡിഷൻ. ഓഡിഷൻ വിഡിയോ അവർ പൃഥ്വിരാജ് ചേട്ടന് അയച്ചു കൊടുത്തു.  അദ്ദേഹം ഓക്കേ പറഞ്ഞതോടെയാണ് എന്നെ കുരുതിയിലേക്ക് തെരഞ്ഞെടുത്തത്.  ഇത്രയും വലിയ ഒരു പ്രൊഡക്‌ഷനോടൊപ്പം വളരെ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.’

sagar-mother

 

‘സിനിമയിലൊന്നും എത്തിപ്പെടാൻ കഴിയും എന്ന് കരുതിയിരുന്നില്ല.  എൻജിനീയറിങ് ബിരുദധാരിയായ എനിക്ക് ഒരു ജോലി തേടി വീട്ടുകാരെക്കൂടി സഹായിക്കുക എന്ന ഉദേശമായിരുന്നു ഉണ്ടായിരുന്നത്.  പക്ഷേ ചെറിയ ഷോർട്ട് ഫിലിം ഒക്കെ ചെയ്ത് എങ്ങനെയോ ഈ ഒരു ട്രാക്കിൽ വീണു.  പഠിക്കാനായി ഓസ്‌ട്രേലിയയ്ക്ക് പോകാൻ ഇരിക്കുമ്പോഴാണ് തട്ടീം മുട്ടീം എന്ന പരിപാടിയുടെ ഓഡിഷന് പോയത്.  അതോടെ വീണ്ടും ഈ ഒരു മേഖലയിൽ തന്നെ തുടർന്നു.’ 

 

‘മറ്റൊരു ജോലിക്കും കിട്ടാത്ത അംഗീകാരമാണ് ഒരു അഭിനേതാവിനു കിട്ടുന്നത്.  ഞാൻ ചെയ്യുന്നതിനെല്ലാം എന്റെ വീട്ടുകാർ നല്ല പിന്തുണ തന്നിരുന്നു.  അമ്മയായിരുന്നു എന്റെ ആസ്വാദക.  എന്റെ പരിപാടികൾ എല്ലാം ശ്രദ്ധിച്ചു കാണുന്നത് അമ്മയായിരുന്നു.  എല്ലാവരും എന്റെ അഭിനയത്തെപ്പറ്റി നല്ലവാക്ക് പറയുമ്പോൾ അമ്മയ്ക്ക് സന്തോഷമാകും.  ഇത്രയും ഹിറ്റായ ഒരു സിനിമയിൽ നല്ലൊരു വേഷം ചെയ്തിട്ട് അത് കാണാൻ അമ്മ കൂടെ ഇല്ല എന്ന ദുഃഖമുണ്ട്. അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരുപാടു സന്തോഷിക്കുമായിരുന്നു.  അച്ഛനും അനുജനും വളരെ സന്തോഷമായി.  എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രേക്ഷകരോടും നന്ദിയുണ്ട്.’–സാഗർ സൂര്യൻ പറഞ്ഞു.

 

സാഗറിന്റെ അമ്മ ഇക്കഴിഞ്ഞ ജൂണിലാണ് മരണമടഞ്ഞത്.  താൻ അമ്മക്കുട്ടിയായിരുന്നുവെന്നും അമ്മയായിരുന്നു തന്റെ സിനിമാമോഹങ്ങൾക്ക് പ്രചോദനമെന്നുമുള്ള സാഗറിന്റെ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com