ADVERTISEMENT

‘‘സന്ദേശം നൽകൽ അല്ല, പ്രതിഫലിപ്പിക്കലാണു സിനിമ.’’, ചലച്ചിത്ര സംവിധായകൻ സി.ആർ.അജയകുമാറിന്റെ വാക്കുകൾ. ‘കറുത്ത’ എന്ന തന്റെ പുതിയ ചിത്രം ഉൾപ്പെടെയുള്ള എല്ലാം ഇതേ രീതിയാണ് അദ്ദേഹം പിന്തുടരുന്നതും. സമൂഹത്തിന് ഒരു സന്ദേശം നൽകുക അല്ല സിനിമ ചെയ്യേണ്ടതെന്നും മറിച്ചു നമ്മൾ ജീവിക്കുന്ന സമൂഹത്തെ സിനിമ എന്ന ബിഗ് സ്ക്രീനിലൂടെ പ്രതിഫലിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, മാത്രമേ ‘ഞാൻ പെർഫെക്ട്’ എന്ന എല്ലാവരിലുമുള്ള ചിന്ത മാറുകയുള്ളൂ.

 

‘കറുത്ത’ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രവും ഇതേ രീതിയിലാണ് ഒരുക്കുന്നത്. സമൂഹത്തിൽ ഇപ്പോഴും പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗത്തിന്റെ കഥയാണു ‘കറുത്ത’. ചിത്രത്തിന്റെ പേര് മുതൽ ആ പാർശ്വവൽക്കരണ സ്വഭാവം പ്രേക്ഷകനു മനസ്സിലാക്കും. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ആണ് അജയകുമാർ തന്റെ ‘കറുത്ത’യെ അണിയിച്ച് ഒരുക്കുന്നത്.

 

മികച്ച കാഴ്ച ഭംഗിയുള്ള ചിത്രം കോവിഡ് പ്രതിസന്ധി ഒഴിയുന്ന മുറയ്ക്കു തിയറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കും. എല്ലാ സിനിമകളും ഒടിടിയിൽ റീലിസ് ചെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഒടിടി റീലിസിങ് മികച്ച സാധ്യതയും സിനിമ ആസ്വാദകർക്ക് ഏറെ പ്രിയങ്കരവുമാണ്. എന്നാൽ, ചിത്രത്തിന്റെ എല്ലാ ഷോട്ടുകളും മികച്ച ഫ്രെയിമുകളിൽ ഷൂട്ട് ചെയ്ത ‘കറുത്ത’യുടെ യഥാർഥസൗന്ദര്യം ആസ്വദിക്കണമെങ്കിൽ ബിഗ് സ്ക്രീനിലൂടെ സിനിമ കണ്ടാൽ മാത്രമേ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു.

 

ബംഗാളിയിലുള്ള ഒരു പാട്ട് ഒഴികെ 95% ചിത്രീകരണവും പൂർത്തിയായ ‘കറുത്ത’യുടെ ഡബിങ് എറണാകുളത്തു പുരോഗമിക്കുന്നു. മീരാ വാസുദേവ്, സാക്ഷി പ്രാർഥന, ഗൗരി ഗരിമ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘കറുത്ത’ സംഗീത 4 ക്രിയേഷൻസിന്റെ ബാനറിൽ സംഗീത സാഗർ ആണു നിർമിക്കുന്നത്. സംവിധായകൻ സി.ആർ.അജയകുമാർ തന്നെയാണു ‘കറുത്ത’യുടെ കഥയും തിരക്കഥയും ഒരുക്കിയത്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ എസ്.പി.മഹേഷ്, ഡിഒപി അരുൺ ഗോപിനാഥ്.

 

ലിബി ആഷിത്, സേതുലക്ഷ്മി, കെപിഎസി ലീലാമണി, കെ.പി.സജിനാഥ്, സത്യജിത്ത്, സജി സുരേന്ദ്രൻ, അജിത്കുമാർ, വ്ലോഗർ ശങ്കരൻ, വിദ്യ, ജാനകി ദേവി, ബിന്ദു തോമസ്, നിഷ, ഷമീർ, ഗീതാഞ്ജലി, ദീപു, സുജാത, സത്യനാഥ്, സുനിൽ കൈപ്പട്ടൂർ, സൈമൺ, ശ്രീഹരി, രാജേഷ് ഉമയനല്ലൂർ, സാബു നാരായണൻ, മനോജ് രാധാകൃഷ്ണൻ, ഹരീഷ് പള്ളത്തിൽ, ഷാഹുൽ ഹമീദ്, പാർവതി, ബേബി രിഹാന, ബേബി നീതി, ബേബി അമാൽ ജഹാൻ, ഷിജി ഇബ്രാഹിം, ജോസി കട്ടപ്പന, വൈശാഖൻ, മോഹൻ കുമാർ, അനീഷ് കല്ലേലി, സലാം, സജികുമാർ, വിജയകുമാരി, സുജ സൈമൺ, എം.ബി.ശ്യാം, ഡോ.ആതുരദാസ്, വൈദ്യർ പെരുമ്പാവൂർ, വിസ്മയ, നിരാമയി, ഷിബു റാവുത്തർ, ബാബുജി ശാസ്താംകോട്ട, പ്രസാദ്, മുകേഷ് കൊല്ലം, ബിജുരാജ്, പ്രേംജിത്ത്, അഖിൽ.ആർ.ലാൽ, ഋതു, ചന്ദ്രശേഖരപിള്ള, മഞ്ജു റോഷ്നി ഗയിൽസ് തുടങ്ങി ഒട്ടേറെ സിനിമ, നാടക, മിമിക്രി, സീരിയൽ താരങ്ങളും ‘കറുത്ത’യിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com