ദയയുടെ ആൾരൂപം; ബഹദൂർ എന്ന സ്നേഹത്തണൽ

Mail This Article
കാലം 1954. നാട്ടിൽ ചെറിയ ചെറിയ അമച്വർ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരുന്ന കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ കുഞ്ഞാലുവിന്റെ മനസ്സിൽ ഒരു ഉൾവിളി പോലെ പെട്ടെന്നാണ് സിനിമാ മോഹം ഉദിക്കുന്നത്. വീട്ടിലും കൂട്ടുകാരോടുമൊക്കെ തന്റെ മോഹം ഉണർത്തിച്ചെങ്കിലും ശ്രീനിവാസൻ ഏതോ സിനിമയില്‍ പറഞ്ഞതു പോലെ, ഒരിക്കലും നടക്കാത്ത വലിയ സ്വപ്നം എന്നുള്ള പരിഹാസമൊഴികൾ കൊണ്ട് എല്ലാവരും കുഞ്ഞാലുവിന്റെ മനസ്സിൽ മോഹഭംഗം വളർത്തി. എന്നാൽ കുഞ്ഞാലു തന്റെ പേരു പോലെ, സ്വന്തം മോഹത്തെ കുഞ്ഞായി കാണാതെ, ഒരു ബന്ധുവിന്റെ ശുപാർശയിൽ തിരുവനന്തപുരത്തെ മെറിലാൻഡ് സ്റ്റുഡിയോ ഉടമയും സംവിധായകനുമായ സുബ്രഹ്മണ്യം മുതലാളിയുടെ സവിധത്തിലെത്തുകയായിരുന്നു.
വളരെ ക്ഷീണിച്ചു നീണ്ടു മെലിഞ്ഞിരിക്കുന്ന കുഞ്ഞാലുവിന്റെ ചില കോമഡി നമ്പറുകളും പ്രത്യേകതരത്തിലുള്ള സംസാരരീതിയുമൊക്കെ സുബ്രഹ്മണ്യത്തിന് വളരെ ബോധിച്ചു. അദ്ദേഹം അടുത്തു തന്നെ തുടങ്ങാനിരിക്കുന്ന, പ്രേംനസീറും മിസ് കുമാരിയും നായികാനായകന്മാരായ ‘അവകാശി’യിൽ തരക്കേടില്ലാത്ത ഒരു വേഷം കുഞ്ഞാലുവിനു കൊടുക്കുകയും ചെയ്തു. മെറിലാൻഡ് സ്റ്റുഡിയോയിലായിരുന്നു ‘അവകാശി’യുടെ ഷൂട്ടിങ്. കുഞ്ഞാലു ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ചത് പ്രേം നസീറിന്റെ കൂടെ ആയിരുന്നു. കൊടുങ്ങല്ലൂർക്കാരൻ കുഞ്ഞാലുവിന്റെ കൊച്ചുകൊച്ചു കുസൃതി കോമഡികൾ കണ്ട് സുബ്രഹ്മണ്യം മുതലാളിയും നസീർസാറും ചിരിച്ചു മറിയുകയായിരുന്നു. എന്നാൽ സുബ്രഹ്മണ്യം മുതലാളിക്ക് കുഞ്ഞാലു എന്ന പേരിനോട് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. ‘‘ഇതൊരു പഴഞ്ചൻ പേരാണ്. ഈ പേരു മാറ്റി കുഞ്ഞാലുവിനു പുതിയൊരു പേരു നൽകണം’’. നസീർ സാറിനോട് സുബ്രഹ്മണ്യം മുതലാളി പറഞ്ഞു.

‘‘കുഞ്ഞാലുവിനു പുതിയൊരു പേരു നൽകാൻ നമ്മുടെ തിക്കുറിശ്ശി സുകുമാരൻ നായരോടു പറഞ്ഞാലോ?’’
ചിറയിൻകീഴ് അബ്ദുൽ ഖാദറെ പ്രേംനസീറും അബ്ദുൽ വഹാബിനെ പ്രേംനവാസുമൊക്കെയാക്കി മാറ്റിയ "പേരു ജ്യോത്സ്യൻ" എന്നറിയപ്പെട്ടിരുന്ന തിക്കുറിശ്ശി പിറ്റേന്നു രാവിലെ മെറിലാൻഡ് സ്റ്റുഡിയോയിലെത്തുന്നു. നസീർ സാറിന്റെ കാർമികത്വത്തിൽ തിക്കുറിശ്ശി കുഞ്ഞാലിക്ക് പുതിയ പേരു നൽകുന്നു. ആ പേരാണ് നീണ്ട അൻപതു വർഷക്കാലം മലയാളികളുടെ ചുണ്ടിൽ വിരിഞ്ഞു നിന്ന, സാക്ഷാൽ ബഹദൂർ എന്ന അഭിനയപ്രതിഭ. തിക്കുറിശ്ശിയാണ് ജോസ് പ്രകാശ് മുതൽ പലർക്കും ഇങ്ങനെ പുതിയ പേരു നൽകിയിട്ടുള്ളത്. അവരൊന്നും മോശമായിട്ടുമില്ല.
‘അവകാശി’ക്കു ശേഷം മെറിലാൻഡ് നിർമിച്ച, മുട്ടത്തു വർക്കിയുടെ പ്രശസ്ത നോവലിന്റെ സിനിമാരൂപമായ ‘പാടാത്ത പൈങ്കിളി’യിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഒരു കോമഡി റോളാണ് സുബ്രഹ്മണ്യം മുതലാളി ബഹദൂറിന് നൽകിയത്. മിസ് കുമാരിയുടെ പുറകെ പ്രേമാഭ്യർഥനയുമായി നടക്കുന്ന മരമണ്ടനായ ‘ചക്കരവക്കൻ’ എന്ന ആ കഥാപാത്രത്തോടെയാണ് ബഹദൂർ ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയത്. ബാല്യകാലസഖി, അനിയത്തി, ജയിൽപുള്ളി, മറിയക്കുട്ടി, കടൽ, പ്രഫസ്സർ, കാട്ടുമല്ലിക തുടങ്ങി മെറിലാൻഡിന്റെ ഒരു ഡസനോളം ചിത്രങ്ങളിലാണ് ബഹദൂറിക്ക തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ളത്. ബഹദൂറിക്കാ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് പ്രേംനസീറിന്റെ സിനിമകളിലാണ്.
മെറിലാൻഡിൽവച്ച് നസീർ സാറുമായി ഉണ്ടായ നല്ല ബന്ധം അദ്ദേഹത്തിന്റെ മരണം വരെ കാത്തു സൂക്ഷിച്ചിരുന്ന ആളായിരുന്നു ബഹദൂറിക്ക. അദ്ദേഹം വലിയ നടനായി പ്രശസ്തിയിലേക്ക് ഉയർന്നപ്പോൾ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ മദ്രാസിലെത്തി നുങ്കമ്പാക്കത്തെ പുഷ്പ നഗർ കോളനിയിൽ സ്വന്തമായി ഒരു വീട് വാങ്ങി താമസം തുടങ്ങി. ആ സമയത്താണ് പ്രശസ്ത നടന്മാരായ മുത്തയ്യയും അടൂർ ഭാസിയും ശങ്കരാടിയുമൊക്കെയായി ബഹദൂറിക്ക സൗഹൃദം സ്ഥാപിക്കുന്നത്. അതോടെയാണ് ബഹദൂറിക്ക എന്ന പരോപകാരിയുടെ സവിധത്തിലേക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും മക്കളും മരുമക്കളുമൊക്കെ സംവിധാനം പഠിക്കാനും സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവുമായി എത്തുന്നത്. അവരെയൊക്കെ മക്കളെപ്പോലെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ ബഹദൂറിക്ക ഒരു മടിയും കാണിച്ചിട്ടില്ല. ഇന്നത്തെ പ്രശസ്ത സംവിധായകരായ ഹരിഹരൻ, ഐ.വി. ശശി, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരൊക്കെ ബഹദൂറിക്കയുടെ സ്നേഹത്തണലിൽ സംവിധായകരായി മാറിയവരാണ്.
അന്ന് മലയാള സിനിമയിൽ മുസ്‌ലിം കഥാപാത്രങ്ങൾ തന്മയത്തത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ അറിയാവുന്ന ഒരു നല്ല നടനെ തേടി നടക്കുന്ന സമയത്താണ് ബഹദൂറിക്കയുടെ മദ്രാസ് പ്രവേശനം. ഉമ്മ, കണ്ടംവച്ച കോട്ട്, ബല്ലാത്ത പഹയൻ, കുട്ടിക്കുപ്പായം തുടങ്ങിയ സിനിമകളിലെ മുസ്‌ലിം കഥാപാത്രങ്ങളെ വളരെ സൂക്ഷ്മാംശങ്ങളോടെ അവതരിപ്പിക്കാനുള്ള കഴിവ് അന്ന് ബഹദൂറിക്കയിൽ മാത്രമേ നിർമാതാക്കളും സംവിധായകരും കണ്ടിരുന്നുള്ളൂ. നീണ്ട അൻപതു വർഷക്കാലത്തിനിടയിൽ 217 ചിത്രങ്ങളിൽ അഭിനയിച്ച ബഹദൂറിക്കയുടെ അവസാന ചിത്രം ദിലീപ് നായകനായ ലോഹിതദാസിന്റെ ‘ജോക്കറാ’ണ്. ജോക്കറിലെ ദുഃഖ കഥാപാത്രം എന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്നതാണ്.

ഞാൻ സിനിമാ കഥാകാരനായി രംഗത്തു വന്ന സമയത്ത് ബഹദൂറിക്ക കോമഡി റോളുകളില്‍നിന്ന് ക്യാരക്ടർ റോളുകളിലേക്ക് മാറിയിരുന്നു. ഞാൻ കഥ എഴുതി ആലപ്പി ഷെരീഫ് തിരക്കഥ ഒരുക്കിയ ‘ഇവിടെ കാറ്റിനു സുഗന്ധ’ത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ബഹദൂറിക്കയെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് പരിചയപ്പെടാൻ കഴിഞ്ഞെങ്കിലും കൂടുതലൊന്നും സംസാരിക്കാനായില്ല.
പിന്നീട് 1986ൽ ഞാൻ എഴുതിയ 'ഒപ്പം ഒപ്പത്തിനൊപ്പ'ത്തിൽ അഭിനയിക്കാനെത്തിയപ്പോൾ മദ്രാസിൽ വച്ചാണ് ബഹദൂറിക്കയെ ഞാൻ വീണ്ടും കാണുന്നത്. അന്ന് ബഹദൂറിക്കയ്ക്ക് വളരെ തിരക്കുള്ള സമയമാണ്. സിനിമയില്‍ തമാശകൾ കാണിച്ച് നമ്മെളെ ഒത്തിരി ചിരിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ നേരിൽ കാണുമ്പോൾ മറ്റൊരാളായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. എപ്പോഴും മുഖത്ത് ചെറിയ നിരാശയുടെ മേമ്പോടിയുമായി മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എപ്പോഴും ചിരിക്കുന്ന മുഖവുമായി നടക്കുന്നവർ ഉള്ളിൽ ഒരുപാട് ദുഃഖങ്ങൾ മറച്ചു വയ്ക്കുന്നവരാണെന്ന പഴമൊഴിയാണ് ബഹദൂറിക്കയെ കാണുമ്പോൾ എന്റെ ഓർമയിൽ തെളിഞ്ഞു വരുന്നത്. എന്താണ് എപ്പോഴും ഇങ്ങനെ നിരാശഭാവവുമായി നടക്കുന്നതെന്ന് ബഹദൂറിക്കയെ കാണുമ്പോഴൊക്കെ ചോദിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ടെങ്കിലും അതിനുള്ള ഒരു സമയവും സന്ദർഭവും ഒത്തുവന്നില്ല.
എനിക്കു പണ്ടു മുതലേ ഒരു സ്വഭാവമുണ്ട്. വലിയ എഴുത്തുകാർ, നടീനടന്മാർ, രാഷ്ട്രീയക്കാർ, സാംസ്ക്കാരിക നായകന്മാർ തുടങ്ങിയവരുമായി പരിചയപ്പെടുമ്പോൾ അവർക്ക് എങ്ങനെയാണ് ഈ വലിയ പദവികളിൽ എത്തിച്ചേരാൻ കഴിഞ്ഞതെന്നുള്ള ഒരു ചോദ്യം ഉന്നയിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഞാൻ പത്രക്കാരനായതു കൊണ്ട് അവർ ഒരുപക്ഷേ മറുപടി പറഞ്ഞില്ലെങ്കിലോ എന്ന് കരുതി ചോദിക്കാറില്ല. ഓരോ മനുഷ്യന്റെയും ജീവിതാനുഭവങ്ങൾ അറിയുമ്പോഴാണല്ലോ എനിക്ക് പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിയുന്നത്.
ബഹദൂറിക്കയുടെ മുഖത്തെ നിസ്സംഗതയും നിരാശാഭാവവും എന്താണെന്നറിയാനായി എന്റെ ഏതെങ്കിലും ഒരു സിനിമയിൽ ഒരു ചെറിയ റോളെങ്കിലും എഴുതി ഉണ്ടാക്കിയിട്ടാണെങ്കിലും അദ്ദേഹം ലൊക്കേഷനിൽ എത്തുമ്പോൾ സംസാരിക്കാനുള്ള ഒരു അവസരവും ഞാൻ നോക്കിയെങ്കിലും അതു നടന്നില്ല. അങ്ങനെയിരിക്കെയാണ് 1990ൽ ഞാൻ തിരക്കഥ എഴുതിയ ‘തൂവൽസ്പർശം’ എന്ന സിനിമയിൽ ഉർവശിയുടെ അച്ഛന്റെ ഒരു വേഷം വന്നത്. കമലായിരുന്നു സംവിധായകൻ. കമൽ ബഹദൂറിക്കയുടെ ബന്ധു കൂടിയായതു കൊണ്ട് കക്ഷിക്കും ആ റോൾ ബഹദൂറിക്കയ്ക്ക് കൊടുക്കുന്നതിൽ താൽപര്യക്കുറവുണ്ടായിരുന്നില്ല. എറണാകുളത്തു വച്ചായിരുന്നു തൂവൽസ്പർശത്തിന്റെ ഷൂട്ടിങ്. ജയറാം, സുരേഷ്ഗോപി, മുകേഷ്, സായ്കുമാർ, രഞ്ജിനി, ബഹദൂർ തുടങ്ങിയ വലിയ ഒരു താരനിര തന്നെയാണ് അതിൽ അഭിനയിച്ചിട്ടുള്ളത്.
ബഹദൂറിക്കയ്ക്ക് ഷൂട്ടിങ് ഇല്ലാത്ത ഒരു ദിവസം പകൽ ഞാൻ അദ്ദേഹം താമസിക്കുന്ന മുറിയിൽ ചെന്നു. കക്ഷി ചെറിയ ഒരു മയക്കത്തിന്റെ ആലസ്യത്തിലായിരുന്നെങ്കിലും എന്നെ കണ്ടതും എഴുന്നേറ്റ് സന്തോഷത്തോടെ പറഞ്ഞു.
‘ങാ വാ മോനേ’, അകത്തേക്ക് കേറിവാ’ അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ട നാൾ മുതൽ എന്നെ മോനേ എന്നാണ് വിളിച്ചിരുന്നത്. പ്രായം കൊണ്ടും പക്വത കൊണ്ടും മുതിർന്ന ആളായതുകൊണ്ടുള്ള അദ്ദേഹത്തിന്റെ സ്നേഹവിളിയായിട്ടാണ് എനിക്കു തോന്നിയത്. ഞങ്ങൾ ഓരോ കുശലങ്ങൾ പറഞ്ഞു കൊണ്ടിരുന്നതിനിടയിൽ എങ്ങനെയാണ് അദ്ദേഹത്തിന്റെ പഴ്സനൽ കാര്യങ്ങളും സ്ഥായിയായ ദുഃഖഭാരത്തെക്കുറിച്ചും പെട്ടെന്നു കയറി ചോദിക്കുന്നത്? എന്നാലും ഞാൻ പതുക്കെ അന്നത്തെ സിനിമയിലെ സ്നേഹബന്ധങ്ങളെക്കുറിച്ചും ബഹദൂറിക്ക സഹായിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചും അവരുടെ സ്നേഹ നിരാസത്തെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോൾ അദ്ദേഹത്തിൽനിന്ന് ഓരോരുത്തരുടെയും നന്ദികേടിന്റെയും വിശ്വാസവഞ്ചനയുടെയും ചതികളുടെയുമൊക്കെ കഥകൾ പുറത്തേക്കു വരുമെന്നു കരുതിയെങ്കിലും ബുദ്ധിപൂർവം ഒരു തത്ത്വജ്ഞാനിയുടെ വേഷമെടുത്തണിഞ്ഞുകൊണ്ട് ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം ഇങ്ങനെയാണ് ഉരുവിട്ടത്:
‘‘എന്തിനാണ് മോനേ നമ്മുടെ വാക്കുകൾ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്നത്. അതൊന്നും വേണ്ട. എന്നാലും ഞാൻ ഒന്നു പറയാം. ചില സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം കാക്കയെപ്പോലെയാണ്, കാര്യം കഴിഞ്ഞാൽ കല്ലെടുക്കുംമുമ്പേ പറന്നു പോകും. ഇന്ന് എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് പണത്തിന്റെ ബലത്തിലാണ്. കയ്യിൽ ചില്ലറയുണ്ടെന്നറിഞ്ഞാൽ കല്ലറ കൂടി വായ് തുറന്നു സംസാരിക്കുന്ന കാലമാണ്. വാർധക്യത്തോടു കൂടി വന്നുകയറിയ രോഗങ്ങളുമായി ഞാനിരിക്കുമ്പോൾ ഇതിൽ കൂടുതലൊന്നും പറയുന്നതു ശരിയല്ല" എന്ന് പറഞ്ഞ് അദ്ദേഹം നിമിഷനേരം ഓർമയിൽ ലയിച്ചിരുന്നു.
ആരെയും നോവിക്കാതെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ആ വലിയ വ്യക്തിത്വത്തിന്റെ മുൻപിൽ നിമിഷനേരം ഞാൻ സ്തബ്ധനായി ഇരുന്നു പോയി. അപ്പോൾ ആ നിമിഷത്തിൽ തന്നെ അദ്ദേഹത്തെക്കുറിച്ച് ഞാൻ എന്റെ മനസ്സിൽ ഇങ്ങനെയാണ് കുറിച്ചിട്ടത്.
സിനിമയിൽ നന്നായിട്ടഭിനയിക്കാനറിയാമെങ്കിലും ജീവിതത്തിൽ അഭിനയിക്കാത്ത ഒരു വലിയ വ്യക്തിത്വത്തിന്റെ ഉടമ.
(തുടരും...)