43 ദിവസം, 570 പേരടങ്ങുന്ന ടീം; ജയസൂര്യയുടെ ‘കത്തനാർ’ ആദ്യ ഷെഡ്യൂള് പൂർത്തിയായി
Mail This Article
ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരു’ടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി സംവിധായകൻ റോജിൻ തോമസ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ 570 പേരുടെ അക്ഷീണ പരിശ്രമത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് റോജിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച കടമറ്റത്ത് കത്തനാരുടെ കഥ ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ആവിഷ്കരിക്കുന്ന സിനിമയാണ് 'കത്തനാർ - ദ് വൈൽഡ് സോഴ്‌സറർ'. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാതാവ്.
‘‘നാൽപത്തിമൂന്ന് ദിവസത്തെ കഠിന പ്രയത്നങ്ങൾക്കു ശേഷം ‘കത്തനാർ - ദ് വൈൽഡ് സോഴ്‌സറർ' ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. വിവിധ വകുപ്പുകളിൽ നിന്നുള്ള 570 വ്യക്തികളുടെ ആത്മസമർപ്പണത്തോടെയുള്ള അക്ഷീണ പ്രയത്നമാണ് ഈ സിനിമയുടെ പിന്നിലുള്ളത്. അവരുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഞാൻ നന്ദി പറയുന്നു. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ഈ മാസ്മരിക ചിത്രം പൂർത്തിയാക്കുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന അടുത്ത ഷെഡ്യൂളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നാമ്പുറ കാഴ്ചകൾക്കും ആവേശകരമായ അപ്‌ഡേറ്റുകൾക്കുമായി എല്ലാവരും കാത്തിരിക്കുക. അവിശ്വസനീയമായ ഈ യാത്രയുടെ ഭാഗമായതിന് എല്ലാവർക്കും നന്ദി. ഞങ്ങളുടെ നിർമാതാവായ ഗോകുലം ഗോപാലൻ സാറിനോട് വളരെയധികം നന്ദിയുണ്ട്. ഈ സ്വപ്നപദ്ധതിയിൽ അദ്ദേഹം അർപ്പിക്കുന്ന വിശ്വാസം ചെറുതല്ല. ഞങ്ങളിൽ വിശ്വസിച്ചതിനും ഈ യാത്ര സാധ്യമാക്കിയതിനും ഒരുപാട് നന്ദി.’’ റോജിൻ തോമസ് കുറിച്ചു.
ചിത്രീകരണം തുടങ്ങിയപ്പോൾത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കത്തനാർ. 36 ഏക്കറിൽ നാൽപത്തയ്യായിരം ചതുരശ്ര അടി വിസ്തീർണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് -തെലുങ്കു സിനിമകളിലൂടെ ശ്രദ്ധേയനാ മലയാളി രാജീവൻ ആണ് സെറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോറാണിത്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞും ഇവിടെ ഒന്നിലധികം ചിത്രങ്ങൾ ഒരേ സമയം ചിത്രീകരിക്കാനാവശ്യമായ ഫ്ലോറുകളും ആർട്ടിസ്റ്റുകൾക്കും ടെക്‌നിഷ്യമാർക്കും താമസിക്കാനുള്ള സൗകര്യവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
കടമറ്റത്തു കത്തനാരായി മാറാൻ കഴിഞ്ഞ രണ്ടു വർഷത്തെ തയാറെടുപ്പാണ് ജയസൂര്യ നടത്തിയത്. ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വിഎഫ്എക്സ് ആൻഡ് വെർച്ച്വൽ പ്രൊഡക്‌ഷൻസ് ഉപയോഗിച്ചാണ് ഈ ത്രീഡി ദൃശ്യ വിസ്മയം ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് ഇതെന്നും 200 ദിവസത്തെ ചിത്രീകരണമാണ് വേണ്ടി വരുന്നതെന്നും സംവിധായകൻ റോജിൻ തോമസ് പറഞ്ഞിരുന്നു.
Engish Summary: Kathanar team completed the first schedule of the film's shoot