മാളികപ്പുറത്തെ പരിഗണിക്കേണ്ട എന്നായിരിക്കാം ജൂറിക്കു കൊടുത്ത നിർദേശം: വിജി തമ്പി

Mail This Article
സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ വീതം വച്ചു നൽകുന്ന സാഹചര്യമാണ് ഇപ്പോഴുളളതെന്ന് സംവിധായകനും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. മാളികപ്പുറം എന്ന സിനിമ ചിലപ്പോൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടാകുമെന്നും അതിന്റെ കാരണം ഏവർക്കം അറിയാവുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
‘‘കേരള സംസ്ഥാന അവാർഡ് വീതം വച്ചു നൽകുന്ന അവസ്ഥയാണ്. അവാർഡുകളുടെ വില നഷ്ടപ്പെട്ടുപോയി. കഴിവുകൾക്കാണ് അംഗീകാരം നൽകേണ്ടത്. കുറേ വർഷങ്ങളായി ഇങ്ങനെയല്ല സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അവാർഡുകൾ നൽകുന്നത്.
ദേശീയ അവാർഡിന് കഴിഞ്ഞ വർഷം ഞാൻ ജൂറി അംഗങ്ങളിൽ ഒരാളായിരുന്നു. അവിടെ ഒരു റെക്കമന്റേഷനും ഇല്ലായിരുന്നു. കഴിവുകൾക്കു മാത്രമാണ് അവാർഡ് നൽകിയത്. ഇവിടെ അങ്ങനയെയല്ല, നേരത്തെ തന്നെ ലിസ്റ്റ് കൊടുക്കുകയാണ്. ആര്‍ക്കൊക്കെ അവാർഡ് കൊടുക്കണം, ആ രീതിയാണ് കുറേക്കാലമായി നടക്കുന്നത്. മാളികപ്പുറം എന്ന ചിത്രം ഒഴിവാക്കപ്പെട്ടേക്കാം. അതെന്തുകൊണ്ടാണെന്ന് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. ആ ചിത്രത്തെ പരിഗണിക്കേണ്ട എന്നായിരുന്നു ജൂറിക്കു കൊടുത്ത നിർദേശം. ആ ജൂറിയെ വയ്ക്കുന്നത് ആരാണ്, സർക്കാരാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു നിർദേശം കിട്ടിയാൽ അത് അവർ സ്വീകരിച്ചിട്ടുണ്ടാകാം.
ജൂറിയെ ഞാൻ കുറ്റം പറയില്ല. ആ നിർദേശം കൊടുത്ത സർക്കാരിന്റെ ഭാഗത്തുനിന്നാണ് തെറ്റുണ്ടായത്. അങ്ങനെയാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വില നഷ്ടപ്പെടുന്നത്. പുല്ലുവിലയായിട്ടാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനെ ജനങ്ങൾ കാണുന്നത്.’’–വിജി തമ്പി പറഞ്ഞു.