സിനിമാ പ്രമോഷനും പാർട്ടി കൊടിയുമായി ഭീമൻ രഘു
Mail This Article
കടുത്ത ഇടതുപക്ഷ അനുഭാവിയായി മാറിയിരിക്കുകയാണ് നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചും ഭീമൻ രഘു വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ, തന്റെ തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷൻ പരിപാടിക്കും പാർട്ടി കൊടിയുമായി എത്തിയ രഘുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘‘മുഖ്യമന്ത്രി എന്ന നിലയിൽ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റതാണ്. പുറകിൽ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാൻ എഴുന്നേറ്റുനിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്കാരമാണ് ഞാൻ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കു വില കൽപിക്കുന്നില്ല. പിണറായി വിജയൻ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാൻ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്കാരത്തിൽനിന്നു പഠിച്ചതാണ്.
പല രാജ്യങ്ങളിൽ നിന്നു പോലും എന്നെ വിളിച്ചു. അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ്. എനിക്ക് അതിൽ ഒരു വിരോധവുമില്ല. അത് അവരുടെ സംസ്കാരം. എനിക്ക് സ്ഥാനാർഥി ആകണമെന്ന് ആഗ്രഹമൊന്നുമില്ല. പക്ഷേ പാർട്ടി പറഞ്ഞാല്‍ ഞാൻ നിൽക്കും.
ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നേതാവ് പോലും ഫോണ്‍ എടുക്കാറില്ല. ഓഫിസിൽ പോയാലും ആരെയും കാണാറില്ല. പല സ്ഥലത്തും എന്നെ ഒഴിവാക്കിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മാനസികമായുള്ള വെറുപ്പ് കൂടി വന്നു. ബിജെപിയിൽ ആയിരുന്ന സമയത്തും മുഖ്യമന്ത്രിയെക്കുറിച്ച് ഞാൻ സംസാരിക്കാറുണ്ടായിരുന്നു. കോളജിൽ ഇടതുപക്ഷ ചായ്‌വ് എനിക്കുണ്ടായിരുന്നു. അതിനുശേഷം രാഷ്ട്രീയത്തിലേക്കൊന്നും ഇറങ്ങിയില്ല, അപ്രതീക്ഷിതമായാണ് ബിജെപിയിൽ എത്തുന്നത്. അവിടെയും മനോഹരമായി പ്രവർത്തിച്ചുവെന്ന് ഉറപ്പുപറയാൻ പറ്റും. കേരള ബിജെപിയിലാണ് പ്രശ്നം. ഒരു കോക്കസ് വച്ച് കളിക്കുകയാണ്. പുതുപ്പള്ളി ഇലക്‌ഷനിൽ െകട്ടിവച്ച കാശ് കിട്ടിയോ?
അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ല. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ േവഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ.’’–ഭീമൻ രഘു പറയുന്നു.