സ്നേഹമാണ് വലിയ മരുന്നെന്ന് മനസിലാക്കി: എലിസബത്തിന് നന്ദി പറഞ്ഞ് ബാല
Mail This Article
ലോക നഴ്സ് ദിനത്തിൽ നഴ്സുമാരെയും ഭാര്യ എലിസബത്തിനെയും അഭിനന്ദിച്ച് നടൻ ബാല. അമൃത ആശുപത്രിയിൽ നടന്ന നഴ്‌സസ് ദിന ആഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാല. കരൾരോഗം ബാധിച്ച് മരണാസന്നനായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകൊണ്ടുവന്നത് ഡോക്ടർമാരും നഴ്‌സ്മാരും ഭാര്യ എലിസബത്തും ചേർന്നായിരുന്നു എന്ന് ബാല പറയുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ബാല കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. സ്നേഹമാണ് ഏറ്റവും വലിയ മരുന്ന് എന്ന് താൻ മനസ്സിലാക്കിയെന്നും തന്നെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന ആരോഗ്യപ്രവർത്തകരോട് നന്ദിയുണ്ടെന്നും ബാല പറഞ്ഞു.
‘‘ഞാൻ 19ാമത്തെ വയസ്സിൽ മരിക്കേണ്ടതായിരുന്നു. എട്ടുപ്രാവശ്യം മരണത്തോളം എത്തിയവനാണ്. ഇത് എട്ടാം തവണയാണ്. ഇത്തവണ ഒരു ദിവസം ഞാൻ രാജേഷിനോടു പറഞ്ഞു എന്റെ ഗസ്റ്റ് ഹൗസിലെ വാതിൽ അടച്ച് കുറ്റിയിടൂ എന്ന്, കാരണം മരണം കടന്നുവരുന്നത് എനിക്ക് അനുഭവപെട്ടു. പിന്നീട് എല്ലാവരും വന്നു ഡോർ തട്ടി വിളിച്ചു അപ്പോൾ ഞാൻ എല്ലാവരെയും വഴക്കു പറഞ്ഞു വിട്ടു. ഒരുദിവസം ഞാൻ കൊക്കോകോള വാങ്ങി കുടിച്ചു അപ്പോൾ മുഴുവൻ ഛർദിച്ചു. ഛർദിച്ചത് രക്തവും, ഞാൻ അറ്റെൻഡറോട് പറഞ്ഞു നോക്കു മുഴുവൻ രക്തമാണ് പോയി നഴ്സിനെ കൂട്ടികൊണ്ടു വരൂ. രാത്രി ഒരുമണിക്ക് ആണ്.
നഴ്സ് ഓടി വന്നു. ഞാൻ ഛർദിച്ചതു കണ്ടു നഴ്സ് ഞെട്ടിപ്പോയി. അതാണ് സ്നേഹം എന്ന് പറയുന്നത്. എന്റെ ശരീരം കണ്ടിട്ട് ഡോക്ടറിന് ഇപ്പോഴും മനസ്സിലാകുന്നില്ല ഇത് എന്ത് തരം ശരീരമാണെന്ന്. പലപ്പോഴും ഞാൻ മനസ്സുകൊണ്ട് തളർന്നുപോയിരുന്നു. പിന്നെയും പിന്നെയും ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എങ്ങനെയെന്ന് എനിക്കറിയില്ല. എല്ലാം മെഡിക്കൽ സയൻസ് കാരണമാണ്. ഞാൻ മരിച്ചാൽ കൂടെ മരിക്കാൻ തമിഴ്‌നാട്ടിൽ പെട്രോളുമായി കുറെ പേര് തയാറായിരുന്നു എന്ന് അറിഞ്ഞു.
എന്നെ സംബന്ധിച്ച് ഏറ്റവും വലിയ മരുന്ന് സ്നേഹമാണ്. ഈ സമയത്ത് എല്ലാ ഡോക്ടർമാർക്കും നഴ്‌സ്മാർക്കും എല്ലാത്തിനും മുകളിൽ എന്റെ ഭാര്യ എലിസബത്തിനും നന്ദി പറയുന്നു. ജീവിതത്തിൽ ഒറ്റപ്പെടൽ ഭയങ്കര കഷ്ടമാണ്. കൊറോണ സമയത്ത് ഒരാൾ ഒരു വിഡിയോ ഇടുകയാണ്. നഴ്സ് എന്ന് പറഞ്ഞാൽ എന്താണ് എന്ന്. നഴ്സിനെപ്പറ്റി വളരെ മോശമായി അയാൾ സംസാരിച്ചു. പക്ഷേ നേഴ്സ് എന്ന് പറഞ്ഞാൽ എനിക്ക് ദൈവമാണ്. ഞാൻ ഒരു ജീവിതത്തിൽ നിയമവുമില്ലാതെ ജീവിച്ച ഒരാളാണ്. മനസ്സാക്ഷി ഉണ്ടെന്നുളളതാണ് എന്റെ ഒരേ ഒരു ഗുണം അത് മാത്രവുമല്ല ദൈവത്തോട് കടപ്പെട്ടവനുമാണ് ഞാൻ. നിങ്ങളുടെ പ്രഫഷനിൽ അത് മാത്രം നിങ്ങൾ ചിന്തിച്ചാൽ മതി. എല്ലാവരും ദൈവത്തോട് കടപ്പാടുള്ളവർ ആയിരിക്കുക. " ബാല പറയുന്നു.