ADVERTISEMENT

ലോകത്തിന്റെ വൈവിധ്യക്കാഴ്ചകളുമായി ശനിയാഴ്ച രാജ്യാന്തരമേളയിൽ പ്രദർശിപ്പിക്കുന്നത് 66 ചിത്രങ്ങൾ. ആറ് രാജ്യങ്ങളിൽ നിന്നുള്ള  ഓസ്കർ എൻട്രികളും ഒൻപതു മലയാളസിനിമകളും ഉൾപ്പടെയാണ് ചിത്രങ്ങളുടെ പ്രദർശനം.

ഓസ്കർ എൻട്രി നേടിയ പോളിഷ് ചിത്രം ദ് പെസന്റ്സ്, ബെൽജിയം സംവിധായകൻ ബലോജിയുടെ ഒമെൻ, അകി കരിസ്മാകി സംവിധാനം ചെയ്ത ഫോളെൻ ലീവ്സ്, ഇൽഗർ കറ്റകിന്റെ ദി ടീച്ചേർസ് ലോഞ്ച്, വിഖ്യാത തുർക്കിഷ് സംവിധായകൻ നൂറി ബിൽജെ സെയിലാൻ്റെ എബൗട്ട്‌ ഡ്രൈ ഗ്രാസ്സസ്, മരിയ കവ്തരാദ്സേയുടെ സ്ലോ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനം ശനിയാഴ്ചയുണ്ടാകും. വൃദ്ധനെ വിവാഹം ചെയ്യേണ്ടിവന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ അനിമേഷൻ ചിത്രമാണ് ദ് പെസന്റ്സ്‌. ശ്രീ പത്മനാഭയിൽ രാത്രി 8.15  നാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം .

കാൻ ചലച്ചിത്രമേളയിൽ പാം ദിഓർ പുരസ്‌കാരത്തിന് അർഹമായ ജസ്റ്റിൻ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാൾ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള  28 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ  പ്രദർശിപ്പിക്കുന്നത്. ശ്രീലങ്കൻ ചലച്ചിത്ര നിർമ്മാതാവ് പ്രസന്ന വിതനഗെയുടെ ചിത്രം പാരഡൈസ് ഈ വിഭാഗത്തിലെ ഏക ഇന്ത്യൻ ചിത്രമാണ്. ലൂണ കാർമൂൺ സംവിധാനം ചെയ്ത ഹോർഡ്‌, ജീ വൂൺ കിം സംവിധായകനായ കൊറിയൻ ചിത്രം കോബ്‌ വെബ്, നവിദ് മഹമൂദി ഒരുക്കിയ അഫ്​ഗാൻ ചിത്രം ദി ലാസ്റ്റ് ബർത്ത്ഡേ, ഉക്രൈൻ ചിത്രം സ്റ്റെപ്നേ, ബ്രൂണോ കാർബോണിയു‌ടെ ദി ആക്സിഡന്റ്, കൊറിയൻ ചിത്രം സ്ലീപ്പ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തിൽ സ്ക്രീനിലെത്തും.

            

അതിജീവനം, പ്രണയം തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചലച്ചിത്രങ്ങൾ രാജ്യാന്തര മത്സരയിനത്തിൽ പ്ര‍ദർശിപ്പിക്കും. സ്പാനിഷ്, പോ‍ർച്ചു​ഗീസ്, കസാക്കിസ്ഥാൻ എന്നീ രാജ്യാന്തര സിനിമകൾക്കൊപ്പം ഇന്ത്യൻ സിനിമകളും മത്സരയിനത്തിന്റെ ഭാ​ഗമാവും. എഡ്ഗാർഡോ ഡയ്ലെക്കും ഡാനിയൽ കാസബെയും സംവിധാനം ചെയ്ത  സതേൺ സ്റ്റോം, ലൈല ഹാലയുടെ പോർച്ചു​ഗീസ് ചിത്രം പവ‍ർ ആലി, മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോവുന്ന കസാക്കിസ്ഥാൻ യുവാവിന്റെ സംഭവബഹുലമായ കഥയ പറയുന്ന ദി സ്നോ സ്റ്റോം, ഡിയാഗോ ഡെൽ റിയോയുടെ ഓൾ ദി സയലൻസ്, പ്രണയവും ലൈം​ഗികതയും ചർച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആ​ഗ്ര എന്നിവയ്ക്കൊപ്പം അൻപതു വയസ്സുകാരിയായ അങ്കണവാടി ടീച്ചർ ഗീതയുടെ ജീവിതം പറയുന്ന ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച തടവ്, ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്നീ മലയാള ചിത്രങ്ങളും ഇന്ന്  അന്താരാഷ്ട്ര മത്സരയിനത്തിൽ പ്രദർശിപ്പിക്കും.

2015 ഐഎഫ്എഫ്കെയിൽ  ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ എ മൈനർ  ഹോമേജ് വിഭാഗത്തിലും അധിനിവേശ വിരുദ്ധ പാക്കേജിൽ വിഖ്യാത നടൻ ചാർലി ചാപ്ലിന്റെ ദി ഗ്രേറ്റ് ഡിക്ടേറ്റർ, വനിതാ സംവിധായകരുടെ വിഭാഗത്തിൽ മലയാളിയായ നതാലിയ ശ്യാമിന്റെ ഫൂട്പ്രിന്റ്സ് ഓൺ വാട്ടർ, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ  തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകർക്ക് വിരുന്നൊരുക്കും.

English Summary:

IFFK Saturday Cinemas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com