ജോമോന്റെ കല്യാണം കൂടാൻ വയ്യാത്ത കാലുമായി ആസിഫ് അലി
Mail This Article
ഫൈറ്റ് പരിശീലനത്തിനിടെ മുട്ടുകാലിനു ഗുരുതരമായി പരുക്കേറ്റ നടൻ ആസിഫ് അലി ഒരു മാസമായി പൂർണ വിശ്രമത്തിലാണ്. ഈ വേളയിൽ പൊതുവേദികളിലൊന്നും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ ജോമോൻ ടി. ജോണിന്റെ വിവാഹത്തിന് വയ്യാത്ത കാലുമായി എത്തിയ ആസിഫ് അലിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
ക്രച്ചസിന്റെ സഹായത്തോടെയാണ് ആസിഫ് വിവാഹത്തിനെത്തിയത്. കാലിന് വയ്യെങ്കിലും ആ വിഷമതകളൊന്നും താരത്തിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. ചടങ്ങിൽ ഏറ്റവുമധികം ആഘോഷിച്ചു കണ്ടതും ആസിഫിനെ തന്നെയായിരുന്നു.
ഗണപതി, ഷമീർ മുഹമ്മദ്, വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധിപ്പേർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെയാണ് ആസിഫിനു പരുക്കേൽക്കുന്നത്. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി. എസ്. സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പരിശീലത്തിനിടെ താരത്തിന്റെ മുട്ടുകാലിനാണ് പരുക്കേറ്റത്. അഞ്ച് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം. ആക്‌ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.